ബഹ്റൈനിൽ ഗോൾഡൻ വിസക്ക് അപേക്ഷിക്കാം; ഇതുവരെ 10,000 വിസ നൽകി
text_fieldsമനാമ: ഇതുവരെ ബഹ്റൈനിൽ 99 രാജ്യങ്ങളിൽനിന്നുള്ള 10,000 വിദേശികൾക്ക് ഗോൾഡൻ വിസ നൽകിയെന്ന് അധികൃതർ. 2022 മുതലാണ് നിക്ഷേപം വർധിപ്പിക്കുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ബഹ്റൈൻ 10 വർഷത്തെ ഗോൾഡൻ വിസ നൽകിത്തുടങ്ങിയത്.
രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗോൾഡൻ വിസ ഏർപ്പെടുത്തിയത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഗേറ്റ്വേ ഗൾഫ് 2024ലാണ് ഇതുവരെ 10,000 ഗോൾഡൻ വിസ നൽകിയെന്ന പ്രഖ്യാപനമുണ്ടായത്.
ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ തുടർനടപടികളോടെ നൽകിയ ഗോൾഡൻ വിസ ബഹ്റൈനിന്റെ നിക്ഷേപ അന്തരീക്ഷത്തെ ശക്തിപ്പെടുത്തിയെന്നും റസിഡൻസി സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം പുരോഗമിക്കുകയാണെന്നും നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ് വിഭാഗം അണ്ടർ സെക്രട്ടറി ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു.ഗോൾഡൻ റസിഡൻസി വിസ ഉടമകൾക്ക് ആശ്രിതരെ സ്പോൺസർ ചെയ്യാൻ കഴിയും.
2,000 ബഹ്റൈൻ ദീനാറിന് (നാലു ലക്ഷം രൂപ) മുകളിൽ ശമ്പളമുള്ള അഞ്ചുവർഷമായി ബഹ്റൈനിൽ താമസിച്ചിരുന്നവർക്കും വിരമിച്ചവർക്കുമാണ് യോഗ്യത. മറ്റു വിഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് ഉടമകളും മികച്ച കായികതാരങ്ങൾ, കലാകാരന്മാർ തുടങ്ങിയ കഴിവുള്ള വ്യക്തികളും ഉൾപ്പെടുന്നു.
യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നപക്ഷം ഗോൾഡൻ റസിഡൻസി വിസ പുതുക്കിനൽകും. ഈ വിസ ലഭിക്കുന്നവർക്ക് സദാസമയവും ബഹ്റൈനിൽനിന്ന് പുറത്തുപോകാനും പ്രവേശിക്കാനും സാധിക്കും. കൂടാതെ അടുത്ത കുടുംബാംഗങ്ങൾക്കുള്ള താമസവും ഇതുവഴി ലഭ്യമാക്കാം.
നിലവിലുള്ള താമസക്കാർ ബഹ്റൈനിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി താമസിച്ചിരിക്കണം. കൂടാതെ അഞ്ചുവർഷ കാലയളവിൽ പ്രതിമാസം ശരാശരി അടിസ്ഥാന ശമ്പളം 2,000 ദീനാർ (നാലു ലക്ഷം രൂപ) കുറയാതെ നേടിയിരിക്കണം. യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാൽ ദീർഘകാല റസിഡൻസ് പെർമിറ്റ് പുതുക്കി നൽകും.
2,00,000 ബഹ്റൈൻ ദീനാറിൽ കുറയാത്ത മൂല്യമുള്ള, ബഹ്റൈനിൽ ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമാക്കുക, പ്രതിമാസം 4,000 ദീനാറോ അതിൽ കൂടുതലോ വരുമാനമുള്ള വിരമിച്ചവർ വിസ സാധുതയുള്ളതായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ വർഷത്തിൽ 90 ദിവസം ബഹ്റൈൻ രാജ്യത്തുണ്ടായിരിക്കണം എന്നിവയാണ് ഗോൾഡൻ വിസ ലഭിക്കാൻ യോഗ്യതയായി പറയുന്നത്. ഗോൾഡൻ വിസക്ക് താൽപര്യമുള്ളവർക്ക് www.bahrain.bh/Goldenresidency എന്ന ഇ-ഗവൺമെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.
ആദ്യ ഗോള്‍ഡന്‍ വിസ നൽകിയത് എം.എ. യൂസുഫലിക്ക്
മനാമ: ബഹ്റൈനിലെ ആദ്യ ഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ് ചെയര്മാൻ എം.എ. യൂസുഫലിക്കാണ് നൽകിയത്. ബഹ്റൈന്‍ മന്ത്രിസഭ യോഗമാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം.എ. യൂസുഫലിക്ക് നല്കാന് 2022ൽ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.