കലയുടെ വസന്തവുമായി ഗാലറി എക്സ്
text_fieldsഒരേ സമയം പ്രകൃതിയുടെ സൗന്ദര്യത്തെയും സംഗീതത്തെയും ആവിഷ്ക്കരിക്കാൻ കഴിവുള്ളതാണ് ഓരോ തടാകങ്ങളും. തടാക മധ്യത്തിൽ ഒരു ആംഫി തിയ്യറ്റർ കൂടി വന്നാലോ, അവിടം കലയുടെ കേദാരമാകും. ഇത്തരമൊരു കേദാരമാണ് ഷാർജ അൽ മജാസിലെ ഖാലിദ് തടാകത്തിൽ സ്ഥിതി ചെയ്യുന്നു ആംഫി തിയ്യറ്റർ. തീയറ്ററിൽ ഫോട്ടോഗ്രാഫി പ്രദർശനത്തിനുള്ള സ്ഥിരം വേദിയായ 'ഗാലറി എക്സ്' തുറന്നതോടെ ഷാർജ കലയുടെയും ഫോട്ടോഗ്രാഫിയുടെയും പുതിയ വസന്തത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോയുടെ എക്സ്പോഷർ ഇൻറർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്ത ഗാലറി എക്സ് ലോകമെമ്പാടുമുള്ള അവാർഡ് നേടിയ ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രതിമാസ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ, സമകാലിക പ്രസക്തിയുള്ള, മനുഷ്യർക്കും പ്രകൃതിക്കും വേണ്ടി നിലകൊള്ളുന്ന സൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രദർശനങ്ങളാണ് എല്ലാ മാസവും ഗാലറി എക്സ് അവതരിപ്പിക്കുക.
കൂടാതെ ദീർഘകാല എക്സിബിഷനുകളും അക്കാദമിക് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള എക്സിബിഷൻ ഇടം മാത്രമല്ലിത്, അമേച്വർ ഫോട്ടോഗ്രാഫർമാർക്കും പൊതുജനങ്ങൾക്കും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഒത്തുചേരാനുള്ള സുസ്ഥിര വേദിയും കൂടിയാണ്. ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്കായി പൂർണ്ണ സജ്ജീകരണ ഏരിയ ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫർമാർക്കും വിഷ്വൽ ആർട്ടിൽ താൽപ്പര്യമുള്ളവർക്കും കലയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനായി അപൂർവ അന്താരാഷ്ട്ര ജേണലുകൾ സംഭരിച്ചിരിക്കുന്ന ഇൻററാക്ടീവ് റീഡിങ് ഏരിയ ഗാലറി എക്സിൽ ഉൾപ്പെടുന്നു. സന്ദർശകർക്ക് വിശ്രമിക്കാനും അവരവരുടെ തരത്തിലുള്ള വർക്ക് ചെയ്യാനും കഴിയുന്ന ട്രെൻഡി കഫേയും ഇവിടെയുണ്ട്. ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് കലയുടെ കൊട്ടാരം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.