അല്‍ വത്ബയിലെ ഫോസില്‍ മണല്ക്കൂനകള്
text_fieldsഅബൂദബി അല്‍ വത്ബയിലെ ഫോസില്‍ മണല്ക്കൂനകള് ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി ഒരുങ്ങി. യു.എ.ഇയിലെ ആദ്യ സംരക്ഷിത പ്രദേശമാണ് അല്‍ വത്ബ ഫോസില്‍ ഡ്യൂണ്‍സ്. ഏഴ് ചതുരശ്ര കിലോമീറ്ററിലേറെയായി പരന്നുകിടക്കുന്നതാണ് മണല്കൂനകളാണിത്. 1700ലേറെ ഫോസില്‍ മണല്‍ക്കൂനകളാണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് പുറമെ പ്രധാന ഇക്കോ ടൂറിസം ആകര്‍ഷണം കൂടിയായി മാറിയിരിക്കുകയാണ് ഫോസില്‍ മണല്ക്കൂനകള്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സംരക്ഷിത മേഖല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സന്ദര്‍ശകര്‍ക്കായി അനേക സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വിരളമായ മണല്രൂപങ്ങള് ചേര്‍ന്നാണ് അല്‍വത്ബയിലെ ഫോസില്‍ മണല്ക്കൂനകള് രൂപപ്പെട്ടിരിക്കുന്നത്. നിരവധി വന്യജീവി വിഭാഗങ്ങളുടെ സുപ്രധാന വാസമേഖല കൂടിയാണ് ഇവിടം. മുനിസിപ്പാലിറ്റി, ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, സാംസ്കാരിക-ടൂറിസം വകുപ്പ്, മാലിന്യസംസ്കരണ കേന്ദ്രം എന്നിവയുമായി സഹകരിച്ച് പരിസ്ഥിതി ഏജന്‍സി ഇതിനെറ സംരക്ഷണം ഉറപ്പുവരുത്തും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെയും വെള്ളി, ശനി ദിവസങ്ങളിലും അവധി ദിനങ്ങളിലും രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയുമാണ് മേഖലയില്‍ സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. സംഗീതപരിപാടികളും ലൈറ്റ് ഷോകളും അരങ്ങേറുന്ന തിയേറ്റര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 200 പേരാണ് ആംഫി തിയേറ്ററില്‍ ഉള്‍ക്കൊള്ളുക.
ഭക്ഷണ പാനീയങ്ങള്‍ക്കായി പ്രത്യേക വാഹനങ്ങളും ഇവിടെയുണ്ടാവും. 24 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ടതാണ് ഫോസില്‍ മണല്ക്കൂനകളെന്നാണ് നിഗമനം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് കാറ്റടിച്ച് കാല്‍സ്യം കാര്ബണേറ്റുമായി ഇടകലര്‍ന്ന് പ്രകൃതിദത്തമായതും ദൃഢമായതുമായ മണല്ക്കൂനകള് രൂപംകൊണ്ടത്.
അൽദഫ്ര റീജിയനിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദാണ് ഫോസില്‍ ഡ്യൂണ്‍സ് സംരക്ഷണ മേഖല ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.