5 പുതിയ പാര്‍ക്കുകള്‍ കൂടി അജ്മാനില്‍ ഒരുങ്ങുന്നു
text_fieldsഅജ്മാനിലെ പ്രധാന ജനവാസ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ അഞ്ച് പാര്‍ക്കുകള്‍ കൂടി ഒരുങ്ങുന്നു. ഹരിത സംരംഭത്തിന്റെ ഭാഗമായാണ് അജ്മാനിലെ പ്രധാന കേന്ദ്രങ്ങളായ അൽ ഹീലിയോ, അൽ ജർഫ്, അൽ റഖൈബ്, അൽ റൗദ, അൽ റഗയേബ് പ്രദേശങ്ങളിൽ അഞ്ച് റെസിഡൻഷ്യൽ ഹാപ്പിനസ് പാർക്കുകൾ അജ്മാന് നഗരസഭ ഒരുക്കുന്നത്. കുറ്റിച്ചെടികളും പൂക്കളും നട്ടുപിടിപ്പിക്കുക, ഇടനാഴികൾ സ്ഥാപിക്കുക, പാർക്കിങ് സൗകര്യങ്ങള്‍, ഇരിപ്പിടങ്ങള്‍, ഫോട്ടോ വോൾട്ടായിക് ലൈറ്റിങ്, നൂതന ജലസേചന സംവിധാനം എന്നിവയുടെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. 1.60 കോടി ദിര്‍ഹമിന്റെ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി അജ്മാന് നഗരസഭ നടപ്പിലാക്കുന്നത്. അജ്മാന് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി നിരവധി ജനവാസ കേന്ദ്രങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഇത്തരം മേഖലകളെ ബന്ധിപ്പിച്ചാണ് പൊതുജനങ്ങള്‍ക്ക് മാനസികോല്ലാസത്തിനായി പുതിയ സംവിധാനങ്ങളോട് കൂടിയുള്ള പാര്‍ക്കുകള്‍ ഒരുക്കുന്നത്.
അൽ ജർഫ് പ്രദേശത്ത് 5,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഹാപ്പിനസ് പാർക്കിന്റെ വികസനം ഇതിനോടകം പൂർത്തിയാക്കി. അൽ നുഐമിയ മേഖലയില്‍ 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ പാർക്കിന്റെ പണി പുരോഗമിക്കുന്നുണ്ട്.
ഇതിനോടൊപ്പം അജ്മാനിലെ മറ്റു പാര്‍ക്കുകളില്‍ നവീകരണ പ്രവര്‍ത്തികളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. അജ്മാനിലെ പഴയ പാര്‍ക്കായിരുന്ന അൽ റാഷിദിയ ലേഡീസ് പാർക്കിൽ ഇപ്പോള്‍ കുടുംബങ്ങൾക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.
അജ്മാന് റാഷിദിയ അല്‍ ബദർ സ്ട്രീറ്റിലെ ഈ പാര്‍ക്ക് ഇതുവരെ സ്ത്രീകൾക്ക് മാത്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അജ്മാന് നഗരത്തിനോട് ചേര്‍ന്ന് 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ പാര്‍ക്ക്. പുതിയ തീരുമാനം നഗരഹൃദയത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും.
എമിറേറ്റിലെ മറ്റ് 17 ഉദ്യാനങ്ങളും ആവശ്യമായ അറ്റകുറ്റപണികള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നു പാര്‍ക്കുകളുടെ മേധാവി അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.
അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വർഷം തോറും ഹരിത വിസ്തൃതി വർധിപ്പിക്കാനാണ് അതോറിറ്റി പദ്ധതിയിടുന്നതെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് മൊയിൻ അൽ ഹൊസാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.