ലോകകപ്പ് ട്രോഫി ബഹ്റൈനിലെത്തും; ആഗസ്റ്റ് 12ന് വമ്പൻ റോഡ് ഷോ
text_fieldsമനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023 ന്റെ ഭാഗമായി എത്തുന്ന ലോകകപ്പ് ട്രോഫിക്ക് ബഹ്‌റൈനിൽ വമ്പൻ സ്വീകരണമൊരുക്കും. ലോകോത്തരപ്രതിഭകളുടെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയുടെ പ്രദർശനം ആഗസ്റ്റ് 12,13 തിയതികളിൽ ബഹ്റൈനിൽ നടക്കുന്നതെന്ന് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
12 ന് വൈകുന്നേരം നാലിന് ജുഫൈറിലെ അൽനജ്മ ക്ലബ്ബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബെയിലൂടെ കടന്നുപോകും. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലാണ് റോഡ് ഷോ സമാപിക്കുക. ബൈക്കുകളുടേയും ആരാധകരുടെ കാറുകളുടേയും അകമ്പടിയോടെ ക്രിക്കറ്റ് താരങ്ങൾ റോഡ് ഷോയിലണിനിരക്കും.
വൈകുന്നേരം ഏഴിന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ്പ് പൂർത്തിയാക്കും. ബഹ്റൈന്റെ ലാൻഡ്മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സാഖിർ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
13 ന് ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടേയും ലാൻഡ് മാർക്കുകളുടേയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും. സാമൂഹിക മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾ ആ ദംശ്യങ്ങൾ ആസ്വദിക്കും. 75 ദശലക്ഷം പേർ ലോകകപ്പ് ട്രോഫി ടൂർ വീക്ഷിക്കുന്നുണ്ടെന്നാണ് ഐ.സി.സിയുടെ കണക്ക്.
ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ. ന്യൂസിലാന്റ്, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനി, യു.എസ്.എ, വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈറ്റ്, ബഹ്റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ 20-ലധികം നഗരങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും. ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലാണ് പ്രദർശനമൊരുക്കുന്നത്. അതതിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകളും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) സംഘടിപ്പിച്ചിട്ടുണ്ട്.
ക്രിക്കറ്റ് വികസന പരിപാടികൾക്ക് പിന്തുണ തേടും. ലോകകപ്പിനു മുമ്പായി ലോകമെങ്ങും ക്രിക്കറ്റ് ആവേശം എത്തിക്കുകയാണ് ഐ.സി.സിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്ന് ആരംഭിച്ച പര്യടനം സെപ്തംബർ നാലിന് ആതിഥേയ രാജ്യത്തേക്ക് മടങ്ങിയെത്തും.
ഇന്ത്യ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ആഗസ്റ്റ് 12 ട്രോഫി ബഹ്റൈനിൽ എത്തുക. ബഹ്റൈനിൽനിന്ന് വീണ്ടും ഇന്ത്യയിലേക്കാണ് പ്രയാണം. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന്ശേഷം സെപ്റ്റംബർ നാലിന് ട്രോഫ് പ്രയാണം വീണ്ടും ഇന്ത്യയിൽ തിരികെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.