വേൾഡ് സ്റ്റാമ്പ് എക്സിബിഷൻ
text_fieldsസ്റ്റാമ്പ് ശേഖരണത്തിൽ താൽപര്യമുള്ളവർ കണ്ടിരിക്കേണ്ട പ്രദർശനമാണ് എക്സ്പോയിലെ എമിറേറ്റ്സ് വേൾഡ് സ്റ്റാമ്പ് എക്സിബിഷൻ. ദുബൈ എക്സിബിഷൻ സെന്‍ററിലെ ഒന്നാം നമ്പർ ഹാളിലെ എക്സിബിഷനിൽ 27 രാജ്യങ്ങളിൽ നിന്നുള്ള 175ഓളം സ്ഥാപനങ്ങളാണ് എത്തിയിരിക്കുന്നത്. 19ന് തുടങ്ങിയ പ്രദർശനം ഇന്ന് സമാപിക്കും. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും എമിറേറ്റ്സ് ഫിലാറ്റെലിക് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യു.എ.ഇയിൽ ആദ്യമായാണ് ഇത്തരമൊരു ലോക സ്റ്റാമ്പ് പ്രദർശനം നടത്തുന്നത്. എക്സ്പോയുടെയും പ്രദർശനത്തിന്‍റെയും ഓർമക്കായി പുതിയ സ്റ്റാമ്പും പുറത്തിറക്കി. ആധുനീക കാലത്തെ ഡിജിറ്റൽ സ്റ്റാമ്പുകളും ഇവിടെ കാണാം. മിഡ്ൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകളുണ്ട്. ജി.സി.സിയിലെയും അറബ് രാജ്യങ്ങളിലെയും പോസ്റ്റർ ഡിപാർട്ട്മെൻറുകളും അണിനിരക്കുന്നു. ചിലർ അപൂർവം നാണയങ്ങളും പുരാതന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.
രാജ്യങ്ങളുടെ ചരിത്രവും സ്റ്റാമ്പുകളുടെ പ്രാധാന്യവും പുതു തലമുറക്ക് പകർന്നു നൽകുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് എക്സിബിഷൻ. യു.എ.ഇയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ഡിസംബർ രണ്ടിന് പുറത്തിറക്കിയ ഡിജിറ്റൽ സ്റ്റാമ്പുകൾ ആദ്യമായി പൊതുജനങ്ങൾക്ക് നേരിട്ട് കാണാനുള്ള അവസരവും ഇവിടെയുണ്ട്. എൻ.എഫ്.ടി (നോൺ ഫംഗിബ്ൾ ടോക്കൺസ്) സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായണ് മേഖലയിൽ എൻ.എഫ്.ടി ഉപയോഗിച്ച് സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഇതേ കുറിച്ച് വിശദീകരിക്കുന്നതിന് വിർച്വൽ റിയാലിറ്റി ഷോയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ പ്രത്യേക സൗകര്യമുണ്ട്. ഇതിനായി ഒരു ഭാഗം തന്നെ മാറ്റിവെച്ചിരിക്കുന്നു.
വിദ്യാർഥികളിൽ സ്റ്റാമ്പ് ശീലം വളർത്തുന്നതിനും ബഹിരാകാശത്തെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും 'പോസ്റ്റ് കാർഡ് ടു സ്പേസ്' എന്ന പേരിലുള്ള പരിപാടിയുമുണ്ട്. അടുത്ത 50 വർഷം യു.എ.ഇ എങ്ങിനെയായിരിക്കണമെന്നുള്ള വിദ്യാർഥികളുടെ കാഴ്ചപ്പാട് ഈ പോസ്റ്റ്കാർഡുകൾ വഴി സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.