ലോക ജലദിനം ആചരിച്ചു; സുസ്ഥിര വികസനത്തിന് ജലസ്രോതസ്സുകൾ സംരക്ഷിക്കുമെന്ന് മന്ത്രി
text_fieldsമനാമ: രാഷ്ട്രത്തിന്റെ സുസ്ഥിര വികസനത്തിന് ജലസ്രോതസ്സുകളെ സംരക്ഷിക്കണമെന്ന യു.എൻ മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യം പ്രാവർത്തികമാക്കുന്നതിൽ ബഹ്റൈൻ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്ന് സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി ആൽ ഖലീഫ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യുനൈറ്റഡ് നേഷൻസ് സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മാർഗനിർദേശങ്ങൾക്കനുസരിച്ച് ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക ജലദിനത്തോടനുബന്ധിച്ചാണ് യു.എൻ സുസ്ഥിര വികസനത്തിന് ജലം എന്ന ശീർഷകത്തിൽ മാർച്ച് 22 മുതൽ 24 വരെ ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ജലസംബന്ധമായ ലക്ഷ്യങ്ങൾ നേടിക്കൊണ്ട് വികസനം ത്വരിതപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ആഗോള മാനദണ്ഡങ്ങളനുസരിച്ച് മികച്ച നിലവാരമുള്ള ജലം വിതരണം ചെയ്യാൻ രാജ്യത്തിനായിട്ടുണ്ടെന്ന് തന്റെ പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
ശുദ്ധജലം, ശുചിത്വം എന്ന ലക്ഷ്യം ഗൾഫ് കോഓപറേഷൻ കൗൺസിലിൽ അംഗങ്ങളായ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. 2030 പരിപൂർണ ലക്ഷ്യം നേടാനായി ദേശീയ ജലനയം സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വിഭിന്ന അതോറിറ്റികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വിവിധ സാമ്പത്തിക മേഖലകൾക്ക് ആവശ്യമായ ജലത്തിന്റെ ലഭ്യത ഉറപ്പാക്കി വികസനം എന്ന അജണ്ടയെ സഹായിക്കാനും രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ജലം പാഴാകുന്നത് പരമാവധി കുറക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ ജല ഉപയോഗത്തിന്റെ കാര്യക്ഷമത 80 ശതമാനമായി വർധിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.