അണിഞ്ഞൊരുങ്ങി ഷാർജയിലെ ആദ്യ ഉദ്യാനം
text_fields1979ലാണ് ഷാർജ അൽ അറൂബ റോഡിനും ഖാലിദ് തടാകത്തിനും ഇടയിലായി ആദ്യമായി ഒരു ഉദ്യാനം ഒരുങ്ങുന്നത്. അന്നത്തെ പേര് അൽ ജസീറ, ഇന്നത് അൽ മുൻതസ വാട്ടർ തീം പാർക്ക് ആണ്. 13,000 ചതുരശ്ര അടിയിൽ പ്രവർത്തനം തുടങ്ങിയ പാർക്കിന് മലയാളിയുടെ പ്രവാസത്തിന്റെ ദുഖവും സന്തോഷവും ഏറെ പറയാനുണ്ട്. ജോലിക്ക് ശേഷം തളർന്ന വൈകുന്നേരങ്ങളിൽ മലയാളികളും മറ്റു പ്രവാസികളും ഭാരങ്ങൾ ഇറക്കിവെച്ചിരുന്നത് ഇവിടുത്തെ
പുൽമേടുകളിലായിരുന്നു. പച്ച പരവതാനിയില്‍ നിന്ന് കായലിന്റെ നീലിമയിലേക്ക് നോക്കി നിൽക്കുമ്പോള് സങ്കടങ്ങൾക്ക് ഇത്തിരി സാന്ത്വനം കിട്ടിയിരുന്നെന്ന് പറയാത്ത പ്രവാസികള്‍ ഉണ്ടാവില്ല.
തടാകത്തിന്റെ വക്കിൽ ആയിരുന്നതിനാൽ ആദ്യകാലത്ത് ചൂണ്ടയിട്ട് മീൻ പിടിക്കാനും ആളുകൾ എത്തിയിരുന്നു. മൃഗശാലയും കളിവണ്ടികളും ഊഞ്ഞാലും പൂന്തോട്ടങ്ങളും നിറഞ്ഞ ഉദ്യാനത്തിന്റെ പാലകൻ ഇന്ത്യക്കാരനായിരുന്നു. പാർക്കിന്റെ ചുമതല ഷാർജ നിക്ഷേപ വികസന അതോറിറ്റി ഏറ്റെടുത്തതോടെയാണ് ഇതിന്റെ തലവര മാറിയത്. ഏഷ്യയിലെ തന്നെ ഏറ്റവും ആകർഷണമുള്ള ഉദ്യാനമാക്കി മാറ്റിയതോടെ ഇതിന്റെ പേര് അൽ മുൻതസ എന്നായി.
രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് പാർക്കിന്റെ പ്രവർത്തനസമയം. മുതിർന്നവർക്ക് 150, കുട്ടികൾക്ക് 100, എൺപതു സെന്റീമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് 50 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 10കോടി ദിർഹം ചെലവഴിച്ച് 60 പുതിയ അത്യാകർഷക പരിപാടികളുമായാണ് പാർക്ക് പുതുമോടിയണിയുന്നത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യാണ് മുൻതസ പാർക്കിനെ അണിയിച്ചൊരുക്കിയത്. ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി സജ്ജീകരിച്ചിരിക്കുന്നു.
പാർക്കിൽ 'മുത്തുകളുടെ സാമ്രാജ്യ'വും 'ഇതിഹാസ നായകരുടെ ദ്വീപു'മുണ്ട്. 'മുത്തുകളുടെ സാമ്രാജ്യ'ത്തിൽ സ്വന്തം കഴിവിനാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് രാജകുമാരി കണ്ടെടുക്കുന്ന വിലപിടിപ്പുള്ള കല്ലുകൾ ഉപയോഗിച്ച് സാമ്രാജ്യം നിർമിച്ച കഥയാണ് തത്സമയ ഉല്ലാസമാക്കി മാറ്റുന്നത്. 200 ലേറെ സന്ദർശകർക്ക് ഒരേ സമയം ഇവിടെ പ്രവേശനം അനുവദിക്കുന്നു. നാലു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സ്ലൈഡ് ടവറുള്ള പ്രത്യേക സ്ഥലം തന്നെ ഇവിടെയുണ്ട്. 'ഇതിഹാസ നായകന്മാരുടെ ദ്വീപ്' ഒമ്പത് രാജ്യങ്ങളിലൂടെ കുട്ടികൾ ട്രെയിനിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കോച്ചുകളിൽ 40 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനാണ് ഇതിലെ ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.