എക്സ്പോയിൽ ആവേശം വിതറി ദേശീയദിനാഘോഷം
text_fieldsദുബൈ: എക്സ്പോ 2020 ദുബൈ നഗരിയിൽ ആവേശം വിതറി യു.എ.ഇ ദേശീയ ദിനാഘോഷം. വിശ്വമേള ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ ജനങ്ങളൊഴുകുകയും ഏറെ വർണാഭമായ പരിപാടികൾ അരങ്ങേറുകയും ചെയ്ത പകലും രാത്രിയുമാണ് കഴിഞ്ഞുപോയത്. ദേശീയദിന സമ്മാനമായി എല്ലാവർക്കും എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാക്കുക കൂടി ചെയ്തത് സന്ദർശകരുടെ എണ്ണം പ്രതീക്ഷക്കപ്പുറത്തേക്കും ഉയർത്തി.
ബുധനാഴ്ചയും വ്യഴാഴ്ചയും അവധിദിനങ്ങളായതിനാൽ പരിപാടികൾക്കായി കുടുംബമായും സുഹൃത്തുക്കളുമായുമാണ് മിക്കവരും എത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നഗരിയിൽ വിവിധ പരിപാടികൾ ആരംഭിച്ചിരുന്നു. ദേശീയ പതാകയുടെ നിറങ്ങൾ മേളയുടെ എല്ലാ ഭാഗങ്ങളിലും ദൃശ്യമായി. കുട്ടികളും മുതിർന്നവരുമെല്ലാം ഒരു പോലെ കൊടികളും മറ്റുമായാണ് എത്തിയത്. 'ഈശി ബിലാദീ' എന്നുതുടങ്ങുന്ന ദേശീയഗാനത്തിെൻറ ഈരടികൾ പാടുന്നവരെയും കാണാമായിരുന്നു.
ബുധനാഴ്ച രാത്രി അൽ വസ്ൽ പ്ലാസയിൽ ഇമാറാത്തിെൻറ 50വർഷത്തെ ഐതിഹാസികമായ സഞ്ചാരവും വളർച്ചയും അടയാളപ്പെടുത്തുന്ന പ്രത്യേക ഷോ അരങ്ങേറി. ഇത് കാണാനായി നിരവധി പേർ നേരത്തെ തന്നെ വേദിയിൽ സ്ഥലം പിടിച്ചിരുന്നു. എന്നാൽ അൽ വസ്ൽ പ്ലാസയുടെ അതിരും കടന്ന് ജനക്കൂട്ടം പരിപാടി കാണാനായി തടിച്ചുകൂടി. എക്സ്പോ ഉദ്ഘാടന ദിവസത്തിൽ അരങ്ങേറിയതിന് സമാനമായ ശബ്ദ-വെളിച്ച വിന്യാസവും ആർടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതികതയുടെ തികവുമുള്ള പരിപാടിയാണ് അവതരിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുതൽ ജനങ്ങൾ എക്സ്പോ നഗരിയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.
നഗരിയിലെ ഒട്ടുമിക്ക പവലിയനുകളിലും ജനബാഹുല്യം പ്രതീക്ഷിച്ചുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ രാവിലെ എത്തിയവർക്ക് പ്രയാസങ്ങളൊന്നമുണ്ടായില്ല. എന്നാൽ ഉച്ചക്ക് ശേഷം പല പവലിയനുകളും സന്ദർശകരെ നിയന്ത്രിക്കേണ്ട അവസ്ഥയിലെത്തി. നീണ്ട ക്യൂകൾ മിക്ക പ്രധാന പവലിയനുകളുടെയും മുന്നിൽ കാണാനായി. അൽ വസ്ൽ പ്ലാസ, ആംഫി തിയേറ്റർ തുടങ്ങിയ വേദികളിലെ പരിപാടികൾ കാണാനും സന്ദർശകർ ഇരച്ചെത്തി. പരമ്പരാഗത ഇമാറാത്തി കലാപ്രകടനങ്ങളോടെയാണ് സന്ദർശകരെ സ്വീകരിച്ചത്. രാവിലെ 10മണിക്ക് ശേഷം അൽ വസ്ൽ പ്ലാസയിൽ നടന്ന പതാക ഉയർത്തലോടെയാണ് ദേശീയദിനാഘോഷ ചടങ്ങുകൾക്ക് എക്സ്പോയിൽ തുടക്കമായത്.
എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ളവർ ഉൾപെട്ട 60പേർ അണിനിരന്ന പരമ്പരാഗത കലാപ്രകടനം ഏവരെയും ആകർഷിച്ചു. പിന്നീട് കളേഴ്സ് ഓഫ് ദ വേൾഡ് പരേഡ് നടന്നു. ദുബൈ പൊലീസിലെ കുതിരകളും യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ മാർച്ചിങ് ബാൻഡും ഇതിന് കൊഴുപ്പേകി. ഉച്ചക്ക് ശേഷം അൽ വസ്ൽ പ്ലാസയിൽ ഇമാറാത്തി ഗായിക ഫാത്തിമ സഹ്റ അൽഐൻ സംഗീത പരിപാടി അവതരിപ്പിച്ചു. വൈകുന്നേരം ഹത്തയിൽ നടന്ന ഔദ്യേഗിക ദേശീയദിനാഘോഷം ജൂബിലി സ്റ്റേജിലും ദുബൈ മില്ലേനിയം ആംഫി തിയേറ്ററിലും തത്സമയം സംപ്രേക്ഷണം ചെയ്തു. രാത്രിയിൽ നടന്ന കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും ആസവദിക്കാനും ആയിരങ്ങളെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.