ലോക കേരളസഭ: പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ബഹ്റൈൻ പ്രതിനിധികൾ
text_fieldsമനാമ: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബഹ്റൈനിൽനിന്നുള്ള പ്രതിനിധികൾ. എട്ട് അംഗങ്ങളും മൂന്ന് ക്ഷണിതാക്കളും ഉൾപ്പെടെ 11 പേരെയാണ് ബഹ്റൈനിൽനിന്ന് ലോക കേരളസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഇതിൽ എട്ടുപേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പ്രവാസി വിദ്യാർഥികൾക്കായി കമ്യൂണിറ്റി സ്കൂൾ തുടങ്ങുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശന വേളയിൽ ഉയർന്ന നിർദേശം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് തുടർ നടപടിയുണ്ടാകണം.
ലോക കേരളസഭയിൽ എടുക്കുന്ന തീരുമാനങ്ങളിൽ തുടർ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ആർ.കെ യൂനിവേഴ്സിറ്റി സ്ഥാപിക്കാനും സർക്കാർ മുൻകൈയെടുക്കണം. വിവിധ വിഷയങ്ങളിൽ പ്രവാസികൾക്കായി വിദേശ രാജ്യങ്ങളിൽത്തന്നെ അദാലത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ, പൊലീസ് തുടങ്ങിയ വകുപ്പുകളിൽനിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കണം. സ്റ്റാർട്ട് മിഷൻ പ്രതിനിധികൾ വിദേശങ്ങളിൽചെന്ന് സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. സംഗീതനാടക അക്കാദമിയുടെ പ്രവർത്തനം വിദേശങ്ങളിലേക്കും വ്യാപിപ്പിക്കണം. പ്രവാസികളുടെ പുനരധിവാസ നയത്തിൽ സമൂലമായ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാൾ വിദേശത്ത് ജോലിയിൽ പ്രവേശിക്കുമ്പോൾ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് അവർക്ക് അവബോധം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തുന്നവരുടെ പാസ്പോർട്ട് ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രവാസി കമീഷൻ അംഗം കൂടിയായ സുബൈർ കണ്ണൂർ ചർച്ചയിൽ ആവശ്യപ്പെട്ടു.
നിലവിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ സന്ദർശക വിസയിൽവന്ന് ജോലി അന്വേഷിക്കുന്ന നിരവധി പേർ പ്രയാസത്തിലാകുന്നുണ്ട്. ബഹ്റൈനിൽ പുതിയ ജോലിയിൽ പ്രവേശിക്കണമെങ്കിൽ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി വേണം. നിശ്ചിത കാലാവധി ഇല്ലാത്തവർക്ക് പാസ്പോർട്ട് പുതുക്കണമെങ്കിൽ നാട്ടിൽ പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
സന്ദർശക വിസയിൽ വരുന്നവർ പാസ്പോർട്ടിന് ചുരുങ്ങിയത് ഒരുവർഷത്തെയെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്താൻ നാട്ടിൽത്തന്നെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകുക, 60 വയസ്സ് കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകുക, മലയാള പാഠശാലയുടെ ഭാഗമായി പത്താം ക്ലാസ് പരീക്ഷ നടത്താൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ ഉന്നയിച്ചു. പി.കെ. ഷാനവാസ്, ഫ്രാൻസിസ് കൈതാരത്ത്, സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഷാജി മൂതല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.