പൂരപ്പറമ്പ് ഇനി മഹാനഗരം
text_fieldsപൂരമൊഴിഞ്ഞ പൂരപ്പറമ്പ് പോലെ എന്നത് പഴയൊരു പ്രയോഗമാണ്. ഉത്സവത്തിന് ശേഷം അലങ്കോലമായി കിടക്കുന്ന പറമ്പിനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം. ദുബൈ എക്സ്പോ എന്ന ലോകോത്തര ഉത്സവത്തിനെ ഈ പ്രയോഗവുമായി ഒരിക്കലും ബന്ധിപ്പിക്കാൻ കഴിയില്ല. പൂരത്തിന് ശേഷം കൂടുതൽ സുന്ദരിയാകാൻ ഒരുങ്ങുകയാണ് എക്സ്പോ നഗരി. ഡിസ്ട്രിക്ട് 2020 എന്ന പേരിൽ ദുബൈയിലെ തന്നെ ഏറ്റവും മനോഹര നഗരമാകാനുള്ള യാത്രയിലാണ് എക്സ്പോ. ഒക്ടോബർ ആദ്യവാരം ഇത് തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ക്ഷണിച്ചുകഴിഞ്ഞു. ഒക്ടോബറിൽ തുറക്കുമ്പോൾ 80 സ്റ്റാർട്ടപ്പുകളും ചെറുകിട ബിസിനസ് സ്ഥാപനങ്ങളും ഇവിടെയുണ്ടാകും. 3000ഓളം സ്ഥാപനങ്ങളാണ് സ്റ്റാർട്ടപ്പ് തുടങ്ങാൻ അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 628 സ്ഥാപനങ്ങളെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ 80 എണ്ണം ഒക്ടടോബറിൽ തുറക്കും. 129 രാജ്യങ്ങളാണ് ഇവിടെ സ്റ്റാർട്ടപ്പ് തുടങ്ങാൻ അപേക്ഷിച്ചിരിക്കുന്നത്. നൂതന ആശയങ്ങളുമായെത്തുന്നവരെയാണ് പരിഗണിക്കുന്നത്. സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം എന്ന ആശയവുമായി യോജിക്കുന്നതായിരിക്കും സ്ഥാപനങ്ങൾ.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പല ലോകോത്തര മേളകളും എക്സ്പോയിലെ എക്സിബിഷൻ സെന്ററിലേക്ക് മാറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 15 മിനിറ്റിനുള്ളിൽ എല്ലാ സൗകര്യവും ലഭ്യമാകുന '15 മിനിറ്റ് സിറ്റി' എന്ന ആശയമാണ് ഡിസ്ട്രിക്ട് 2020 നടപ്പാക്കാൻ ഒരുങ്ങുന്നത്. ദുബൈയിൽ എത്തുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഡെസ്റ്റിനേഷനായും ഈ നഗരം മാറും. അത്തരം ടൂറിസം പദ്ധതികളും വരുന്നുണ്ട്. വിവാഹം ഉൾപെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന രീതിയിലേക്കായിരിക്കും ഇന്ത്യൻ പവലിയൻ മാറുക. സസ്റ്റൈനബിലിറ്റി പവലിയൻ കുട്ടകളുടെ കേന്ദ്രവും സയൻസ് സോണുമായി മാറും. ഇതുപോലെ ഓരോ പവലിയനുകളും വ്യത്യസ്ത സംരംഭങ്ങളായി മാറും.
അൽവസ്ൽ പ്ലാസ മാറ്റമില്ലാതെ അവിടെയുണ്ടാവും. ദുബൈ എക്സ്പോയുടെ മുഖമാണ് അൽവസ്ൽ ഡോം. ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി താഴികക്കുടമാണിത്. സീമൻസ്, ഡി.പി വേൾഡ്, ടെർമിനസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വരവ് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഡ്രൈവറില്ലാ വാഹനങ്ങൾക്കായി പ്രത്യേക മേഖല സ്ഥാപിക്കും. ദുബൈയുടെ പുതിയ മുഖമായിരിക്കും ഈ നഗരം. മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഉദ്ദേശിക്കുന്ന പല പരീക്ഷണങ്ങൾക്കും എക്സ്പോ സാക്ഷ്യം വഹിക്കും. അന്താരാഷ്ട്ര വ്യാപാര മേളകളുടെ കേന്ദ്രമായി മാറും. പൊതുജനങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവും എക്സ്പോയിലുണ്ടാകും. എക്സ്പോ വില്ലേജിന്റെ നിർമാണം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നിർമിതിയാണ് എക്സ്പോ വില്ലേജിന്റേത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂപ്പർ മാർക്കറ്റുകളും കഫെകളും ഇവിടെ തുറന്നിട്ടുണ്ട്.
4.38 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന എക്സ്പോയുടെ നിലവിലെ ഘടനയുടെ 80 ശതമാനവും പൊളിക്കില്ലെന്നാണ് അറിയിപ്പ്. ഇവിടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ district2020.ae എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ എക്സ്പോയും അവസാനിക്കുന്നത് എന്തെങ്കിലും അടയാളങ്ങൾ ബാക്കിയാക്കിയാണ്. എന്നാൽ, ദുബൈ എക്സ്പോ അവസാനിക്കുന്നത് ഒരു നഗരം തന്നെ സൃഷ്ടിച്ചെടുത്താണ്. യഥാർഥത്തിൽ എക്സ്പോ അവസാനിക്കുകയല്ല, തുടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.