യുക്രൈൻ പവലിയൻ; ഗോതമ്പ് കതിരിെൻറ ഗന്ധം
text_fieldsയുക്രൈൻ അതിെൻറ ചരിത്രത്തിലാദ്യമായി ഒരു ലോക എക്സ്പോയിൽ പവലിയൻ സ്ഥാപിക്കുന്നത് ഇത്തവണയാണ്. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളാൽ അസ്ഥിരമായ രാജ്യത്തിന് പുതു പ്രതീക്ഷ പകരുന്നതാണ് എക്സ്പോയിലെ സാന്നിധ്യം. ഓപർചുനുറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന പവലിയൻ ആരുടെയും ശ്രദ്ധ കവരുന്നതാണ്. ഗോതമ്പുകതിരിെൻറ രൂപത്തിൽ നിർമിച്ച കെട്ടിടത്തിനകത്ത്, ഇഷ്ടമുള്ള പാനീയങ്ങൾ നിർമ്മിക്കുന്ന റോബോട്ട് മുതൽ യുക്രൈനിയൻ ഗോതമ്പ് വയലുകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന എക്സിബിഷൻ വരെ ഒരുക്കിയിട്ടുണ്ട്. ഗോതമ്പ് കതിരിെൻറ ഗന്ധം മനസുകൊണ്ട് അനുഭവിക്കാതെ ഒരു സന്ദർശകനും പവലിയനിൽ നിന്ന് പുറത്തുകടക്കില്ല.
'സ്മാർട് യുക്രൈൻ: കണക്ടിങ് ഡോട്ട്സ്' എന്ന തീമിലാണ് പവലിയൻ ഒരുക്കിയിട്ടുള്ളത്. പ്രദർശനങ്ങൾ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. സ്മാർട് ലൈഫ്, സ്മാർട് തിങ്കിങ്, സ്മാർട് ഫീലിങ്സ് എന്നീ ഗ്രൂപ്പുകളിൽ വ്യത്യസ്തവും നൂതനവുമായ കാഴ്ചപ്പാടുകളാണ് പ്രദർശിക്കപ്പെടുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും, ലഭ്യമായ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എങ്ങനെ അതിജീവിക്കാമെന്ന ആശയത്തെ പ്രദർശനം പരിചയപ്പെടുത്തുന്നു. ആധുനിക സാങ്കേതികവിദ്യയെ സ്വീകരിച്ചതിലൂടെ യുക്രൈൻ ജനത കൈവരിച്ച പ്രത്യേകതയും മൗലികതയും പ്രതിഫലിപ്പിക്കുന്നതാണ് ഇവ.
കൃഷി മുതൽ സ്മാർട് ടെക്നോളജി വരെയുള്ള രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ പിടിച്ചുനിർത്തുന്ന സാധ്യതകളെ ലോകത്തിന് മുന്നിൽ തുറന്നുവെക്കുകയും പുതുനിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുക എന്നത് എക്സ്പോ സാന്നിധ്യത്തിലൂടെ യുക്രൈൻ ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദവും ഊർജ പര്യാപ്തവും യുക്തിസഹവുമായ കാഴ്ചപ്പാടാണ് രാജ്യം സ്വീകരിച്ചുവരുന്നതെന്ന് പ്രദർശനം വിളിച്ചുപറയുന്നു. സന്ദർശകർ ഗോതമ്പുപാടത്ത് എത്തിയതായി ഒരു നിമിഷം അനുഭവിക്കും ഇവിടെ. യഥാർഥ ഗോതമ്പും 'ഡിജിറ്റൽ ഗോതമ്പും' പ്രദർശനത്തിെൻറ കൂട്ടത്തിലുണ്ട്. ലോകപ്രശസ്തരായ സമകാലിക യുക്രൈയ്നിയൻ കലാകാരൻമാർക്കും പവലിയൻ വലിയ പരിഗണന നൽകിയിട്ടുണ്ട്.
'എല്ലിപ്സിസ്' എന്ന പേരിൽ ഇത്തരം കലാകാരൻമാരുടെ ആവിഷ്കാരങ്ങൾ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിക്ടർ സിഡരൻകോ, സെർഹി മെൽനിചെൻകോ, ഒലീഗ് ടിസ്റ്റോൾ, യാഹർ സിഗർ, സ്റ്റീഫൻ റിബിചെൻകോ എന്നിവരുടെ കലാവിഷ്കാരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. പവലിയെൻറ രണ്ടാം നിലയിൽ, സന്ദർശകർക്ക് യുക്രൈയിനിെൻറ സാംസ്കാരിക പൈതൃക അന്തരീക്ഷം അനുഭവിക്കാൻ കഴിയും. 26 എംബ്രോയ്ഡറികളുള്ള ഒരു തുറസായ സ്ഥലമായാണ് പ്രദേശം രൂപകൽപന ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകളായി രാജ്യത്തെയും രാജ്യക്കാരെയും ലോകവുമായി ബന്ധിപ്പിക്കുന്ന ആശയങ്ങൾ ഇല്ലസ്േട്രഷനിൽ അവതരിപ്പിച്ചിട്ടുമുണ്ട്. യുക്രൈൻ ദേശീയദിനവും എക്സ്പോ നഗരിയിൽ വിപുലമായി കൊണ്ടാടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.