'വൗ മോം’ -അമ്മമാർക്കും മക്കൾക്കും മത്സര അരങ്ങുമായി സമാജം വനിതവേദി
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ അഞ്ചു മുതൽ 13 വരെ വയസ്സുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ‘വൗ മോം’ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു .
മത്സരങ്ങൾ ജനുവരി 9ന് ആരംഭിച്ച് 31ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപവത്കരണത്തിലും അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്കിനെ ഓർമപ്പെടുത്തുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, അവരുടെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ‘വൗ മോം’ എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതവേദി പ്രസിഡന്റ് മോഹിനി തോമസും സെക്രട്ടറി ജയ രവികുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പങ്കെടുക്കുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന ടാലന്റ് റൗണ്ട്, ഇന്ത്യൻ സിനിമയിൽനിന്നുള്ള നൃത്തങ്ങൾ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനുള്ള സിനിമാറ്റിക് ഡാൻസ് റൗണ്ട്, മത്സരാർഥിയുടെ കുടുംബാംഗങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന ഫാമിലി ചിത്രീകരണ റൗണ്ട്, മുൻകൂട്ടി നൽകുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംഭാഷണ റൗണ്ട്, ഫാഷൻ ഷോ, ചോദ്യോത്തര റൗണ്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ റൗണ്ടുകൾ അടങ്ങിയതാണ് മത്സരം.
ഓരോ റൗണ്ടിലും കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ അടിസ്ഥനത്തിൽ മികച്ച അമ്മയെയും രണ്ട്, മൂന്ന് സ്ഥാനക്കാരെയും നിർണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെയും തെരഞ്ഞെടുക്കുമെന്നും, മത്സരാർഥികൾ കർട്ടൻ റൈസർ പ്രോഗ്രാമിന് മുമ്പായി സ്വയം ആമുഖത്തോടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമർപ്പിക്കണമെന്നും സംഘാടകർ വ്യക്തമാക്കി.
മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നിമ്മി റോഷൻ 32052047, വിജിന സന്തോഷ് 39115221വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ്, ലിറ്റററി വിങ് സെക്രട്ടറി വിനയചന്ദ്രൻ, എന്റർടൈൻമെന്റ് സെക്രട്ടറി വിജിന സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോബി ഷാജൻ, പി. ആർ.ഒ ഗീത പ്രകാശ്, രചന അഭിലാഷ് (എക്സ്ട്രാ കരിക്കുലർ), ധന്യ ശ്രീലാൽ (സ്പോർട്സ് & ഗെയിംസ് വിങ്), ദിവ്യ മനോജ് (ചാരിറ്റി വിങ്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.