കുട്ടികള്‍ക്ക് ജീവിതാക്ഷരങ്ങള്‍ പകര്‍ന്ന് ആയിഷാ ഖാന്
text_fieldsയു.എ.ഇയില്‍ മൂന്ന് ദിര്‍ഹമിന് ഭക്ഷണം നല്കി വാര്‍ത്തകളിലെത്തിയ എഞ്ചിനീയര്‍ ആയിഷാ ഖാന് ജീവിത പടവുകളെക്കുറിച്ച പാഠങ്ങളുമായി കുട്ടികളെ ചേര്‍ത്ത് പിടിച്ച് റാസല്‍ഖൈമയില്‍. മലയാളി കൂട്ടായ്മയുടെ ആദരവ് ഏറ്റുവാങ്ങുന്ന വേളയിലാണ് മോട്ടിവേഷന്‍ പരിശീലകയുടെ വേഷമണിഞ്ഞ ആയിഷ സദസിന്റെ ശ്രദ്ധ നേടിയത്. പഠനത്തില്‍ മുന്നേറുന്നതിനൊപ്പം പണം ചെലവഴിക്കുന്നിടത്ത് ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് അവര്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചത്.
ഓരോ ഫില്‍സിന്റെയും മൂല്യം വിലമതിക്കാനാകാത്തതാണ്. ഒരു ദിര്‍ഹം സ്വന്തമാക്കുന്നതിന് പിന്നില്‍ ക്ലേശകരമായ പ്രയത്നമുണ്ട്. സുഹൃത്തുക്കളോട് കൂട്ടുകൂടി പണം ചെലവഴിക്കുമ്പോള്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ ഒരു ദിര്‍ഹം ലഭിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടെന്നതിനെക്കുറിച്ച് ചിന്തിക്കണം. സദസ്സിലിരുന്ന കുട്ടികളെ വേദിയില്‍ തനിക്കൊപ്പം ചേര്‍ത്തു നിര്‍ത്തിയായിരുന്നു ആയിഷയുടെ വര്‍ത്തമാനങ്ങള്‍.
12 വര്‍ഷത്തോളം എഞ്ചിനീയറായി സേവനമനുഷ്ഠിച്ച ശേഷമാണ് ആയിഷ ഫുഡ് എ.ടി.എം എന്ന ആശയവുമായി രംഗത്ത് വരുന്നത്. നേരത്തെ വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്കുന്ന ശീലം ഇവര്‍ക്കുണ്ടായിരുന്നു. 450-800 ദിര്‍ഹം എന്ന തുച്ഛമായ ശമ്പളത്തില്‍ കഴിയുന്നവരില്‍ പലരും പശിയടക്കാതെയാണ് നാട്ടിലേക്ക് പണം അയക്കുന്നതെന്ന യാഥാര്‍ഥ്യമാണ് കുറഞ്ഞ നിരക്കില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് പിന്നിലെന്ന് ആയിഷ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് അജ്മാന് കേന്ദ്രീകരിച്ച് ഫുഡ് എ.ടി.എം പ്രവര്‍ത്തനം തുടങ്ങിയത്. അജ്മാന്, ഷാര്‍ജ, ദുബൈ എമിറേറ്റുകളിലെ 2500-3000 തൊഴിലാളികള്‍ നിലവില്‍ ഫുഡ് ഇതിന്റെ ഗുണഭോക്താക്കളാണ്. നോര്‍ത്ത് - സൗത്ത് ഇന്ത്യന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്കാവശ്യമുള്ള ഭക്ഷ്യവിഭവങ്ങളാണ് വിതരണം ചെയ്യുന്നത്. കേവലം മൂന്ന് ദിര്‍ഹമിന് അന്നം നല്‍കുന്നതിന് പിന്നില്‍ ഒരു വ്യാപാര രഹസ്യവുമില്ലെന്ന് ആയിഷ വ്യക്തമാക്കി.
ചില്ലറയായി വാങ്ങുന്ന സാധനങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ നല്ല ശതമാനം വിലക്കുറവില്‍ മൊത്തമായി എടുക്കുന്ന സാധനങ്ങള്‍ക്ക് ലഭിക്കും. ഒരു ദിവസം 100 കിലോ സാധനങ്ങള്‍ വേണ്ടിടത്ത് താന്‍ 1000 കിലോ സാധനങ്ങള്‍ ശേഖരിച്ച് വെക്കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ആദായത്തിന്റെ ഒരു വിഹിതം തുച്ഛവരുമാനക്കാരുമായി പങ്കുവെക്കാന്‍ കഴിയുന്നത് സംതൃപ്തി നല്കുന്ന കാര്യം. യു.എ.ഇയില്‍ അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കുന്നതാണ് തന്റെ സ്വപ്നമെന്നും ഈ അഹമ്മദാബാദ് സ്വദേശി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.