യുക്രെയ്ന് പിന്തുണയുമായി എക്സ്പോ
text_fieldsലോകരാജ്യങ്ങൾക്ക് ഒരുമിച്ച് യുക്രെയ്ന് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കാൻ കഴിയുന്ന ഏക സ്ഥലമായിരിക്കും എക്സ്പോ. 192 രാജ്യങ്ങളുടെ പ്രതിനിധികൾ ഒഴുകിയെത്തുന്ന എക്സ്പോയിലെ യുക്രെയ്ൻ പവലിയൻ സന്ദർശിച്ചാൽ ഇക്കാര്യം വ്യക്തമാകും. റഷ്യൻ അധിനിവേശത്തിന്‍റെ ഇരകളായ യുക്രെയ്ന് പിന്തുണയുമായി പവലിയനിൽ സന്ദേശങ്ങൾ നിറയുകയാണ്.
പവലിയന്‍റെ ഉള്ളിലും പുറത്തുമെല്ലാം യുക്രെയ്ൻ അനുകൂല സന്ദേശങ്ങളാണ്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് പിന്തുണ അർപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പവലിയനിലെ തിരക്ക് കൂടിയതായി ഇവിടെയുള്ളവരും പറയുന്നു. ഇന്ത്യയുടെ പിന്തുണ എന്നതടക്കമുള്ള പോസ്റ്ററുകൾ ഇവിടെയുള്ള ഭിത്തിയിൽ കാണാം. ലവ് യു യുക്രെയ്ൻ, വിത്ത് യു, യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല, ശക്തമായി തുടരുക, വേണം സമാധാനം തുടങ്ങിയസന്ദേശങ്ങളാണ് ഇവിടെ നിറയുന്നത്. വിവിധ ഭാഷകളിൽ ജനങ്ങൾ പിന്തുണ അർപ്പിക്കുന്നു. റഷ്യയിൽ നിന്നുള്ളവർ പോലും ഇക്കൂട്ടത്തിലുണ്ട്. സ്റ്റാൻഡ് വിത്ത് യുക്രെയ്ൻ എന്ന വലിയബോർഡും ഇവിടെ സ്ഥാപിച്ചിരിക്കുന്നു.
യുക്രെയ്ൻ പവലിയന് മുന്നിൽ പതാകയിൽ പിന്തുണ അർപ്പിച്ച് സ്വന്തം നാട്ടുകാരും എത്തുന്നുണ്ട്. നാട്ടിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്നും തങ്ങളാൽ കഴിയുന്ന പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യുക്രെയ്ൻ പതാകയിൽ ഒപ്പുവെച്ചും പിന്തുണ അറിയിക്കുന്നവരുണ്ട്.
മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് കൂടുതൽ പേരും കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.