ഇന്ന് ലോക മത്സ്യബന്ധന ദിനം; പ്രതീക്ഷയുടെ വള്ളത്തിൽ മത്സ്യത്തൊഴിലാളികൾ
text_fieldsമനാമ: ലോകമെമ്പാടും നവംബർ 21ന് മത്സ്യബന്ധനദിനം ആചരിക്കുമ്പോൾ ജീവിത പ്രതീക്ഷയുടെ പ്രകാശമൂറുന്ന കണ്ണുകളുമായി കടലിലാണ് ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ. നാട്ടിലേതിനേക്കാൾ താരതമ്യേന സുരക്ഷിതമായ കടലും മത്സ്യബന്ധന സാഹചര്യവുമാണ് പവിഴദ്വീപിലേക്ക് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആകർഷിക്കുന്നത്.
മത്സ്യ ലഭ്യത കുറയുന്നതും മികച്ച വില ലഭിക്കാത്തതും പ്രശ്നമാണെങ്കിലും താരതമ്യേന മെച്ചപ്പെട്ട തൊഴിൽ സാഹചര്യം നൽകുന്ന സംതൃപ്തി തങ്ങൾക്കുണ്ടെന്ന് മുഹറഖ് ഹാർബറിലെ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇതരരാജ്യങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളുടെ പിന്നാലെ പോകാതെ ബഹ്റൈനിന്റെ ശുദ്ധമായ കടലിൽനിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ ഉപയോഗിക്കാനാണ് ലോക മത്സ്യബന്ധന ദിനത്തിൽ അവർക്ക് പറയാനുള്ളത്.
മുഹറഖ് തീരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് തൊഴിലാളികളെക്കുറിച്ച് രണ്ടുവർഷമായി വിവരമൊന്നും ലഭിക്കാത്തതിന്റെ ദുഃഖം അവർ പ്രകടിപ്പിക്കുന്നു. 2022 ഒക്ടോബർ 17നാണ് കന്യാകുമാരി കൽക്കുളം താലൂക്കിലെ കടിയപ്പട്ടണം നിവാസികളായ സഹായ സെൽസോ (35), ആന്റണി വിൻസെന്റ് ജോർജ് (37) എന്നിവർ മുഹറഖിലെ ഫിഷിങ് ഹാർബറിൽനിന്ന് മീൻപിടിക്കാൻ ചെറിയ ബോട്ടിൽ പുറപ്പെട്ടത്. സാധാരണ രണ്ടുമൂന്നു ദിവസത്തിനകം മത്സ്യവുമായി ഇവർ മടങ്ങി എത്തേണ്ടതായിരുന്നു.
ബഹ്റൈൻ തീര സംരക്ഷണസേനയും പൊലീസും പുറം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടർന്ന് സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല ഭാരവാഹിയുമായ ഷാജി പൊഴിയൂരിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. എംബസി, സർക്കാർ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല.
ഇവരുടെ കുടുംബത്തിന്റെ ദുരിതം വ്യക്തമാക്കി ‘ഗൾഫ് മാധ്യമം’ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇവരെക്കുറിച്ച് അന്വേഷിക്കണമെന്നും കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കന്യാകുമാരിയിൽ മത്സ്യത്തൊഴിലാളികളുടെ ഒത്തുചേരൽ ഇന്നു നടക്കുമെന്ന് ഷാജി പൊഴിയൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.