ഇതാണ് എക്സ്പോയിലെ കളിത്തട്ട്
text_fieldsകാണാൻ മാത്രമല്ല, കളിക്കാനും അവസരമൊരുക്കുന്നുണ്ട് ദുബൈയുടെ മഹാമേള. ദുബൈ ഫിറ്റ്നസ് ചലഞ്ച് നടക്കുന്ന സാഹചര്യത്തിൽ കളിക്കളത്തിൽ തിരക്കേറുകയാണ്. പക്ഷെ, പലർക്കും അറിയില്ല എക്സ്പോയിലെ സ്പോർട്സ് ഹബിനെ കുറിച്ച്. അഞ്ച് തവണ പോയവർ പോലും സ്പോർട്സ് ഹബ് കണ്ടിട്ടില്ലെന്ന് പറയുന്നു. ആയിരം ഏക്കറിൽ പരന്നു കിടക്കുന്ന എക്സ്പോയിലെ അലിഫ് മൊബിലിറ്റി പവലിയന് സമീപത്താണ് സ്പോർട്സ്, ഫിറ്റ്നസ്, ആൻഡ് വെൽബീയിങ് ഹബ് സ്ഥിത ചെയ്യുന്നത്.
മെട്രോയിലാണ് പോകുന്നതെങ്കിൽ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം എക്സ്പോ ഗേറ്റ് കടന്ന് വലത്തേക്ക് പോകണം. ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബാൾ, ബാഡ്മിൻറൺ, ജിംനേഷ്യം, സൈക്ലിങ് തുടങ്ങിയവക്കെല്ലാം സൗകര്യം ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ദുബൈ ഫിറ്റ്നസ് ചലഞ്ച് സ്റ്റേജും ഇവിടെയുണ്ട്. നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ടവർക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. 5400 ചതുരശ്ര മീറ്ററിലാണ് സ്പോർട്സ് ഹബ്. വൻകിട താരങ്ങൾ ഇവിടെയെത്തി കായിക പരിശീലനങ്ങൾ നൽകാറുണ്ട്. രാജസ്ഥാൻ റോയൽസ് ടീം അംഗങ്ങളും മറ്റ് പ്രമുഖ താരങ്ങളും ഇവിടെ സന്ദർശനം നടത്തുകയും സംവദിക്കുകയും പരിശീലനം നൽകുകയും ചെയ്തിരുന്നു.
ആസ്ട്രേലിയയുടെ ക്രിക്കറ്റ് പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി യൂത്ത് ഫുട്ബാൾ അക്കാദമിയും പരിശീലനം നൽകുന്നുണ്ട്. ഇവിടെയുള്ള ബിഗ് ബാഷ് ക്രിക്കറ്റ് നെറ്റ്സിൽ രണ്ട് പ്രാക്ടീസ് നെറ്റുകളുണ്ട്. ഒാസീ പാർക്കിൽ മികച്ചൊരു ഫുട്ബാൾ ടർഫാണുള്ളത്. ഒരു ടീമിൽ അഞ്ച് പേർക്ക് വീതം കളിക്കാം. കാണികൾക്ക് ഇരിക്കാനും സൗകര്യമുണ്ട്. ഗ്രൂപ്പായി ബുക്ക് ചെയ്താൽ ഒരുമിച്ച് ടീമായി കളിക്കാൻ കഴിയും. ആധുനീക ഉപകരണങ്ങളോടുകൂടിയാണ് ജിം ക്രമീകരിച്ചിരിക്കുന്നത്.
ലേഡീസ് ഒൺലി സൗകര്യങ്ങളുമുണ്ട്. ദിവസവും പരിശീലന സെഷനുമുണ്ട്. മൾട്ടി പർപ്പസ് സ്പോർട്സ് കോർട്ടിൽ ബാസ്കറ്റ്ബാളും ടെന്നിസും വോളിബാളും നെറ്റ്ബാളും കളിക്കാം. ഒരു കോർട്ട് തന്നെ പല സമയത്ത് പല രൂപത്തിലേക്ക് മാറും. ബാസ്ക്കറ്റ് ബാളിെൻറ ബാസ്ക്കറ്റ് എടുത്ത് മാറ്റിയ ശേഷം നെറ്റ് കെട്ടുന്നതോടെ ഇത് ടെന്നിസ് കോർട്ടാകും. നെറ്റ് അഴിച്ച് മാറ്റി വോളിബാൾ നെറ്റ് കെട്ടിയാൽ ഇത് വോളി കോർട്ടാകും. ഇവിടെയും ഗാലറിയുണ്ട്. ഇവിടെയുള്ള ബൈസൈക്കിളുകൾ ഉപയോഗിച്ച് ഒരു മണിക്കൂറിൽ 192 പവലിയന് സമീപത്തുകൂടിയും യാത്ര ചെയ്യാവുന്ന ബൈസൈക്ക്ൾ ടൂറുമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ ഇതും സൗജന്യമാണ്. ഫിറ്റ്നസ് ചലഞ്ചിെൻറ വേദിയിൽ യോഗ, സൂംബ പോലുള്ളവക്ക് പരിശീലനം നൽകുന്നു.
എങ്ങിനെബുക്ക് ചെയ്യാം
ടിക്കറ്റോ ഒൗദ്യോഗിക അക്രഡിറ്റേഷൻ കാർഡോ കൈയിലുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് സൗജന്യമായി ഉപയോഗിക്കാം. expo2020sportshub.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. വേദിയിൽ നടക്കുന്ന സ്പോർട്സ് സെഷനുകളിൽ പെങ്കടുക്കാനും ഇൗ ബുക്കിങ് മതിയാകും. നിങ്ങൾ എക്സ്പോയിൽ എത്തുന്ന സമയത്ത് ഗ്രൗണ്ടും പരിശീലന സൗക്യങ്ങളും കോച്ചിങ് സെഷനുകളിലും ഒഴിവുണ്ടെങ്കിൽ അവിടെ തന്നെ ബുക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം. ഒറ്റക്കും ഗ്രൂപ്പായും ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.