റിയാദ് സീസണിന് ഇന്ന് തുടക്കം; വിസ്‌മയങ്ങളുടെ പൂരപ്പറമ്പാകുമെന്ന് സംഘാടകർ
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ കലാ-സാംസ്കാരിക ഉത്സവമായ റിയാദ് സീസണിന് വെള്ളിയാഴ്ച വൈകീട്ട് കൊടിയുയരും. സീസണിന്റെ പ്രധാന വേദികളിലൊന്നായ ബോളീവാർഡ് വിനോദ നഗരത്തിലാണ് ഉദ്ഘാടന വേദി. മണ്ണിലും വിണ്ണിലും വിസ്മയം തീർക്കുന്ന ഉദ്ഘാടന മാമാങ്കം ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്ന് കലാസ്വാദകരും എത്തിത്തുടങ്ങി. വൈകീട്ട് മൂന്നോടെ നഗരിയിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെങ്കിലും രാത്രി എട്ടിനായിരിക്കും പ്രധാന പരിപാടികൾക്ക് തുടക്കമാവുക.
ഡ്രോണുകളും എൽ.ഇ.ഡികളും ആകാശത്ത് തീർക്കുന്ന അത്ഭുതകരമായ കാഴ്ചകളും വൈവിധ്യമായ കലാപ്രകടനങ്ങളും ആരംഭ രാവിനെ അവിസ്മരണീയമാക്കും. ഉദ്ഘാടനവേദിയിലേക്ക് ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. സീസണിന്റെ 15 വേദികളും വരുംദിവസങ്ങളിൽ ഒന്നിന് പിറകെ ഒന്നായി തുറക്കും. പ്രവൃത്തിദിവസങ്ങളിൽ 55 സൗദി റിയാലും വാരാന്ത്യങ്ങളിൽ 110 സൗദി റിയാലുമാണ് പ്രവേശന ഫീസ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബോളീവാർഡിലേക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ചെ നാലുവരെ ബോളീവാർഡ് സജീവമാകും.
റിയാദ് സീസണിലെ രണ്ടാമത്തെ പ്രധാന വേദിയായ വിന്റർ വണ്ടർലാൻഡിലേക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് നാല് മുതൽ പുലച്ചെ രണ്ടു വരെയുമാണ് പ്രവേശനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.ജാപ്പനീസ് അനിമേഷൻ കഥാപാത്രങ്ങളുടെ 30-ലധികം പ്രദർശന ബൂത്തുകൾ ഒരുക്കി 'സൗദി അനിമി' എക്സ്പോ ഒക്ടോബർ 27ന് വൈകീട്ട് മൂന്ന് മുതൽ റിയാദ് ഫ്രണ്ടിൽ ആരംഭിക്കും.
ത്രിദിന പ്രദർശനം 29ന് രാത്രി 12 വരെ തുടരും. ഒരു ദിവസത്തെ പ്രവേശനത്തിന് 50 റിയാലും മൂന്ന് ദിവസത്തെ പാക്കേജിന് 125 റിയാലുമാണ് ടിക്കറ്റ് നിരക്ക്. സിൽവർ കാറ്റഗറിക്ക് ഒരു ദിവസത്തേക്ക് 350 റിയാലും മൂന്ന് ദിവസത്തേക്ക് 900 റിയാലും ഗോൾഡൻ ടിക്കറ്റിന് ഒരു ദിവസത്തേക്ക് 600 റിയാലും മൂന്ന് ദിവസത്തേക്ക് 1500 റിയാലുമാണ് പ്രവേശന ഫീസ്. എല്ലാ പ്രായത്തിലുമുള്ള അനിമേഷൻ പ്രേമികളുടെയും അഭിനിവേശം മനസ്സിലാക്കി സജ്ജീകരിച്ച ബൂത്തുകൾ പ്രത്യേക അനുഭവങ്ങൾ സമ്മാനിക്കും.
ഇതിനോടൊപ്പം തത്സമയ സ്റ്റേജ് പരിപാടികളും അരങ്ങേറും. പ്രശസ്ത അനിമേഷൻ സെലിബ്രിറ്റികൾ ഓരോ ദിവസവും ഒന്നിലധികം തത്സമയ ഷോകൾ അവതരിപ്പിക്കും. എല്ലാ വേദിയിലേക്കും ടിക്കറ്റുകൾ ടിക്കറ്റ് മാക്സ് എന്ന ആപ് വഴി നേരത്തേ നേടാവുന്നതാണ്.സീസൺ ആരംഭിക്കുന്നതോടെ റിയാദിൽ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും തിരക്കേറി. രാജ്യത്തിനകത്തും പുറത്തും നിന്ന് ധാരാളം സന്ദർശകർ എത്തുന്നതിനാൽ മാസങ്ങളോളം നഗരത്തിനകത്തെ എല്ലാ ചെറുകിട വൻകിട വ്യാപാരസ്ഥാപനങ്ങൾക്കും ഇതിന്റെ ഗുണമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.