ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ ബഹ്റൈനിൽ
text_fieldsമനാമ: ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് ഇന്നുമുതൽ ബഹ്റൈനിൽ നടക്കും. ബഹ്റൈൻ നാഷനൽ തിയറ്ററിന് എതിർവശത്തുള്ള മൈതാനത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരങ്ങൾ. ഡിസംബർ 15 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ഇതാദ്യമായാണ് ബഹ്റൈൻ വേദിയാകുന്നത്.
മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീംകൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 114 രാജ്യങ്ങളിൽനിന്നായി ആയിരത്തോളം താരങ്ങൾ പങ്കെടുക്കും. ബഹ്റൈൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവന്റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബഹ്റൈൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് ഇഷാഖ് ഇബ്രാഹിം ഇഷാഖ് അറിയിച്ചു. എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ, ടിക്കറ്റ് വിതരണ സംവിധാനം നടപ്പാക്കും. മത്സരങ്ങൾ കാണാനും ഇവന്റ് സൈറ്റിലെ അനുബന്ധ പ്രവർത്തനങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന എല്ലാ ആരാധകർക്കും സൗജന്യ പ്രവേശനമാണ് നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കായികമേഖലയുടെ വളർച്ചക്ക് ഹമദ് രാജാവ് നൽകുന്ന പിന്തുണയാണ് പരിപാടിക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നതിലൂടെ തെളിയിക്കപ്പെടുന്നത്. വിഷൻ 2030ന് അനുസൃതമായി അന്താരാഷ്ട്ര കായിക വിനോദങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ബഹ്റൈൻ മാറിക്കൊണ്ടിരിക്കുകയാണ്.
ബഹ്റൈന്റെ കായിക, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ വൈവിധ്യവത്കരിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ശക്തമായ പിന്തുണയാണ് നൽകുന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന സീനിയർ അത്ലറ്റുകൾക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്പിക് തല കായിക ചാമ്പ്യൻഷിപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.