ഫ്യൂചർ മ്യൂസിയത്തിലെ രഹസ്യങ്ങൾ
text_fieldsദുബൈ ശൈഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരുടെയെല്ലാം കണ്ണിലുടക്കുന്ന ശിൽപഭംഗിയാണ് 'മ്യൂസിയം ഓഫ് ഫ്യൂചർ'. അതിശയിപ്പിക്കുന്ന അംബരചുംബികളാലും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് വന്നുചേരാനിരിക്കുന്ന പൊൻതൂവൽ എന്നതിനെ വിശേഷിപ്പിക്കാം.
നിർമാണം പൂർത്തിയായ എമിറേറ്റിലെ സുപ്രധാന ലാൻഡ്മാർക്കായ 'മ്യൂസിയം ഓഫ് ഫ്യൂചർ' ഫെബ്രുവരി 22ന് ലോകത്തിന് തുറന്നുനൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്നാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതിനെ വിശേഷിപ്പിച്ചത്.
കലിഗ്രാഫി വിസ്മയം
കലിഗ്രാഫി എന്ന അറബ് നാട്ടിൽ പ്രചുരപ്രചാരം നേടിയ കലാരൂപത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന നിർമിതിയാണ് മ്യൂസിയം ഓഫ് ഫ്യൂചർ. കെട്ടിടത്തിന്റെ പുറംഭാഗം പൂർണമായും മനോഹരമായ കലിഗ്രാഫി ചിത്രങ്ങളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കലിഗ്രഫിയുടെ ഉള്ളടക്കം. 'വരുംകാലത്തെ സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്' എന്ന അർഥമാണ് എഴുത്തിലെ വരികൾക്കുള്ളത്. അറബ് ലോകത്ത് ശാസ്ത്രവും വിഞ്ജാനവും ശോഭയോടെ നിലനിന്ന കാലത്തെ പ്രതിനിധീകരിക്കുക കൂടിയാണ് കലിഗ്രാഫി എന്ന സൂചകം. വൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ രൂപം മനുഷ്യത്വത്തെയും താഴ്ഭാഗത്തെ പച്ച നിറത്തിലെ ഭാഗം ഭൂമിയെയും ഒഴിഞ്ഞഭാഗം വരാനിരിക്കുന്ന അജ്ഞാതമായ ഭാവിയെയും പ്രതിനിധീകരിക്കുന്നതായി മ്യൂസിയം നിയന്ത്രിക്കുന്ന ഫൗണ്ടേഷൻ വെബ്സൈറ്റിലൂടെ വ്യക്തമാക്കുന്നു.
വ്യത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്ത് തന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ ദുബൈയിൽ നിർമിച്ച പല കെട്ടിടങ്ങൾക്കും സാമ്യതയുള്ള നിർമിതികൾ പല രാജ്യങ്ങളിലുമുണ്ട്. എന്നാൽ മ്യൂസിയം ഓഫ് ഫ്യൂചർ പൂർണമായും വ്യതിരിക്തമാണ്.
പ്രതിഭകളുടെ കേന്ദ്രം
മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്. 'ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്' നാമകരണം ചെയ്ത സംരംഭത്തിലൂടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കും. 10കോടി ദിർഹം വകയിരുത്തിയ പദ്ധതിയിൽ യു.എ.ഇക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലുള്ള പ്രതിഭകളെയും പരിഗണിക്കുന്നുണ്ട്. ശാസ്ത്രജ്ഞർ, ചിന്തകർ, വിവിധ മേഖലകളിൽ നവീന കാഴ്ചപ്പാടുള്ളവർ എന്നിവർക്ക് പ്രോൽസാഹനം നൽകുന്ന മേഖലയിലെ ഏറ്റവും വലിയ പദ്ധതിയാണിത്. ആഗോള സയന്റിഫിക് ലാൻഡ്മാർകായി 'മ്യൂസിയം ഓഫ് ഫ്യൂചർ' മാറ്റുക എന്ന ആലോചനയിൽ നിന്നാണ് പദ്ധതിയുടെ ആസ്ഥാനമായി കേന്ദ്രം തെരഞ്ഞെടുത്തത്.
അകത്തെന്താണ്?
എക്സിബിഷൻ, ഇമ്മേഴ്സീവ് തിയേറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്തെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന ഒരു സ്ഥലമായാണ് നിർമിച്ചിട്ടുള്ളത്. ലോകത്തെ തന്നെ പ്രശസ്തരായ ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തിട്ടുള്ളത്. ഷോൺ കില്ല എന്ന ദുബൈ ദീർഘകാലത്തെ പരിചയമുള്ള ആർകിടെക്റ്റ് ഇതിൽ ഉൾപ്പെടുന്നു. മൂന്ന് നിലകളിലെ എക്സിബിഷനിൽ ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എൻജിനീയറിങ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിഷയമായിവരുന്നുണ്ട്. ഏത് കലാരൂപമാണ് പ്രദർശനത്തിൽ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സന്നാഹങ്ങളോടെയായിരിക്കുമിതെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.