മനോജ് സാഹിബ്ജാനും ബേനസീറും; ബാഡ്മിന്റൺ കോർട്ടിലെ സ്നേഹക്കൂട്ട്
text_fieldsലവ് ഓൾ’ എന്ന സ്നേഹത്തിന്റെ സന്ദേശമോതി തുടങ്ങുന്ന ബാഡ്മിന്റൺ എന്ന ഗെയിമിനോട് വല്ലാത്ത മുഹബ്ബത്താണ് മനോജ് സാഹിബ്ജാനും പത്നി ബേനസീറിനും. ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സ് (എൻ.വി.ബി.എസ്) എന്ന ഇവരുടെ അക്കാദമിയുടെ ലോഗോയിൽ ‘ലവ് ഓൾ’ എന്ന സന്ദേശം പതിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഇവരുടെ ജീവിത സന്ദേശവും. എൻ.വി.ബി.എസിൽ പയറ്റിത്തെളിഞ്ഞ കുട്ടികൾ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടം കൊയ്യുമ്പോൾ കഷ്ടപ്പാടിന്റെ പഴയ കഥകൾ മറന്ന് സന്തോഷവും അഭിമാനവും കൊണ്ട് ഉള്ളം നിറയും. 2016ലാണ് എൻ.വി.ബി.എസ് സ്ഥാപിക്കുന്നത്. അൽ മമൂറ, അൽ തുമാമ, അൽ മിഷാഫ് എന്നിവിടങ്ങളിലാണ് എൻ.വി.ബി.എസിന് സെന്ററുകളുള്ളത്. ഇപ്പോൾ 12 കോച്ചുമാരും ഒരു അഡ്മിനും അടക്കമുള്ള ജീവനക്കാരും 150ഓളം കുട്ടികളും ഉണ്ട്. കുട്ടികളിൽ പലരും ജി.സി.സിയിലും ഇന്ത്യയിലും ഇന്റർനാഷണൽ തലത്തിലും നടക്കുന്ന വിവിധ ടൂർണമെന്റുകളിൽ ജേതാക്കളായിട്ടുണ്ട്. ഒരു കോർട്ടിൽ ആറുപേരെയും (ഒന്നര മണിക്കൂറിൽ), എട്ടുപേരെയും (രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ) മാത്രം പരിശീലിപ്പിച്ചാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ അവരെ പ്രാപ്തരാക്കുന്നത്. പരീക്ഷ, വെക്കേഷൻ, കാലാവസ്ഥ മാറ്റങ്ങൾ ഒക്കെ ബാധിക്കുന്നതിനാൽ വർഷത്തിൽ അഞ്ച് മാസമേ കുട്ടികൾക്ക് പരിശീലനം നൽകാൻ കഴിയൂ എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് മനോജ് പറയുന്നു. വരുമാനത്തിന്റെ നല്ലൊരു ഭാഗവും കുട്ടികൾക്ക് വേണ്ടി തന്നെയാണ് ചിലവഴിക്കുന്നതും. കോച്ചുമാരുടെ മേൽനോട്ടത്തിലാണ് കുട്ടികളെ വിവിധയിടങ്ങളിൽ ടൂർണമെന്റുകൾക്ക് അയക്കുന്നത്. കോച്ചുമാരുടെ യാത്രാ-താമസ ചെലവുകളൊക്കെ എൻ.വി.ബി.എസ് വഹിക്കും. താൻ പരിശീലകനായിരുന്ന സമയത്ത് കിട്ടാതിരുന്ന സൗകര്യങ്ങൾ കോച്ചുമാർക്ക് ലഭിക്കുന്നതിന് അവരെ തന്റെ വില്ലയുടെ വളപ്പിൽ തന്നെയാണ് മനോജ് താമസിപ്പിച്ചിരിക്കുന്നത്. ഷട്ടിൽ കോർട്ട്, ജിം തുടങ്ങിയ സൗകര്യങ്ങളും അവർക്കായി താമസസ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ പരിശീലനത്തിൽ എത്രമാത്രം താൽപര്യമുണ്ട് എന്ന് വിലയിരുത്തിയ ശേഷമാണ് എൻ.വി.ബി.എസിൽ അഡ്മിഷൻ നൽകുന്നത്.
പൊരുതി നേടിയ വിജയം
മൂന്ന് പതിറ്റാണ്ട് മുമ്പ് കൊല്ലം പുനലൂർ ചെമ്മന്തൂരിലെ വൈ.എം.സി.എയുടെ ബാഡ്മിന്റൺ കോർട്ടിൽ റബർ ചെരിപ്പ് കൊണ്ട് ഷട്ടിൽ തട്ടി പഠിച്ച മനോജ് സാഹിബ്ജാൻ പല തവണ ജില്ലാ ചാമ്പ്യനും സംസ്ഥാന-ദേശീയ-ഇൻറർനാഷണൽ താരവും കേരളത്തിലും ഖത്തറിലും നിരവധി താരങ്ങളെ സമ്മാനിച്ച പരിശീലകനും ഒക്കെയായി മാറിയതിന് പിന്നിൽ കഷ്ടപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ട്. ഇന്ന് ഖത്തറിൽ മൂന്ന് സെന്ററുകളുള്ള എൻ.വി.ബി.എസിന്റെ അമരക്കാരനായിരിക്കുമ്പോഴും റബർ ചെരിപ്പ് കൊണ്ട് ഷട്ടിൽ തട്ടിക്കളിച്ച ആ കാലം മറന്നിട്ടില്ല മനോജ്. ‘അങ്ങിനെയൊരു തുടക്കം വെച്ച് നോക്കുമ്പോൾ സ്വപ്നതുല്യമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ബാറ്റ് വാങ്ങാൻ പണമില്ലാത്തതിനാലാണ് റബർ ചെരിപ്പ് കൊണ്ട് ഷട്ടിൽ തട്ടിക്കളിച്ചിരുന്നത്. പിന്നീട് പല തവണ ജില്ലാ ചാമ്പ്യനും സംസ്ഥാന-ദേശീയ-ഇൻറർനാഷണൽ താരവും കേരളത്തിലും ഖത്തറിലും നിരവധി താരങ്ങളെ സമ്മാനിച്ച പരിശീലകനും ഒക്കെയായി. ജീവിതത്തിൽ ഉയർച്ച താഴ്ചകളും വെല്ലുവിളികളും ഉണ്ടായപ്പോൾ അതിനെയൊക്കെ അതിജീവിക്കാൻ കരുത്ത് നൽകിയത് കടന്നുവന്ന വഴികളിലെ അനുഭവങ്ങളാണെന്ന് മനോജ് പറയുന്നു. എൻ.വി.ബി.എസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൂടിയായ ഭാര്യ ബേനസീറിന്റെ അകമഴിഞ്ഞ പിന്തുണയും കരുത്താണ്. എൻ.വി.ബി.എസിന്റെ എല്ലാ നേട്ടങ്ങളിലും ബേനസീറിന്റെ കൈയൊപ്പുണ്ടെന്ന് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ്ജാൻ ഉറപ്പിച്ച് പറയുന്നു. കഷ്ടപ്പാടിന്റെ തുടക്കകാലം മുതൽ വ്യവസ്ഥാപിതമായി വളർന്നുവന്ന ഓരോഘട്ടത്തിലും നെടുന്തൂണായി ബേനസീർ ഒപ്പമുണ്ടായിരുന്നു.
ക്രിക്കറ്റിൽനിന്ന് ബാഡ്മിന്റണിലേക്ക്
പനാമ കമ്പനിയിൽ ഡ്രൈവർ കം സൂപ്പർവൈസറായിരുന്ന സാഹിബ്ജാനിന്റേയും ഗൾഫിലും നാട്ടിലുമൊക്കെ അധ്യാപികയായിരുന്ന മറിയംബീവിയുടെയും മകനായ മനോജിന് 17 വയസ്സ് വരെ ക്രിക്കറ്റിനോടായിരുന്നു താൽപര്യം. ഒരിക്കൽ ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് വെ.എം.സി.എയിലെ കയ്യടിയും ബഹളങ്ങളുമൊക്കെ കേൾക്കുന്നത്. ഷട്ടിൽ കളിയായിരുന്നു. എന്താണ് ഈ കളിയെന്നറിയാൻ അഞ്ച് മിനിറ്റ് ഇരിക്കാമെന്ന് കരുതിയ മനോജ് എഴുന്നേറ്റത് രാത്രി ഒമ്പതിനാണ്. ഇരുട്ടിയിട്ടും വീട്ടിലെത്താത്ത മകനെ നോക്കി പലയിടങ്ങളിലും അലഞ്ഞ് വിഷമിച്ചിരുന്ന പപ്പയുടെ കയ്യിൽ നിന്ന് നല്ല അടിയും കിട്ടി അന്ന്. പക്ഷേ, പിന്നീടുള്ള ദിവസങ്ങളിലും ഇതാവർത്തിച്ചു. വീട്ടിലേക്കുള്ള വൈകി വരവും പപ്പയുടെ ശകാരവും തുടർക്കഥയായി. ആറുമാസത്തോളം മനോജ് കളി കണ്ടുകൊണ്ടേയിരുന്നു. കളിക്കാർക്കുള്ള സോഡയും സിഗരറ്റുമൊക്കെ വാങ്ങാൻ മനോജിനെയാണ് പറഞ്ഞുവിടുക. കളിയുടെ രസച്ചരട് മുറിയാതിരിക്കാൻ മനോജ് ശരവേഗത്തിൽ പോയി ഇവയെല്ലാം വാങ്ങി വരികയും ചെയ്യും. അവിടെ കളിച്ചിരുന്ന സജി അച്ചായന്റേയും ജോസ് അച്ചായന്റേയും (ജെ.ബി.എസ് ബ്രദേഴ്സ്) മക്കളായ സുബിൻ ബാബു, ടിറ്റോ ജോൺ എന്നിവരുമായിട്ടായിരുന്നു ചങ്ങാത്തം. ബാറ്റ് കിട്ടാക്കനി ആയതിനാൽ റബർ ചെരിപ്പ് ഉപയോഗിച്ചാണ് അവരുമായി പഴയ ഷട്ടിലെടുത്ത് തട്ടിക്കളിച്ചിരുന്നത്. തന്റെ വഴി ബാഡ്മിന്റൺ ആണെന്ന് അന്ന് മനസ്സിലായതാണ്.
അക്കാലത്താണ് സഹോദരിയെ പെണ്ണുകാണാൻ മാലദ്വീപിൽ നിന്ന് ഒരു കൂട്ടർ വരുന്നത്. അവർ വീട് ചോദിച്ചതാകട്ടെ, വഴിയരികിൽ ഗോലി കളിച്ചുകൊണ്ടിരുന്ന മനോജിനോടും. പെണ്ണുകാണൽ കഴിഞ്ഞ് പോകുമ്പോൾ അവർ മനോജിന് 200 രൂപ സമ്മാനമായി നൽകി. ആ പണം കൊണ്ട് ബൂസ്റ്റാണ് മനോജ് വാങ്ങിയത്. കാരണം, അന്ന് ബൂസ്റ്റിന്റെ കൂടെ റാക്കറ്റ് സൗജന്യമായി കിട്ടും. ചെരുപ്പ് മാറ്റി റാക്കറ്റുപയോഗിച്ച് കളിക്കാൻ മനോജ് രണ്ട് ബൂസ്റ്റ് വാങ്ങി. വൈ.എം.സി.എയിൽ കളിച്ചിരുന്ന ശ്യാംനാഥ് ആണ് ശരിക്കുള്ള ബാറ്റ് ആദ്യമായി മനോജിന് നൽകുന്നത്. ആദ്യകളിയിൽ തന്നെ വിജയിച്ചതോടെ ആത്മവിശ്വാസമായി. ആറുമാസമായപ്പോൾ വെ.എം.സി.എയിൽ നടന്ന ടൂർണമെന്റിൽ ജോസ് അച്ചായൻ മനോജിനെയും ചേർത്തു. അവിടുത്തെ സ്ഥിരം ജേതാക്കളായ ജോൺസൻ തോമസിനെ തോൽപിച്ചാണ് മനോജ് വരവറിയിച്ചത്. കൊല്ലം ജില്ല ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി എ.കെ. നായരെ പരിചയപ്പെട്ട ശേഷം ജില്ല ടൂർണമെന്റിൽ കളിച്ചു. നിലവിലെ ചാമ്പ്യൻ അനൂപിനെ തോൽപ്പിച്ച് അണ്ടർ 18 ജില്ലാ ചാമ്പ്യനായി.
അക്കാലത്ത് സമീപ പ്രദേശങ്ങളിലെ പല ഔട്ട്ഡോർ ടൂർണമെന്റുകളും ജയിച്ച് തുടങ്ങിയതോടെ പരിശീലനാവസരം തേടി മനോജ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോച്ച് ബാലചന്ദ്രനെ കാണാൻ പോയി. പക്ഷേ, നന്നേ ചെറുപ്പം മുതലാണ് താൻ കുട്ടികളെ പരിശീലിപ്പിക്കുന്നതെന്നും മനോജിന് പ്രായം കൂടിപ്പോയെന്നും പറഞ്ഞ് അദ്ദേഹം തിരിച്ചയച്ചു. നിരാശനാകാതെ വീണ്ടും തിരിച്ചെത്തി തിരുവനന്തപുരം ജില്ല അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത മനോജ് സ്റ്റ്യാചു വൈ.എം.സി.എയിൽ ചേർന്ന് കളിച്ച് 19ാം വയസ്സിൽ ജില്ലയിലെ രണ്ടാം നമ്പർ താരമായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും ശ്രീമൂലം ക്ലബിലുമൊക്കെ നടക്കുന്ന ജില്ല, സംസ്ഥാന മത്സരങ്ങളിലൊക്കെ കളിച്ചു. 20ാം വയസ്സിൽ തന്റേതായ ശൈലിയിൽ കുട്ടികളെ പരിശീലിപ്പിക്കാനും തുടങ്ങി. ശിഷ്യരെ കിട്ടാൻ ഇപ്പോൾ തിരുവനന്തപുരം ബാഡ്മിന്റൺ അസോസിയേഷന്റെ പ്രസിഡന്റായ രാകേഷ് ശേഖറൊക്കെ സഹായിച്ചിരുന്നു. ഇതിനിടയിൽ അന്നത്തെ മിന്നും താരങ്ങളൊക്കെ മത്സരിച്ച സംസ്ഥാന സിംഗ്ൾസ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്തി. ശ്രീമൂലം ക്ലബിൽ കളിക്കാൻ അവസരം കിട്ടാതെ വിഷമിച്ച സമയത്ത് സഹായിച്ച പവൻ കുമാർ ആണ് നാട്ടിലും ഖത്തറിലും മനോജിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പവൻ കുമാറിന്റെ പിന്തുണയോടെ ഏജീസ് ഓഫിസിലെ കോർട്ടിൽ കളിക്കാൻ സാധിച്ചതോടെ നല്ല കളിക്കാരനായി പേരെടുക്കാൻ കഴിഞ്ഞു. മൂന്നുനാല് വർഷം അവിടെ സംസ്ഥാന താരങ്ങളായ ഫിറോസ് ഷാ, രാജീവ് ശേഖർ, അനിൽ എന്നിവർക്കൊപ്പം കളിച്ചാണ് സംസ്ഥാന-ദേശീയ മത്സരങ്ങളിൽ മാറ്റുരച്ചത്.
ഖത്തർ-മാലദ്വീപ്-ഖത്തർ
30ാം വയസ്സിൽ മനോജിനെ ഖത്തറിൽ കൊണ്ടുവരുന്നതും ഇപ്പോൾ പ്രൈം സ്പോർട്സ് സെന്ററിന്റെ ചുമതല വഹിക്കുന്ന പവൻ കുമാർ ആണ്. ജപ്പാൻ ഗ്യാസ് കമ്പനിയിൽ അഡ്മിൻ അസിസ്റ്റന്റ് ആയിട്ടാണ് ഖത്തറിൽ എത്തുന്നത്. രണ്ട് വർഷത്തെ വിസ ഉണ്ടായിരുന്നെങ്കിലും ജോലിത്തിരക്ക് മൂലം കളിക്കാനുള്ള അവസരം കുറവായതിൽ നിരാശനായി നാട്ടിലേക്ക് മടങ്ങി. അന്ന് മാലദ്വീപ് ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ആയിരുന്ന മൂസ നാഷിദിന്റെ (പിന്നീട് അദ്ദേഹം ബാഡ്മിന്റൺ ഏഷ്യ സെക്രട്ടറി ജനറൽ ആയി) ക്ഷണപ്രകാരം യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ പരിശീലകനായി അവിടേക്ക് പോയി. പക്ഷേ, അവിടുത്തെ ചില പൊളിറ്റിക്സും സംഘർഷവുമൊക്കെ കാരണം മടങ്ങേണ്ടി വന്നു. പണത്തിന്റെ ബുദ്ധിമുട്ട് വന്നതോടെ വിസ കാലാവധി തീരാൻ നാലഞ്ച് ദിവസം ബാക്കി നിൽക്കേ പവൻ കുമാറിന്റെ തന്നെ സഹായത്തോടെ ഖത്തറിൽ തിരികെയെത്തി.
ഖത്തറിൽ വന്ന സമയത്ത് സുഹൃത്ത് ലിസ്റ്റൺ ജോസഫ് നൽകിയ സഹായങ്ങളും മറക്കാൻ കഴിയുന്നതല്ല. രണ്ടാം വരവിൽ ഇന്ത്യൻ ക്ലബ്ബിൽ ബാഡ്മിന്റൺ പരിശീലകനായി. ഇന്ത്യൻ ക്ലബ് പ്രസിഡന്റായ ചെറിയാൻ ജോർജാണ് വെറ്ററൻ നാഷനൽ-ഇന്റർനാഷനൽ താരമായ കെ.ഒ. ജോർജിന്റെ ശിപാർശയിൽ മനോജിനെ നിയമിക്കുന്നത്. രണ്ട് കുട്ടികൾ മാത്രമായിരുന്നു ആദ്യമുണ്ടായത്. പണമില്ലാത്തതിനാൽ പൊരിവെയിലത്ത് നടന്നാണ് മനോജും ബേനസീറും കുട്ടികളെ കിട്ടാൻ സ്കൂളുകൾ തോറും കയറിയിറങ്ങിയത്. അങ്ങിനെ 140ഓളം കുട്ടികളായി. അവരെ പരിശീലിപ്പിച്ച് ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങൾക്കും ബഹ്റൈനിലും യു.എ.ഇയിലും നടന്ന മത്സരങ്ങളിലുമൊക്കെ അയച്ച് നേട്ടങ്ങളുണ്ടാക്കി. ജേഴ്സിയിൽ താരങ്ങളുടെ പേരെഴുതിയും അവരുടെ നേട്ടങ്ങളെ കുറിച്ച് എഴുതി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുമൊക്കെ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത് ബേനസീർ നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്ന് മനോജ് ഓർക്കുന്നു. ക്ലബിലേക്ക് ഇരുവരും നടന്നാണ് പോകുക. ഉച്ച മുതൽ ശരിക്ക് ഭക്ഷണം പോലും കഴിക്കാതെ വെളുപ്പിനെ ഒരു മണി വരെയൊക്കെ ഇരിക്കേണ്ടി വന്ന ദിവസങ്ങളുണ്ട്. ഒരു ബാച്ചിൽ 30 കുട്ടികളെയൊക്കെ പരിശീലിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പരിശീലനത്തിൽ വ്യക്തിഗത ശ്രദ്ധ കിട്ടുന്നതിന് സൗകര്യം വേണമെന്ന ആവശ്യം പരിഗണിക്കാതെ വന്നപ്പോൾ മൂന്നുവർഷത്തിനുശേഷം ഇന്ത്യ ക്ലബിൽ നിന്ന് പടിയിറങ്ങി.
പിന്നീട് ഖത്തർ ബാഡ്മിന്റൺ ക്ലബിലെ (ക്യു.ബി.സി) പരിശീലകനായി. ഖത്തർ ഫൗണ്ടേഷനിലെ സ്പോർട്സ് കോഓഡിനേറ്റർ അലക്സ് റോസ്കയുടെ ആവശ്യപ്രകാരം രണ്ടര മാസത്തോളം ഖത്തർ ഫൗണ്ടേഷനിൽ കൂടി പരിശീലകനായതോടെ അറിയപ്പെടുന്ന കോച്ചായി. പിന്നീടാണ് വെറ്ററൻ നാഷണൽ-ഇന്റർനാഷണൽ താരമായ കെ.ഒ. ജോർജിന്റെ ശ്രമഫലമായി ഖത്തർ ഒളിമ്പിക് കമ്മിറ്റിയിൽ എത്തുന്നത്. ഏഴുവർഷമാണ് ദേശീയ കോച്ചായി അവിടെ ജോലി ചെയ്തത്.
പ്രോഗ്രസ് കാർഡ് കിടിലൻ
വ്യക്തിഗത പ്രോഗ്രസ് കാർഡ് എൻ.വി.ബി.എസിന്റെ സവിശേഷതയാണ്. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിവുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്ന എൻ.വി.ബി.എസിൽ മനോജ് സാഹിബ്ജാൻ അവതരിപ്പിച്ച നൂതന വിശകലനവും പുരോഗതി റിപ്പോർട്ട് സംവിധാനവുമാണ് എൻ.വി.ബി.എസിന്റെ മുഖമുദ്ര. പരിശീലനത്തിന്റെ ഓരോ ഘട്ടത്തിലെയും കുട്ടിയുടെ പുരോഗതി ചാർട്ടിൽ രേഖപ്പെടുത്തി രക്ഷിതാക്കൾക്ക് കൈമാറും. ഓരോ വിദ്യാർഥിയുടെയും മികവും കുറവുകളും മെച്ചപ്പെടേണ്ട മേഖലകളുമെല്ലാം വിലയിരുത്തി പ്രോഗ്രസ് കാർഡിൽ രേഖപ്പെടുത്തുന്നു. നിശ്ചിത കാലയളവിൽ ഇത് അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഹാജർ, കായികക്ഷമത, ടെക്നിക്കൽ സ്കിൽ, ടാക്റ്റിക്സ് ഗ്രോത്ത് തുടങ്ങിയവയെല്ലാം പ്രോഗ്രസ് കാർഡിൽ കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് പുരോഗതി വിലയിരുത്തി കളി മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ്. അതുല്യമായ ഘടകങ്ങളും മാനദണ്ഡങ്ങളുമുള്ള ഈ സംവിധാനം രക്ഷിതാക്കൾക്ക് കുട്ടികളുടെ ബാഡ്മിന്റൺ പരിശീലന പുരോഗതിയെക്കുറിച്ചുള്ള അമൂല്യമായ ഉൾക്കാഴ്ച നൽകുക കൂടി ചെയ്യുന്നു. പരിശീലകരെ വിലയിരുത്താനും ഈ സംവിധാനം ഉപകാരപ്പെടും.
കാരണം കുട്ടികളിൽ കൃത്യമായ പുരോഗതി ഉണ്ടാക്കിയെടുക്കൽ പരിശീലകരുടെ ഉത്തരവാദിത്തമാണല്ലോ. അതിൽ എത്രമാത്രം വിജയിച്ചുവെന്ന് രേഖാമൂലം വ്യക്തമാവുകയാണിവിടെ. പരിശീലകരെ വിലയിരുത്തുന്നതിലും കായിക വികസനത്തിലെ ഒരു സുപ്രധാന സ്ഥാപനമായി എൻ.വി.ബി.എസിനെ സ്ഥാപിക്കുന്നതിലും ഇത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. താൻ പരിശീലകനായിരുന്ന സമയത്ത് കിട്ടാതിരുന്ന സൗകര്യങ്ങൾ കോച്ചുമാർക്ക് ലഭിക്കുന്നതിന് അവരെ തന്റെ വില്ലയുടെ വളപ്പിൽ തന്നെയാണ് മനോജ് താമസിപ്പിച്ചിരിക്കുന്നത്. ഷട്ടിൽ കോർട്ട്, ജിം തുടങ്ങിയ സൗകര്യങ്ങളും അവർക്കായി താമസസ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ പരിശീലനത്തിൽ എത്രമാത്രം താൽപര്യമുണ്ട് എന്ന് വിലയിരുത്തിയ ശേഷമാണ് എൻ.വി.ബി.എസിൽ അഡ്മിഷൻ നൽകുന്നത്. കിങ്സ് കോളജിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ മാഷലും മനോജിന്റെ പാത പിന്തുടർന്ന് ബാഡ്മിന്റൺ രംഗത്തുണ്ട്. നിരവധി ടൂർണമെന്റുകളിൽ ജേതാവായ മാഷൽ ‘ജമ്പേഴ്സ് നീ’യുടെ പരിക്കിൽ നിന്ന് മുക്തനായി കോർട്ടിൽ സജീവമാകുന്നതും കാത്തിരിക്കുകയാണ് മനോജും ബേനസീറും.
‘‘സമീപ വർഷങ്ങളിൽ സ്പോർട്സിന് വലിയ പ്രചാരം ലഭിച്ചതോടെ പല പ്രമുഖ വ്യവസായികളും കായിക മേഖലയിൽ ആകൃഷ്ടരാവുകയും സ്പോർട്സ് അക്കാദമികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ബിസിനസ് പോസിറ്റീവ് ആണ്. അവരുടെ പരിശ്രമങ്ങളെ നാം പിന്തുണക്കേണ്ടതുണ്ട്. അതേസമയം, ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുമുണ്ട്. ഇത്തരം പല സ്പോർട്സ് അക്കാദമികളിലും പ്രഫഷനലുകൾ അല്ലാത്ത, അംഗീകാരമില്ലാത്ത പരിശീലകർ പ്രവർത്തിക്കുന്നു. ഇത് കായിക മേഖലയുടെ സത്യസന്ധത തകർക്കുകയും കളിക്കാരുടെ പുരോഗതി അപകടത്തിലാക്കുകയും ചെയ്യുന്നു. അംഗീകൃത പരിശീലകർക്ക് വൈദഗ്ധ്യവും പരിചയസമ്പത്തും കായികമേഖലയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ധാരണയുമുണ്ടാകും. പ്രതിഭ വളർത്തി കളിക്കാരുടെ പുരോഗതി ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഇതിന് പകരം യോഗ്യതയില്ലാത്ത പരിശീലകരാണെങ്കിൽ സാധാരണ പരിശീലനം നൽകുകയും ആത്യന്തികമായി കളിക്കാരുടെ പുരോഗതിക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നു.
അക്കാദമികളിൽ പ്രഫഷനലിസം ഇല്ലാത്തതിനാലും ശരിയായ മാർഗനിർദേശം ലഭിക്കാത്തതിനാലും പ്രതിഭാധനരായ പല കുട്ടികളും അൽപകാലത്തെ പരിശീലനത്തിന് ശേഷം പ്രഫഷനൽ ബാഡ്മിന്റൺ മേഖല തന്നെ വിട്ടുപോയി. ഈ പ്രവണത തുടർന്നാൽ കായികമേഖല സ്തംഭനത്തിന്റെ പരാജയത്തിന്റെയും ഘട്ടം നേരിടേണ്ടി വരും. സ്പോർട്സ് അഭിവൃദ്ധിപ്പെടണമെങ്കിൽ അക്കാദമികൾ ഉയർന്ന നിലവാരവും പ്രഫഷനലിസവും നിലനിർത്തണം. അതിന് വേണ്ടത് അഭിനിവേശവും ആത്മാർഥതയുമുള്ള അംഗീകൃത പരിശീലകരെ നിയമിക്കുകയുമാണ്. കളിയോട് ആത്മാർഥമായ അർപ്പണബോധമുള്ള പരിശീലകർക്ക് മാത്രമേ കളിക്കാർക്ക് ശരിയായ മാർഗനിർദേശവും പിന്തുണയും നൽകാൻ കഴിയൂ. കായികരംഗത്തിന്റെ ഭാവി യുവതാരങ്ങൾക്ക് നൽകുന്ന പരിശീലനത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.
അതുപോലെത്തന്നെ കായിക സംഘടനകളുടെ തലപ്പത്തുള്ളവർക്ക് പ്രഫഷനലിസവും സത്യസന്ധതയും പ്രതിദ്ധതയും ഉണ്ടാകണം. സ്പോർട്സിനോട് യഥാർഥ അഭിനിവേശമുള്ള സമർപ്പിതരായ പ്രഫഷനലുകളാണ് അക്കാദമികൾ നടത്തുന്നതെന്ന് ഉറപ്പാക്കുന്നതിലൂടെ കായിക പ്രതിഭകൾക്ക് വളരാൻ കഴിയുന്ന അന്തരീക്ഷം നമുക്ക് വളർത്തിയെടുക്കാൻ കഴിയും.’’
–മനോജ് സാഹിബ്ജാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.