‘വൗ മോം’ ഇന്നുമുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ അഞ്ചുമുതൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വൗ മോം’ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിന് വ്യാഴാഴ്ച തുടക്കമാകും.
രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഹ്രസ്വ രംഗാവിഷ്കാരത്തോടെ ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുൻ നിയമസഭാംഗവും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജ് നിർവഹിക്കും.
അമ്മമാരുടെയും കുട്ടികളുടെയും ഹൃദയ ബന്ധവും സ്നേഹബന്ധവും ശക്തിപ്പെടുത്തുന്നതിനും, അവരുടെ സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മത്സര പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതാവേദി പ്രസിഡന്റ് മോഹിനി തോമസും സെക്രട്ടറി ജയ രവികുമാറും അറിയിച്ചു. ജനുവരി 11, 16, 23, 25, 31 തീയതികളിൽ വിവിധ റൗണ്ടുകളായാണ് മത്സരം. ഓരോ റൗണ്ടിലും കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെ തെരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
ജനുവരി 31നു രാത്രി എട്ടിന് ഗ്രാൻഡ് ഫിനാലെയിൽ വിജയികളുടെ കിരീടധാരണവും സമ്മാനവിതരണവും നടക്കും. ചടങ്ങിൽ പ്രമുഖ ചലച്ചിത്ര-ടെലിവിഷൻ താരവും എഴുത്തുകാരിയുമായ ഗായത്രി അരുൺ മുഖ്യാതിഥിയായി പങ്കെടുക്കും. മത്സരത്തിനു മുന്നോടിയായി പങ്കെടുക്കുന്നവർക്ക്, കൂടുതൽ ആത്മവിശ്വാസവും, ആശയങ്ങളും നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവരുടെ നേതൃത്വത്തിൽ പരിശീലനവും സംഘടിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: നിമ്മി റോഷൻ 32052047, വിജിന സന്തോഷ് 3911522
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.