ഇന്ത്യൻ സ്കൂളിൽ യോഗദിനം ആചരിച്ചു
text_fieldsമനാമ: ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
'ഒരു സൂര്യൻ, ഒരു ഭൂമി' എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്ന 'ദ ഗാർഡിയൻ റിങ്' ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഈസ ടൗണിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പങ്കെടുത്തു. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് ലക്ഷ്യമാക്കിയുള്ള ജീവിതരീതിയാണ് യോഗയെന്ന് അംബാസഡർ പറഞ്ഞു. എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനും കായിക അധ്യാപകരും 250ഓളം വിദ്യാർഥികളും പങ്കെടുത്തു.
സ്കൂൾ കായിക അധ്യാപകൻ ആർ. ചിന്നസാമി വിവിധ യോഗാസനങ്ങളെക്കുറിച്ച് അറിവ് പകർന്നു. യോഗാസനങ്ങൾ ചിട്ടയായി പരിശീലിച്ചാൽ കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു. വരുംതലമുറകളുടെ നന്മക്കും ക്ഷേമത്തിനുംവേണ്ടി യോഗ പകർന്നുനൽകണമെന്ന് സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ കുട്ടികളുടെ മനസ്സ് ശാന്തമാക്കാനും സമഗ്രമായി വളരാനും യോഗയിലൂടെ സാധിക്കുമെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.