റാസൽഖൈമയിലേക്ക് നെഹ്റു ട്രോഫി എത്തുന്നു
text_fieldsറാസൽഖൈമ: പുന്നമടയുടെ ഓളപ്പരപ്പുകളെ ആവേശം കൊള്ളിക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയുടെ മറ്റൊരു രൂപം റാസൽഖൈമയിലും എത്തുന്നു. മാർച്ച് 27ന് റാസൽ ഖൈമ അൽ മർജൻ ഐലന്റിലാണ് വള്ളംകളി അരങ്ങേറുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേരളത്തിന്റെ കായിക സംസ്കാരം അറബ് ജനതക്ക് മനസിലാക്കികൊടുക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ കായിക രൂപം ഇവിടെയും നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. കേരളീയരും അറബ് ജനതയിമായുള്ള വൈകാരിക ബന്ധത്തിന് കൂടുതൽ ദൃഡത നൽകാൻ ഇതിലൂടെ സാധിക്കും. കേരള സർക്കാരിന്റെ പൂർണ പിന്തുണ വള്ളംകളിക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
റാസൽ ഖൈമ ഇന്റർനാഷണൽ മറൈൻ സ്പോർട്സ് കൗൺസിൽ പ്രതിനിധികളും നെഹ്റു ട്രോഫി വള്ളംകളി അഡ്വൈസറി കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. റാസൽഖൈമ ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബും ദി ബ്രൂ മീഡിയയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഭാഗമായി വിവിധ രാജ്യങ്ങൾക്കിടയിൽ സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാംസ്കാരിക പൈതൃകം ഉൾകൊള്ളുന്നതിനുമാണ് നെഹ്റു ട്രോഫി യു.എ.ഇയിൽ നടത്തുന്നതെന്ന് റാസൽ ഖൈമ ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് എം.ഡി മേജർ ആരിഫ് അൽ ഹറങ്കി പറഞ്ഞു. കേരള സംസ്കാരത്തെ ലോക ശ്രദ്ധയിൽ എത്തിക്കാനുള്ള ശ്രമമാണിതെന്ന് റാസൽ ഖൈമ മറൈൻ സ്പോർട്സ് ക്ലബ് അഡ്വൈസറി കമ്മിറ്റി അംഗം റിയാസ് കാട്ടിൽ അഭിപ്രായപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.