പ്രവാസികൾക്കായി സോഷ്യൽ ഇൻഷുറൻസ് വേണമെന്ന് ലോക കേരളസഭയിൽ ആവശ്യം
text_fieldsമനാമ: തിരിച്ചെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ മാന്യമായി ജീവിക്കാൻ കഴിയുന്ന രീതിയിൽ സോഷ്യൽ ഇൻഷുറൻസ് ആരംഭിക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയിൽ ആവശ്യമുയർന്നു. ആസ്റ്റർ ബഹ്റൈൻ എക്സിക്യൂട്ടിവ് ഡയറക്ടറും ആംകോൺ ജനറൽ മാനേജരുമായ പി.കെ. ഷാനവാസാണ് ഇക്കാര്യമുന്നയിച്ചത്.
ബഹ്റൈനിലെ ഗോസി മാതൃകയിൽ നാട്ടിൽ സോഷ്യൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയാൽ പ്രവാസികൾക്ക് പ്രയോജനം ചെയ്യും. മാസംതോറും നിശ്ചിത തുക പെൻഷനായി ലഭിക്കുന്ന രൂപത്തിൽ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ യൂനിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ നാട്ടിൽ ആരംഭിക്കണമെന്നാണ് അദ്ദേഹം ഉന്നയിച്ച മറ്റൊരാവശ്യം. മെഡിക്കൽ വിദ്യാഭ്യാസത്തിനും മറ്റുമായി പ്രതിവർഷം 50,000 കോടി രൂപ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് കണക്ക്. ഈ തുക നാട്ടിൽതന്നെ ഉപയോഗപ്പെടുത്താൻ സാധിക്കും. യൂനിവേഴ്സിറ്റികളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വിദേശ യൂനിവേഴ്സിറ്റികളിൽനിന്ന് പ്രഫസർമാരെ കൊണ്ടുവന്ന് ക്ലാസുകൾ എടുക്കാനും നടപടി വേണം.
ഗുരുതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സക്ക് മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവർക്ക് മികച്ച ചികിത്സ നാട്ടിൽ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.