എക്സ്പോ എങ്ങനെ ഓടിത്തീർക്കാം
text_fieldsമഹാമേള തുടങ്ങി മൂന്ന് മാസം പിന്നിട്ടിരിക്കുന്നു. പത്ത് തവണ എക്സ്പോയിലെത്തിയവർക്ക് പോലും പകുതി പവലിയനുകളും വേണ്ട രീതിയിൽ കണ്ടുതീർക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ദിവസത്തെ പാസെടുത്ത് ഉച്ചക്ക് ശേഷം എത്തി മൂന്നോ നാലോ പവലിയനുകളിൽ കയറുന്നതോടെ ഒരു ദിവസം തീരും.
അവധി ദിനങ്ങളിൽ ഒരു പവലിയന് മുന്നിൽ തന്നെ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരും. കണ്ട് കൊതിതീരും മുൻപേ എക്സ്പോയുടെ വാതിൽ അടയുന്നതോടെ നിരാശരായി പുറത്തിറങ്ങുന്നതാണ് പതിവ്. വീണ്ടും പണം കൊടുത്ത് ടിക്കറ്റെടുത്ത് കയറേണ്ട അവസ്ഥയുണ്ട്. ചില കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പവലിയനുകൾ സന്ദർശിക്കാൻ കഴിയും
സ്മാർട്ട് ക്യൂ ഉപയോഗിക്കാം:
പ്രധാന പവലിയനുകൾക്ക് മുന്നിലെ വമ്പൻ ക്യൂവിൽ നിന്ന് രക്ഷതേടാനുള്ള സംവിധാനമാണ് സ്മാർട്ട് ക്യൂ. എക്സ്പോയുടെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ സ്മാർട്ട് ക്യൂവിൽ ബുക്ക് ചെയ്ത ശേഷം പോയാൽ ക്യൂ നിൽക്കാതെ പവലിയനിൽ കയറാൻ കഴിയും. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർ ലോഗിൻ ചെയ്ത ശേഷം 'മൈ ടിക്കറ്റ്സ്' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. ഇതിൽ മാനേജ് ഓർഡേഴ്സ് എന്ന ഭാഗത്ത് സ്മാർട്ട് ക്യൂ എന്നൊരു ഓപ്ഷൻ കാണാം. ഇവിടെയാണ് ദിവസവും സമയവും സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന പവലിനുമെല്ലാം ഇവിടെ രേഖപ്പെടുത്താം. സേവ് ചെയ്യാൻ മറക്കരുത്. എക്സ്പോ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർ ലോഗിൻ ചെയ്ത ശേഷം ഈ നടപടികൾ തന്നെയാണ് ചെയ്യേണ്ടത്. ആദ്യമായി ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.
ബഗീസ് ഉപയോഗപ്പെടുത്താം:
എക്സ്പോയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബഗികൾ തലങ്ങും വിലങ്ങും പായുന്നത് കാണാം. ടാക്സി എന്നെഴുതിയ മഞ്ഞ ബഗികൾക്ക് ഒരു ട്രിപ്പിന് പത്ത് ദിർഹം വീതമാണ് (ഒരാൾക്ക്) ചാർജ്. എന്നാൽ, ചെറിയ ബഗികൾ സൗജന്യമായും സർവീസ് നടത്തുന്നുണ്ട്. പ്രധാനമായും പ്രായമായവരെയും കുഞ്ഞുങ്ങളെയുമാണ് ഇതിൽ കയറ്റുന്നത്. തിരക്ക് സമയത്ത് ബഗികൾ കിട്ടുക അത്ര എളുപ്പമല്ല. മീഡിയ, സെക്യൂരിറ്റി, എക്സ്പോ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി പ്രത്യേക ബഗികളുമുണ്ട്. ഓടി നടന്ന് എല്ലാ പവലിയനുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൈക്കിൾ എടുക്കാം. 'കരീമി'ന്റെ സൈക്കിളുകളാണ് ഇതിനായി എക്സ്പോയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. പണം അടച്ച് ഈ സൈക്കിളുകൾ ഉപയോഗപ്പെടുത്താം.
നേരത്തെ എത്തണം:
ഒറ്റ ദിനത്തിലെ ടിക്കറ്റെടുത്തവർക്ക് പലപ്പോഴും വൈകിയെത്തുന്നത് അബദ്ധമാകാറുണ്ട്. ഓടിയെത്തി തിരികെ പോകാൻ കഴിയുന്നതല്ല എക്സ്പോ വേദി. പാർക്കിങ് ചെയ്ത ശേഷം ബസിൽ വേണം എക്സ്പോയിലെത്താൻ. പ്രവേശന കവാടത്തിൽ വലിയ ക്യൂ ഇല്ലെങ്കിലും മറ്റ് സ്ഥലങ്ങളിൽ ക്യൂ ഉണ്ടാകും. വെയിൽ ഭയന്നാണ് പലരും പകൽ സന്ദർശനം ഒഴിവാക്കിയിരുന്നത്. എന്നാൽ, തണുപ്പ് കാലാവസ്ഥ എത്തിയതോടെ ഇനിമുതൽ രാവിലെ തന്നെ എക്സ്പോയിലെത്തുന്നതാവും നല്ലത്. അല്ലെങ്കിൽ, രണ്ടോ മൂന്നോ പവലിയനുകൾ സന്ദർശിക്കുന്നതോടെ സമയം കഴിയും. എക്സ്പോ 12 മണി വരെ തുറന്നിരിക്കുമെങ്കിലും പവലിയനുകൾ 9.30ന് അടക്കും. രാവിലെ പത്തിനാണ് തുറക്കുന്നത്.
വളന്റിയറുടെ സേവനം തേടുക:
30,000ഓളം വളന്റിയർമാരാണ് എക്സ്പോയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആയിരത്തോളം പേർ ഒരേസമയം ഡ്യൂട്ടിയിലുണ്ടാവും. പരിശീലനം ലഭിച്ച ഇവർക്ക് എക്സ്പോയുടെ മുക്കും മൂലയും കൃത്യമായി അറിയാം. പവലിയൻ, വേദികൾ, ബാത്ത്റൂം, നമസ്കാര മുറികൾ, ഭക്ഷണ ശാലകൾ എന്നിവ അന്വേഷിക്കുന്നവർക്ക് ഇവരുടെ സേവനം തേടാം. സമയം ഒരുപാട് ലാഭിക്കാൻ ഇതുവഴി കഴിയും.
സൗജന്യ ബസ്:
എക്സ്പോയിലെ പാർക്കിങിന്റെ ചിലവും അവിടെ നിന്ന് വേദിയിലേക്കുള്ള ദൂരവും കണക്കിലെടുത്താൽ സൗജന്യ ബസ് സർവീസ് ഉപയോഗിക്കുന്നതാവും നല്ലത്. എല്ലാ എമിറേറ്റുകളിൽ നിന്നും ബസുകൾ എക്സ്പോയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബൈയിൽ നിന്നാണ് ഏറ്റവും കൂടുതൽ. ഇതിൽ കയറിയാൽ നേരെ എക്സ്പോ വേദിയിൽ എത്താം. മെട്രോയിൽ വരുന്നതും നല്ലതാണ്. മെട്രോ സ്റ്റേഷന്റെ വാതിലുകൾ തുറക്കുന്നത് നേരെ എക്സ്പോ വേദിയിലേക്കാണ്. കാറിലെത്തുന്നവർക്ക് പാർക്ക് ചെയ്ത ശേഷം ബസിൽ എക്സ്പോയിലെത്താം.
കോവിഡ് ടെസ്റ്റ് സൗകര്യം:
വാക്സിനെടുക്കാത്തവർക്ക് എക്സ്പോയിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന നിർബന്ധമാണ്. എക്സ്പോ വില്ലേജിലും വേൾഡ് പാർക്കിങിലും സൗജന്യ പരിശോധന സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് രണ്ടും എക്സ്പോയുടെ പുറത്താണ്. എന്നാൽ, ഫലം ലഭിക്കാൻ മൂന്ന് മണിക്കൂറിലേറെ സമയമെടുക്കും. അത്രയും സമയം പുറത്തുനിൽക്കേണ്ടി വരും. 72 മണിക്കൂറിനുള്ളിൽ മറ്റെവിടെ നിന്നെങ്കിലും ടെസ്റ്റ് ചെയ്ത ശേഷം എക്സ്പോയിലെത്തിയാൽ ഈ സമയം ലാഭിക്കാം. മാധ്യമ പ്രവർത്തകർക്ക് മീഡിയ സെന്ററിനുള്ളിൽ പ്രവേശിക്കണമെങ്കിലും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.