പ്രകാശ രശ്മികളാൽ ചരിത്രം പറഞ്ഞ് ലൈറ്റ് ഫെസ്റ്റ്
text_fieldsബഷീർ മാറഞ്ചേരി (ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും) ഷാർജയുടെ പുരോഗതിയുടെ പടവുകൾ നിറക്കൂട്ടുകളിൽ ചാലിച്ച് അടയാളപ്പെടുത്തി ഷാർജ ലൈറ്റ് ഫെസ്റ്റ് ഇന്ന് കൊടിയിറങ്ങും. 'ഭാവിയിലെ പ്രതിധ്വനികൾ' എന്ന ശീർഷകത്തിൽ നടന്ന ഫെസ്റ്റിൽ കണ്ടത് വെളിച്ചങ്ങളുടെ കുടമാറ്റം. അൽ മജാസ് വാട്ടർഫ്രണ്ട്, യൂനിവേഴ്സിറ്റി ഹാൾ, ഹോളി ഖുർആൻ അക്കാദമി, ഷാർജ മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ ഹംറിയ മുനിസിപ്പാലിറ്റി കെട്ടിടം, കൽബയിലെ സർക്കാർ കെട്ടിടങ്ങൾ, കൽബയിലെ മാനവ വിഭവശേഷി ഡയറക്ടറേറ്റിന്റെ കെട്ടിടം, ദിബ്ബ അൽ ഹിസനിലെ ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഖാസിമി പള്ളി, ഖോർഫക്കാനിലെ അൽ റാഫിസ അണക്കെട്ട് എന്നിവക്ക് കഴിഞ്ഞ ദിവസങ്ങളിൽ വേറൊരു മുഖമായിരുന്നു. പ്രകാശ രശ്മികൾ കൊണ്ട് ഷാർജയുടെ സാംസ്കാരിക ചരിതം പറഞ്ഞ വിളക്കുത്സവം കാണാൻ എമിറേറ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ഷാർജയുടെ പൗരാണിക ചരിത്രങ്ങളും ആധുനിക ഭാവങ്ങളുമാണ് സർക്കാർ കെട്ടിടങ്ങളുടെയും പള്ളികളുടെയും ഭിത്തികളിൽ ദീപങ്ങൾ കൊണ്ട് വരച്ചിട്ടത്. ഇരുൾ വീഴുമ്പോൾ തെളിയുന്ന വെളിച്ചങ്ങൾ രാത്രി പത്ത് വരെ ഷാർജയുടെ അലങ്കാരമായി നിലെകാണ്ടു. ധീരദേശാഭിമാനികളുടെ പടയോട്ടങ്ങളും മരുഭൂമിയിലെ ഒട്ടകങ്ങളുടെ സഞ്ചാരങ്ങളും ഖാലിദ് തടാകത്തിലെ ബോട്ടുകളുടെ പടയോട്ടങ്ങളും ചുവരുകളിൽ വെളിച്ചമായി തെളിയുന്നത് കാണാം. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ബുഹൈറയിലെ അൽ നൂർ മസ്ജിദ് പരിസരത്താണ്.
ചിലയിടങ്ങളിൽ വെളിച്ചം കൊണ്ട് ഇടനാഴിയും പന്തലുകളും തീർത്തിട്ടുണ്ട്. ഷാർജയിലും വടക്കൻ ഉപനഗരങ്ങളിലുമായി നടക്കുന്ന വിളക്കുത്സവം സൗജന്യമായാണ് ജനങ്ങളിലേക്കെത്തിയത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ മികച്ച ചിത്രങ്ങൾ പങ്കുവെച്ചവർക്കും പുരസ്കാരം നൽകുന്നുണ്ട്. ലൈറ്റ് ഫെസ്റ്റിവലിന്റെ 11ാം സീസണാണ് ഇന്ന് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.