വരുന്നു, ആവേശം വിതറാൻ യു.എ.ഇ ടൂർ
text_fields
സൈക്ലിങ് തൽപരർക്ക് എന്നു ആവേശമാണ് ഇമാറാത്തിലെ ഏറ്റവും വലിയ മൽസര സഞ്ചാരമായ യു.എ.ഇ ടൂർ. ഇത്തവണ അബൂദബിയിലെ അൽഐനിൽ നിന്ന് ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായി വിവിധ എമിറേറ്റുകളിലൂടെ കടന്നുപോയി അൽഐനിൽ തന്നെ അവസാനിക്കുന്നതാണ് ടൂർ. 1081കിലോമീറ്ററാണ് ആകെ പിന്നിടുന്ന ദൂരം. ഫെബ്രുവരി 20മുതൽ 26വരെ നീണ്ടുനിൽക്കുന്ന സഞ്ചാരത്തിന്റെ ആറാം ഘട്ടത്തിൽ ഇത്തവണ എക്സ്പോ 2020യും ഭാഗമാകുന്നുണ്ട്. യു.എ.ഇയെ പൂർണമായും കാണാൻ ആഗ്രഹിക്കുന്നവർക്ക് അസുലഭമായ അവസരം കൂടിയാണിത്. ടൂറിന്റെ വിവിധ ഘട്ടങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങൾ:
1ഒന്നാം ഘട്ടം: 185 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഘട്ടം 'അൽഐൻ വാട്ടർ സ്റ്റേജ്' എന്നറിയപ്പെടുന്നു- ഈ ഘട്ടം മദീനത്ത് സായിദിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. പൂർണമായും മരുഭൂമിക്ക് കുറുകെയുള്ള ഈ ഘട്ടത്തിൽ തുടക്കവും ഒടുക്കവും 45കിലോമീറ്റർ വീതം നേരായ ട്രക്കിലും ബാക്കി ദൂരം ലിവ മരുഭൂമിയിലെ വളവുകൾ നിറഞ്ഞ ട്രാക്കിലൂടെയുമാണ്.
2 രണ്ടാം ഘട്ടം: ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി സ്റ്റേജിൽ റൈഡർമാർ ഹുദൈരിയത്ത് ദ്വീപിൽ നിന്ന് ആരംഭിച്ച് അബുദാബി ബ്രേക്ക്വാട്ടർ വരെ സഞ്ചരിക്കും. 173 കിലോമീറ്റർ നീളത്തിലെ ഈ യാത്രയിൽ അബൂദബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റൈഡർമാർ കടന്നുപോകും. ഹുദൈരിയത്ത് ദ്വീപിൽ നിന്ന് അബൂദബി നഗരത്തിലൂടെ ശൈഖ് സായിദ് പാലം കടന്ന് ഖലീഫ സിറ്റിയിൽ എത്തും. അവിടെ നിന്ന് അൽ വത്ബ ഒട്ടക ട്രാക്ക് വഴി അൽ ഫലയിലേക്കും യാസ് മറീനയിലേക്കും സാദിയത്ത് ഐലൻഡിലേക്കും കടക്കുന്ന സംഘം കോർണിഷ് വഴി അബൂദബി ബ്രേക്ക് വാട്ടറിൽ എത്തും.
3 മൂന്നാംഘട്ടം: ജി42 സ്റ്റേജ് എന്ന് നാമകരണം ചെയ്യപ്പെട്ട ഘട്ടത്തിൽ അജ്മാനിലൂടെ 9 കിലോമീറ്റർ വ്യക്തിഗത ടൈം ട്രയൽ ആയിരിക്കും. അതിവേഗത്തിൽ കുറഞ്ഞ ദൂരം പിന്നിടുന്ന ഘട്ടമാണിത്.
4 നാലാംഘട്ടം: ബുർജീൽ മെഡിക്കൽ സിറ്റി സ്റ്റേജാണിത്. ഫുജൈറ കോട്ടയിൽ നിന്ന് ജബൽ ജെയ്സ് വരെ 181 കിലോമീറ്ററിലധികം നീളമുള്ള പർവത പാതയിലൂടെയുള്ള സൈക്ലിങാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. തുടക്കം മരുഭൂമിക്ക് കുറുകെയുള്ള റോഡിലൂടെയും പിന്നീട് പർവത ഭാഗങ്ങളിലൂടെയുമാണ് സഞ്ചരിക്കുക. 20കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറുന്നത് ഇതിൽ പ്രധാനമാണ്. ഫുജൈറയിൽ നിന്ന് ഹജർ പർവതനിരകളുടെ അരികിലുള്ള മരുപ്രദേശത്തുകൂടി റാസൽഖൈമയിലേക്കും പിന്നീട് ജബൽ ജെയ്സിലേക്കും റൈഡർമാർ പ്രവേശിക്കും. ഹെയർപിൻ വളവുകൾ ഏറെയുള്ള ട്രാക്കാണിത്.
5 അഞ്ചാംഘട്ടം: റാസൽഖൈമ കോർണിഷിൽ നിന്ന് അൽ മർജാൻ ദ്വീപിലേക്ക് റൈഡർമാർ സഞ്ചരിക്കുന്ന മർജാൻ സ്റ്റേജാണിത്. 182കിലോ മീറ്റർ ദൂരം ഈ ഘട്ടത്തിൽ പിന്നിടേണ്ടതുണ്ട്.
6 ആറാംഘട്ടം: ഇത്തവണത്തെ പ്രത്യേകമായ ഘട്ടമാണിത്. ഇത് എക്സ്പോ 2020ദുബൈ നഗരിയിൽ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കും. ദുബൈ നഗരത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന റൈഡർമാർ ദുബൈ സ്പോർട്സ് സിറ്റി, സിലിക്കൺ ഒയാസിസ്, മെയ്ദാൻ, എമിറേറ്റ്സ് ടവർ, ജുമൈറ റോഡ്, പാം ജുമൈറ, ജുമൈറ ഐലൻഡ് എന്നീ സ്ഥലങ്ങൾ കടന്നുപോകും. ദുബൈ നഗരത്തിന്റെ വിസ്മയക്കാഴ്ചകൾ കണ്ട് എക്സ്പോയിൽ എത്തുന്ന റൈഡർമാർ 180കിലോ മീറ്റർ പിന്നിടും.
7 ഏഴാംഘട്ടം: മുബാദല സ്റ്റേജ് എന്നറിയപ്പെടുന്ന ഘട്ടം അൽഐനിൽ നിന്ന് ആരംഭിച്ച് ജബൽ ഹഫീത്തിൽ സമാപിക്കും. 148കിലോ മീറ്റർ സഞ്ചരിക്കുന്ന അവസാനഘട്ടത്തിൽ അൽഐൻ മൃഗശാല, അൽ ഖത്താര, അൽ ഹിലി, അൽഐൻ ഒയാസിസ് എന്നിവിടങ്ങളിലൂടെയും ഗ്രീൻ മുബാറസയും കടന്നാണ് സംഘം യാത്ര ചെയ്യേണ്ടത്.
യു.എ.ഇ ദേശീയ പതാകയിലെ വർണങ്ങളായ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളിലെ ജഴ്സിയിലാണ് സംഘം സഞ്ചരിക്കുക. യു.എ.ഇ മുഴുവൻ സഞ്ചരിക്കാൻ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്താൻ ലോകപ്രശസ്തരായ റൈഡർമാരാണ് എത്തുക. സർക്കാറിന്റെയും മറ്റു അധികൃതരുടെയും പൂർണമായ പിന്തുണയോടെയാണ് ഇത്തവണയും സഞ്ചാരം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.