തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീസൗഹൃദമാകണം -എ. റഹ്മത്തുന്നിസ ടീച്ചർ
text_fieldsമനാമ: തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ത്രീസൗഹൃദമാകണമെന്ന് പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ദ വിമൻ എജുക്കേഷൻ ആൻഡ് എംപവർമെന്റ് ട്രസ്റ്റ് (ട്വീറ്റ്) ചെയർപേഴ്സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ പറഞ്ഞു. ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’എന്ന വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അവർ ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.
സ്ത്രീകൾ ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീസൗഹൃദ സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ അവരുടെ ശാക്തീകരണം സാധ്യമാകൂ. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം നിർത്തേണ്ടി വരുന്ന പെൺകുട്ടികളുണ്ട് എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുക. പൊലീസ് സേന ഉൾപ്പെടെ എല്ലാ സർക്കാർ സേവന മേഖലകളും സ്ത്രീകൾക്ക് പിന്തുണ നൽകുന്നതാകണം. 1961ൽ നിരോധിച്ച സ്ത്രീധനം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നത് ഖേദകരമാണ്. സ്ത്രീ ഇപ്പോഴും രണ്ടാംകിട പൗരയായാണ് ഇന്ത്യയിൽ പരിഗണിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ഫലമായി അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ദുരിതങ്ങൾ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കാണാൻ കഴിയും.
വിദ്യാഭ്യാസത്തിന് അവസരവും സൗകര്യവും ലഭിക്കാത്തതാണ് സ്ത്രീകളെ അടിച്ചമർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇതോടൊപ്പം മറ്റൊരുതരത്തിലുള്ള മാറ്റം വിദ്യാസമ്പന്നരായ സ്ത്രീകൾക്കിടയിൽ സംഭവിക്കുന്നുണ്ട്. തന്റെ മാതാവ് അനുവദിച്ചത് തനിക്ക് നേരിടേണ്ടി വരരുത് എന്ന് ചിന്തിക്കുന്ന സ്ത്രീ കുടുംബത്തിനും മതത്തിനും സമൂഹത്തിനും എതിരായി മാറുന്നു. ഈ രണ്ട് സാഹചര്യങ്ങളിലും സ്ത്രീകൾക്ക് അവരുടെ ഇടം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
സ്ത്രീയെ സ്ത്രീയായി അംഗീകരിക്കുന്ന ഒരു സാഹചര്യമാണ് സമൂഹത്തിൽ സംജാതമാകേണ്ടത്. സർക്കാറുകളും മത, സാമൂഹിക സംഘടനകളും ഇതിന് നേതൃത്വം വഹിക്കണം. മതത്തിൽ ഇല്ലാത്ത കാര്യങ്ങൾ മതത്തിന്റെ പേരിൽ അടിച്ചേൽപിക്കുന്നത് സ്ത്രീകളുടെ മുന്നോട്ടുവരവിനെ തടയുന്നതാണ്. സമൂഹം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുന്നതിന് എല്ലാ രംഗങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങൾ ഉണ്ടാകണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.