അൽഖാതിം മരുഭൂമിയുടെ സൗന്ദര്യം
text_fieldsഅബൂദബിയിൽ നിന്ന് അൽ ഐനിലേക്ക് പോകുന്ന വഴിയിലെ മരുഭൂമിയാണ് അൽ ഖാതിം. യു.എ.ഇയുടെ തലസ്ഥാന നഗരിയിൽ നിന്ന് 78 കിലോമീറ്റർ അകലെയുള്ള ഈ മരുഭൂമി വിവിധതരം സാഹസികതക്ക് യോജിച്ച സ്ഥലമെന്ന നിലയിൽ ജനപ്രിയമാണ്. ഒട്ടകസവാരി, ഡ്യൂൺ ബാഷിങ്, ഓഫ് റോഡ് റൈഡിങ് എന്നിവക്ക് ശൈത്യകാലത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് സന്ദർശകരെത്താറുണ്ട്. ശാന്തമായ ഭൂപ്രകൃതി, സ്പർശിക്കപ്പെടാതെ കിടക്കുന്ന മൺകൂനകൾ, മരുഭൂമിയുടെ വിജനത എന്നിവയാണ് ഈ പ്രദേശത്തിെൻറ സവിശേഷത.
അൽ ഖാതിം മരുഭൂ റോഡ് വളരെ പഴക്കമുള്ള ഒരു മരുഭൂപാതയുമാണ്. മരുഭൂമിയിലെ റൈഡിങ് അനുഭവത്തിനായാണ് ഇവിടേക്ക് സന്ദർശകർ എത്തുന്നത്. എന്നാൽ ആദ്യമായി യാത്ര ചെയ്യുന്നവർക്ക് ഇവിടുത്തെ മണൽക്കൂനകൾ വെല്ലുവിളിയാണ്. തുടക്കക്കാരായ റൈഡേഴ്സിന് യോജിച്ച സ്ഥലങ്ങളും ഇവിടെയുണ്ട്. ചെറുതും ഇടത്തരവുമായ മൺകൂനകൾ ഇവിടുത്തെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അറേബ്യൻ മാൻ പേടകൾ സംരക്ഷണ മേഖലയിൽ വിഹരിക്കുന്നു.
കാട്ടു പുല്ലുകൾ തിന്ന് ജീവിക്കുന്ന ഇവ, അതിരാവിലെയും സന്ധ്യാസമയത്തും ഒട്ടക കർഷകർ സൂക്ഷിച്ചുവെക്കുന്ന കാലിത്തീറ്റ തിന്നാനായി ചെറിയ കൂട്ടമായി ഇറങ്ങാറുണ്ട്. അപൂർവമായ ഇത്തരം കാഴ്ചകൾ കാണാൻ സാധിച്ചാൽ ഇവിടുത്തെ സന്ദർശനം മറക്കാനാവാത്തതാകും. യാത്രക്കിടയിൽ പ്രത്യേകം വേലികെട്ടിത്തിരിച്ച മേഖലകളിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇവിടം നിയന്ത്രിക്കുന്നത് അബൂദാബി കൺസർവേഷൻ വകുപ്പാണ്. പ്രദേശത്തെ വന്യജീവികളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് വേലികളും മറ്റും നിർമിച്ചിട്ടുള്ളത്. മരുഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടക ഫാമുകളും കാണാനാകും. ഇത്തരം ഫാമുകൾ സന്ദർശിക്കാനും വിനോദസഞ്ചാരികൾ എത്താറുണ്ട്. ഒട്ടകപ്പുറത്തേറിയുള്ള ട്രക്കിങിനും സൗകര്യവും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.