സുഖമാണീ യാത്ര...
text_fieldsലോകമഹാപ്രദർശനം സന്ദര്‍ശിക്കുന്നതിന് റാസല്‍ഖൈമയില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസ് ദിനം പ്രതി ഉപയോഗപ്പെടുത്തുന്നത് നൂറുകണക്കിന് പേര്‍. രാവിലെ മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ടാണ് ദുബൈ എക്സ്പോ 2020 നഗരിയിലേക്ക് റാസല്‍ഖൈമ ബസ് സ്റ്റേഷനില്‍ നിന്ന് ലക്ഷ്വറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതേ ബസില്‍ തന്നെ ദുബൈ എക്സ്പോ നഗരിയില്‍ നിന്ന് തിരികെ റാസല്‍ഖൈമയിലെത്താനാകുമെന്നതാണ് യാത്രികരുടെ ആശ്വാസം.
സാധാരണ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബൈ ബസ് സര്‍വീസുകള്‍ക്ക് 10 മുതൽ35 ദിര്‍ഹം വരെയാണ് റാസല്‍ഖൈമയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ, 160 കിലോമീറ്ററോളം ദൂരം താണ്ടിയുള്ള എക്സ്പോ യാത്ര പൂര്‍ണമായും സൗജന്യമായാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഒറ്റക്കും സുഹൃത്തുക്കളും കുടുംബവുമൊത്തുമൊക്കെ തദ്ദേശീയരും മലയാളികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരാണ് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (റാക്ട) ദുബൈ എക്സ്പോ റൈഡര്‍ ഉപയോഗപ്പെടുത്തുന്നത്.
ദുബൈ എക്സ്പോ 2020 നഗരി അതുല്യമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്നതാണെങ്കില്‍ മനോഹരമായ യാത്രാനുഭവമാണ് റാക് - എക്സ്പോ ബസ് സര്‍വീസ് നല്‍കുന്നതെന്ന് കുടുംബവുമൊത്ത് അഞ്ച് തവണ എക്സ്പോ സന്ദർശിച്ച ദിലീപ് സെയ്തു പറയുന്നു. റാക് ബസ് സ്റ്റേഷന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ബസിലായിരുന്നു മുഴുവന്‍ യാത്രയും. കിലോ മീറ്ററുകള്‍ താണ്ടിയുള്ള ഡ്രൈവിങ് സമ്മര്‍ദ്ദവും ഇടയിലുള്ള ട്രാഫികും എക്സ്പോ നഗരിയിലത്തെിയാലുള്ള പാര്‍ക്കിങ് അന്വേഷണത്തിനുമെല്ലാം വിടുതല്‍ നല്‍കുന്നതാണ് അധികൃതര്‍ ഒരുക്കിയ സൗജന്യ ദുബൈ റൈഡര്‍ സേവനമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു.
രാവിലെ 6.30ന് തുടങ്ങുന്ന ബസ് സര്‍വീസ് ദുബൈ എക്സ്പോ നഗരിയില്‍ നിന്ന് രാത്രി 12.30നുള്ള സര്‍വീസോടെയാണ് അവസാനിക്കുന്നതെന്ന് റാക്ട എക്സ്പോ ബസ് സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് സലീം പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ 13 സര്‍വീസുകളും മറ്റു ദിവസങ്ങളില്‍ 11 സര്‍വീസുകളുമാണുള്ളത്. യാത്രക്കാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. S'hail ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ റാക്- ദുബൈ എക്സ്പോ ബസ് സര്‍വീസുകളുടെ വിശദ വിവരങ്ങള്‍ ലഭിക്കുമെന്നും അഹമ്മദ് സലീം പറഞ്ഞു. റാസല്‍ഖൈമയില്‍ നിന്ന് മറ്റു ബസ് സര്‍വീസുകളുടെ വിവരങ്ങള്‍ക്ക് 8001700 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.