പരിസ്ഥിതി സംരക്ഷണത്തിന് 'ബീഅ'
text_fieldsമാലിന്യ സംസ്കരണത്തിൽ തുടങ്ങി യു.എ.ഇയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് ഷാർജയിൽ ''ബീഅ'' എന്ന ആശയം പിറവിയെടുക്കുന്നത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സ്ഥാപനമായ ''ബീഅ'' എമിറേറ്റ് നേരിടുന്ന നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. പരിസ്ഥിതി എന്നാണ് 'ബീഎ' എന്ന പദത്തിന്റെ അർഥം തന്നെ. ആ വാക്കിനോട് നീതി പുലർത്തുന്ന പ്രവർത്തനങ്ങളാണ് ''ബീഅ''യിൽ നിന്നുണ്ടാകുന്നത്.
2007ൽ ഷാർജയുടെ സുസ്ഥിരവികസനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്ഥാപിതമായ 'ബീഅ' മാലിന്യ നിർമ്മാർജനത്തിനപ്പുറം സുസ്ഥിരത സ്ഥാപനം എന്ന നിലയിൽ യു.എ.ഇക്കു വേണ്ടി നിരവധി ചരിത്രപരമായ നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ട്. ഷാർജ എമിറേറ്റിനെ മിഡിൽ ഈസ്റ്റിന്റെ പരിസ്ഥിതി തലസ്ഥാനമാക്കി മാറ്റാനും മാലിന്യത്തിന്റെ പുനരുപയോഗത്തിലൂടെയും പരിവർത്തനത്തിലൂടെയും സീറോ-വേസ്റ്റ് ലാൻഡ് ഫില്ലിലേക്ക് എത്തുന്ന ആദ്യത്തെ അറബ് നഗരമാക്കാൻ സാധിച്ചതും 'ബീഅ'യുടെ വലിയ നേട്ടങ്ങളിൽ ചിലതാണ്.
'ബീഅ' ഗ്രൂപ്പിന്റെ പുതിയ ആസ്ഥാനം ഷാർജയിലെ അൽ ദൈദ് മേഖലയിൽ മാർച്ചിൽ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തിരുന്നു. മണൽക്കൂനകളുടെ ആകൃതിയിൽ നിർമ്മിച്ച പുതിയ കെട്ടിടം മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടമാണ്. സൗരോർജ്ജത്തിലാണ് പ്രവർത്തനമെന്നതാണ് മറ്റൊരു സവിശേഷത. ഇറാഖി-ബ്രിട്ടീഷ് വാസ്തുശില്പിയായ സഹാ ഹദീദ് രൂപകൽപ്പന ചെയ്ത അവസാനത്തെ ലാൻഡ്മാർക്കുകളിലൊന്നുകൂടിയാണ് ഈ കെട്ടിടം. നൂതന സാങ്കേതിക വിദ്യകൾക്ക് പുറമേ, ഏറ്റവും കുറഞ്ഞ അളവിൽ ഊർജ്ജം ഉപയോഗിക്കുന്നതിനും സുസ്ഥിരതയുടെയും പാരിസ്ഥിതിക സംരക്ഷണത്തിന്റെ അടയാളമായിട്ടുമാണ് 'ബീഅ'യുടെ പുതിയ ആസ്ഥാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
'ബീഅ'യുടെ ആദ്യത്തെ ശുദ്ധ ഊർജ്ജ പദ്ധതിയായ വേസ്റ്റ് ടു എനർജി പ്ലാന്റ് ഷാർജയിലെ സജ്ജ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. മാലിന്യത്തിന്റെ പ്രാഥമിക സംസ്കരണത്തിൽ നിന്ന് വൈദ്യുതി അല്ലെങ്കിൽ താപത്തിന്റെ രൂപത്തിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയാണ് വേസ്റ്റ് ടു എനർജി. പ്രതിവർഷം 400,000 ടൺ മാലിന്യം 80 മെഗാവാട്ട് വൈദ്യുതിയാക്കി മാറ്റുന്നു എന്നതും ജൈവമാലിന്യത്തിന്റെ 99 ശതമാനവും ഊർജ്ജമാക്കി മാറ്റുന്നു എന്നതാണ് വേസ്റ്റ് ടു എനർജി പ്ലാന്റ് ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ വേസ്റ്റ്-ടു-എനർജി (ഡബ്ല്യു.ടി.ഇ) മേഖല വികസിപ്പിക്കുന്നതിന് 'ബീഅ' അബൂദബിയിലെ പുനരുപയോഗ ഊർജ്ജ കമ്പനിയായ മസ്ദറുമായി ചേർന്നുളള സംയുക്ത സംരംഭമാണ് ഈ പ്ലാന്റ്.
വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി സ്നേഹവും പുനരുപയോഗ ശീലങ്ങളും വളർത്തിയെടുക്കാനും, പാരിസ്ഥിതിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ അവരുടെ ഭാവിക്കായി ക്രിയാത്മകമായി ഇടപെടുത്താനും 'ബീഅ' ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. 252,000ൽ അധികം വിദ്യാർത്ഥികളും 6,500 അധ്യാപകരും അടങ്ങുന്ന ശൃംഖലയിലൂടെ 'ബീഅ' സ്കൂൾ ഓഫ് എൻവയോൺമെന്റ് (ബി.എസ്.ഒ.ഇ) 2010ൽ ആരംഭിച്ചിരുന്നു. വിപുലമായ പാഠ്യപദ്ധതികൾ, ആനിമേറ്റഡ് വീഡിയോകൾ, ഇന്ററാക്ടീവ് വെബ് പോർട്ടലിലെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് പുറമേ, ബി.എസ്.ഒ.ഇ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളിൽ അവതരണങ്ങളും ശില്പശാലകളും നടത്തുന്നുണ്ട്.
സുസ്ഥിരതയും ഡിജിറ്റലൈസേഷനും ഉപയോഗിച്ച്, മാലിന്യ സംസ്കരണവും പുനരുപയോഗവും, ശുദ്ധമായ ഊർജ്ജം, പരിസ്ഥിതി കൺസൾട്ടിങ്, വിദ്യാഭ്യാസം, ഹരിത മൊബിലിറ്റി എന്നിവ ഉൾപ്പെടുന്ന ആറ് പ്രധാന വ്യവസായങ്ങളിൽ ഇന്ന് 'ബീഅ' ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.