മഞ്ഞക്കല്യാണം
text_fieldsഅലങ്കരിച്ച കല്യാണ ബസിലേക്ക് കയറുമ്പോൾ സുമയ്യയുടെ മുഖം നിറംമങ്ങി കിടന്നത് ഡ്രസ് കോഡ് തങ്ങളെല്ലാം ചേർന്ന് ഒളിപ്പിച്ചുവെച്ചതിന്റെ പരിഭവത്താലായിരുന്നു. എന്നാൽ, ഇപ്പോൾ മാറിക്കാണും അവളുടെ സങ്കടം. ബസ് വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോൾ ഞങ്ങളുടെ വസ്ത്രങ്ങൾക്ക് ഒരേ നിറമായിരുന്നല്ലോ! ചോരയുടെ നിറം. അകത്തളത്തിൽ അന്ത്യയാത്രക്ക് കിടത്തിയപ്പോഴും ഒരേനിറം തന്നെ.
ഇന്നലെ നടന്ന ആക്സിഡന്റിൽ എല്ലാവരും ഒരുമിച്ച് വെള്ളവസ്ത്രത്തിൽ പൊതിയപ്പെടുമെന്ന് കരുതിയില്ല. അങ്ങേ തലക്കൽ പുതച്ചുമൂടി കിടക്കുന്ന സാബിറ എണീറ്റ് എല്ലാവരെയും നോക്കി. ഇന്നലെ കല്യാണത്തിന് വീട്ടുകാരുടെ അതേ കളർ ഡ്രസ് ഇടുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻവേണ്ടി കളർ കോഡ് മറച്ചുവെച്ച് ഞാൻ പറ്റിച്ച സുമയ്യയും ഇന്ന് ഞാൻ ധരിച്ച അതേ കളർ കഫൻ പുടവ പുതച്ചിരിക്കുന്നു. സാബിറ ഒരു ദീർഘനിശ്വാസത്തോടെ അവിടെതന്നെ തിരിച്ചുകിടന്നു. തന്നെ എത്തിനോക്കിയ സാബിറയെ പുച്ഛത്തോടെ നോക്കി സുമയ്യയും പിറുപിറുത്തു. ഇന്നലെ അവൾക്കെന്തൊരു വാശിയായിരുന്നു.
അവരിടുന്ന ഡ്രസ് കോഡ് ചോദിച്ചതിന് കളർ പറഞ്ഞുതരാതെ ഒളിപ്പിച്ചുവെച്ച് തലേദിവസം മാത്രം പുറത്തുപറഞ്ഞ് നമ്മളെ അങ്ങൊഴിവാക്കി. ഇന്ന് അതേ അവളും ഞാനും ഒരു തൂവൽപക്ഷികൾ. വെള്ളത്തുണിയിൽ പൊതിഞ്ഞ് ഞങ്ങളുടെ വണ്ടിയിലുണ്ടായിരുന്ന പതിമൂന്നു പേരും. ‘ഡീ സാബി... ഇപ്പോ നിനക്കൊന്നും മറച്ചുപിടിക്കാനില്ലല്ലോ... ദേ നോക്ക് നമ്മളെല്ലാവരും ഒരേപോലെ’ സാബിറ മുഖത്തെ തുണി മാറ്റി സുമയ്യയെതന്നെ നോക്കി...‘നിനക്കൊരു മാറ്റവുമില്ലല്ലോ പെണ്ണേ... ശരിക്കും നമ്മൾക്കെന്തു സംഭവിച്ചതാണെന്ന് ഓർമയുണ്ടോ’’! കൂട്ടത്തിൽ വരണ്ടായെന്ന് പറഞ്ഞിട്ടും ഞങ്ങളോടൊപ്പം വണ്ടിയിൽ കയറിവന്ന വല്യമ്മാമ എണീറ്റിരുന്നു. സങ്കടത്തോടെ ചുറ്റും നോക്കി. ‘മാമോ... ജീവിച്ചിരിക്കുന്നവർക്കേ സങ്കടോം സന്തോഷോം ഒക്കെയുണ്ടാവൂ... നമ്മളൊക്കെ മരിച്ചുകഴിഞ്ഞു. നമ്മളിൽ അങ്ങനുള്ള വികാരങ്ങളൊന്നുംതന്നെ ബാക്കിയാവില്ല...! സാബിറ സുമയ്യയെ ഒന്നുകൂടി നോക്കി.പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ഇതൊരു വരാന്തയാണെന്ന് തോന്നുന്നു. ഓരോരുത്തരെയായി മോർച്ചറിയുടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നത് കാണുന്നുണ്ട്. ഒന്നും പറയാതെ പുറത്തെ ജനലിലൂടെ മഴപെയ്യുന്നതും നോക്കിയിരുന്നു. മോർച്ചറിയിൽനിന്ന് ചോരയൊലിപ്പിച്ച് ഒരാൾ പുറത്തേക്കുവന്നു. ‘സുമീ..... ഇത് നമ്മുടെ വണ്ടിയുടെ ഡ്രൈവറല്ലേ...’ അയാൾ ഇവരുടെ അടുത്തേക്ക് വന്നുനിന്നു.
‘ഇക്കാ... എന്തിനായിരുന്നു വണ്ടി ഇങ്ങനെ സ്പീഡിൽ പോയത്. ഇപ്പോ നമ്മൾ പിന്നിലാക്കി തോൽപിച്ചവരൊക്കെ ഇവിടെയുണ്ടോ. ഇക്ക ജയിച്ചോ. ഞങ്ങള് ജയിച്ചോ. ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ നമ്മുടെയൊക്കെ അവസാനസമയം ഇന്നായിരുന്നോ. അല്ലായിരിക്കാം... ഇക്കയുടെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമായിരുന്നു നമ്മളെല്ലാവരും ഇവിടെ വെള്ളപുതച്ച് കിടക്കുന്നത്’ സാബിറ സുമയ്യയുടെ കൈവിരലിൽ പിടിച്ചു.
ഓരോ വണ്ടിയെയും പിന്നിലാക്കി മുന്നേറുമ്പോൾ അയാളുടെ മുഖത്തു വിരിഞ്ഞിരുന്ന പുഞ്ചിരി ഇപ്പോൾ കാണാനില്ല. ശരിക്കും അഹങ്കാരത്തിന്റെ കൊടുമുടിയിലായിരുന്നു ഡ്രൈവരോടൊപ്പം ഈ ഞാനും. രാത്രിയുടെ ഇരുട്ട് മൂടി തുടങ്ങുമ്പോഴേക്കും പള്ളിക്കാട്ടിൽ പതിമൂന്ന് മയ്യത്തുകൾ അടക്കം ചെയ്തുകഴിഞ്ഞിരുന്നു. പള്ളിക്കാട്ടിനെ തഴുകിപ്പോവുന്ന ഇളംകാറ്റിനുപോലും പറയാനുണ്ടായിരുന്നത് മൈലാഞ്ചിപ്പാട്ട് നിലച്ചുപോയ ആ മഞ്ഞക്കല്യാണത്തിന്റെ കിസ്സകളും ഡ്രസ് കോഡിന്റെ പോരിശയും മാത്രമായിരുന്നു.
ഉമ്മു അമ്മാർ. മനാമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.