ഫാൽക്കൺ പക്ഷികൾക്കൊരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
text_fieldsഅറബ് പാരമ്പര്യവും സംസ്കാരവുമായി വളരെ ബന്ധമുള്ള ഫാൽക്കൺ യു.എ.ഇയുടെ ദേശീയ പക്ഷിയാണ്. യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നത്തിൽ സ്വർണ്ണ ഫാൽക്കൺ ഇടംനേടിയത് ഇമറാത്തികൾക്ക് ഈ പക്ഷിയോടുള്ള സ്നേഹത്തിെൻറ പ്രതീകമാണ്. ഫാൽക്കനുകൾക്ക് മാത്രമായി അബൂദബിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമുണ്ട്. അബൂദബി ഫാൽക്കൺ ഹോസ്പിറ്റൽ. എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
സമഗ്രമായ വെറ്റിനറി ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്ന ഫാൽക്കൺ ആശുപത്രി അബൂദബി പരിസ്ഥിതി ഏജൻസി 1999 ഒക്ടോബർ മൂന്നിനാണ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കൺ ആശുപത്രിയാണിത്. ഇതുവരെ 1,10,000 ഫാൽക്കൺ പക്ഷികളെയാണ് ഇവിടെ ചികിൽസിച്ചത്.
വിദ്യാഭ്യാസം, അവബോധം, പരിശീലനം, ഗവേഷണം എന്നീ മേഖലകളിലും അബൂദബി ഫാൽക്കൺ ആശുപത്രി പ്രവർത്തിക്കുന്നു. 2006 മുതൽ എല്ലാത്തരം പക്ഷികൾക്കുമുള്ള പ്രത്യേക ഏവിയൻ ആശുപത്രിയായി.
2007 ജൂലൈ ഒന്നിന് ഫാൽക്കൺ ആശുപത്രിയോടനുബന്ധിച്ച് പെറ്റ് കെയർ സെൻറർ ആരംഭിച്ചു. നായ്ക്കൾക്കും പൂച്ചകൾക്കുമായി വി.ഐ.പി ബോർഡിങ് കെന്നലുകളും വളർത്തുമൃഗങ്ങളുടെ ചമയവും നായ പരിശീലന സൗകര്യങ്ങളും ഇവിടെയുണ്ട്. അവധിക്കു പോകുന്നവരുടെ വളർത്തു നായയും പൂച്ചകളും യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഇവിടെയുള്ള ബോർഡിങ് കെന്നലുകളിലാണ് ജീവിക്കുന്നത്. നായകളുടെ വ്യായാമത്തിനായി ഡോഗ് എജിലിറ്റി പാർക്ക് 2011ൽ ആരംഭിച്ചു. ഇൻറർനാഷനൽ സൊസൈറ്റി ഓഫ് ഫെലൈൻ മെഡിസിൻ ഗോൾഡ് സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുള്ള ക്യാറ്റ് ഫ്രണ്ട്ലി ക്ലിനിക്കായി.
ഫാൽക്കനുകളെ വളർത്തുന്നതിന് 2011 ൽ ഫാൽക്കൺ ബ്രീഡിങ് സെൻററും ഇവിടെ ആരംഭിച്ചു. ശൈഖ് സായിദ് ഫാൽക്കൺ റിലീസ് പ്രോഗ്രാമിനായി ഫാൽക്കണുകളെയും ഇവിടെ വളർത്തുന്നു. വേൾഡ് ടൂറിസം അവാർഡ് ഉൾപ്പെടെ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും അബൂദബി ഫാൽക്കൺ ആശുപത്രിയെ തേടിയെത്തിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപേർ ഇവിടെ ജോലി ചെയ്യുന്നു. പെറ്റ് ബോർഡിങ്, പെറ്റ് ക്ലിനിക് അപ്പോയിൻറ്മെൻറുകൾ, ഇൻറേൺഷിപ്പുകൾ, ടൂറിസ്റ്റ് സന്ദർശനങ്ങൾ എന്നിവക്ക് വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.