അടിമുടി അത്ഭുതങ്ങൾ ഒളിപ്പിച്ച് അൽ വസ്ൽ പ്ലാസ
text_fieldsഎക്സ്പോയിൽ പോകുന്നവരുടെ മനം കവരുന്ന നിർമിതിയാണ് അൽ വസ്ൽ പ്ലാസ. ഭീമാകാരമായ ഈ ഡോമിൽ ഒളിഞ്ഞിരിക്കുന്നത് നിരവധിയായ അൽഭുതങ്ങളാണ്. ഒരോ ദിവസവും ഇവിടെ അരങ്ങേറുന്ന കലാപരിപാടികൾക്കും മറ്റും ദൃശ്യഭംഗിയും ശബ്ദ സന്നാഹങ്ങളും ഒരുക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ തന്നെ അതിശയിപ്പിക്കുന്നതാണ്. അൽ വസ്ലിൽ എത്തുന്ന ഓരോ സന്ദർശകനും കണ്ണുകൾ അതിന്റെ മുകൾ ഭാഗത്തേക്കാണ് പായിക്കുക. അവിടെ എക്സ്പോ ലോഗോയുടെ രൂപത്തിൽ നിർമിച്ച രൂപത്തിന്റെ ഭംഗി മനോഹരമാണെന്നതാണ് ഒരു കാരണം. അതിനൊപ്പം രാത്രി നേരങ്ങളിലാണെങ്കിൽ ഡോമിന്റെ അകംചുവരുകളിൽ വിരിയുന്ന വർണചിത്രങ്ങളിൽ ഒരോരുത്തരുടെയും കണ്ണുകളുടക്കും.
എന്നാൽ അൽ വസ്ലിൽ പ്രവേശിക്കുന്ന പലരും ശ്രദ്ധിക്കാത്ത ഒരൽഭുതം കൂടിയുണ്ട് അവിടെ. അത് മുകളിലേക്ക് മാത്രം നോക്കിയാൽ കാണില്ല. മറിച്ച് താഴേക്ക് നോക്കണം. അവിടെ എക്സ്പോ 2020 ദുബൈയുടെ ഹൃദയഭാഗത്ത് ഒരു മീറ്റർ വ്യാസമുള്ള ഡസൻ കണക്കിന് വെങ്കല മെഡലുകൾ കാണാനാവും. അവയോരോന്നും യു.എ.ഇ ചരിത്രത്തിലെ നേട്ടങ്ങളും രാജ്യത്തിന്റെ വളർച്ചയെയും ചിത്രീകരിക്കുന്നതാണ്. ആകെ ആകെ 42 എണ്ണമാണ് ഇത്തരത്തിലുള്ളത്. എക്സ്പോ നടത്തിപ്പിന് യു.എ.ഇ കാത്തിരുന്ന വർഷമാണ് 42.
ഫോളിയോ എന്ന ബ്രിട്ടീഷ് ഏജൻസിയിലെ ഓവൻ ഡേവി, നിക്ക് ഹെയ്സ്, സാറാ മാക്സ്വെൽ, റൂയി റിക്കാർഡോ, സികു എന്നീ അഞ്ച് പ്രഗൽഭരായ കലാകാരന്മാർ എക്സ്പോ നേതൃത്വം തിരഞ്ഞെടുത്ത കഥകളെ അടിസ്ഥാനമാക്കിയാണ് മനോഹരമായ ചിത്രീകരണങ്ങൾ രൂപകൽപ്പന ചെയ്തത്. ഓരോ ഡിസൈനിനും അടുത്തായി, അറബിയിലും ഇംഗ്ലീഷിലും ചിത്രത്തെ കുറിച്ച ഒരു ചെറിയ വിവരണവുമുണ്ട്. ചിത്രീകരണങ്ങളിൽ ചിലത്:
സാലിക്കോർണിയ
ജെറ്റ് ഇന്ധനത്തിന് ഹരിത ബദൽ ഒരുക്കിയതാണ് 'സാലിക്കോർണിയ' ചിത്രീകരിക്കുന്നത്. 2019ൽ ഇത്തരം ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനം അബുദാബിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പറന്നിരുന്നു. ഭാവി പുനരുപയോഗ ഊർജത്തെ പ്രോൽസാഹിപ്പിക്കുന്ന യു.എ.ഇയെയാണ് ഇതിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നത്.
എക്സ്പോ നേട്ടം
2013 നവംബർ 27നാണ് ദുബൈയിൽ വേൾഡ് എക്സ്പോ ആതിഥേയത്വം വഹിക്കാനുള്ള ശ്രമം അംഗീകരിക്കപ്പെടുന്നത്. ഇതിന്റെ ആഘോഷത്തെ കുറിക്കുന്നതാണ് '2013' തലക്കെട്ടിലെ വെങ്കല മെഡൽ.
സഹകരണം
എല്ലാവർക്കും മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതിന് സഹകരണം നിർണായകമാണെന്ന് വിശ്വസിക്കുന്ന യു.എ.ഇയുടെ സന്ദേശമാണ് ഈ മെഡൽ ചിത്രീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നത് മുതൽ ഏറ്റവും ആവശ്യമുള്ളിടത്ത് മാനുഷിക സഹായം നൽകുന്നത് വരെ ഇമാറാത്ത് നിർവഹിക്കുന്ന ദൗത്യങ്ങളെ ഇത് വരച്ചിടുന്നു.
വിദ്യാഭ്യാസം
രാഷ്ട്ര സ്ഥാപക പിതാക്കന്മാർക്ക് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന സന്ദേശമാണിത് പകരുന്നത്. 1959ൽ സർക്കാർ ആദ്യ പ്രൈമറി സ്കൂൾ സ്ഥാപിതമായതു മുതൽ, യു.എ.ഇ വൈവിധ്യമാർന്നതും ബഹുസ്വരവുമായ പഠന സ്ഥാപനങ്ങളുടെ ഒരു ലോകോത്തര ശൃംഖല സൃഷ്ടിച്ചത് ഈ കലാസൃഷ്ടിയിലൂടെ വരച്ചിടുന്നു.
ബഹിരാകാശ പര്യവേക്ഷണം
യു.എ.ഇയുടെ ബഹിരാകാശ പദ്ധതി 2019ൽ ആദ്യത്തെ ബഹിരാകാശയാത്രികനെ അയച്ചതും ഇത് വരച്ചിടുന്നു. 2020ൽ രാജ്യം അത്യാധുനിക ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് അയച്ചതും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം തുടരുന്ന അന്വേഷണങ്ങളും ഇത് വരച്ചിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.