വിസ്മയച്ചെപ്പ് തുറക്കുന്നു
text_fieldsദുബൈ: എല്ലാകാലത്തും ലോകത്തെ അമ്പരപ്പിച്ച ദുബൈ വീണ്ടുമൊരു വിസ്മയവുമായെത്തുന്നു. അതിശയിപ്പിക്കുന്ന അംബരചുംബികളാലും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവലായി ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ ചൊവ്വാഴ്ച തുറക്കും. 09.09.09ന് ദുബൈ മെട്രോ തുറന്നുകൊടുത്തതിന് സമാനമായി 22.02.2022നാണ് ദുബൈയുടെ അത്ഭുതച്ചെപ്പും തുറക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പേ ദുബൈ നഗരവാസികളെ അമ്പരപ്പിച്ച് മ്യൂസിയത്തിലേക്ക് ബഹിരാകാശപേടകം പ്രവേശിക്കുന്ന വീഡിയോ ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ടിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാണ്. ദുബൈ ശൈഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരുടെയെല്ലാം കണ്ണിലുടക്കുന്ന ശിൽപഭംഗിയാണ് 'മ്യൂസിയം ഓഫ് ഫ്യൂചർ'. യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്നാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതിനെ വിശേഷിപ്പിച്ചത്. മ്യൂസിയം സന്ദർശനത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ കഴിഞ്ഞ ദിവസം മുതൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. www.motf.ae എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ എല്ലാദിവസവും പ്രവേശനം അനുവദിക്കും.
രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ്സമയം. ടിക്കറ്റെടുക്കുന്നവർ സന്ദർശിക്കാനുദ്ദേശിക്കുന്ന സമയം ഏതാണെന്ന് തെരഞ്ഞെടുത്താണ് ടിക്കറ്റെടുക്കേണ്ടത്. ഭിന്നശേഷിക്കാർക്കും മൂന്ന് വയസിൽ താഴെയുള്ളവർക്കും സൗജന്യമായി ടിക്കറ്റ് ലഭിക്കും. 60 പിന്നിട്ട യു.എ.ഇ സ്വദേശികൾക്കും അവരെ പരിചരിക്കുന്നവർക്കും പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തിൽ കുട്ടികൾക്കായി തയാറാക്കിയ അവർ ഫീച്ചർ ഹീറോസ് ഫ്ലോറിലേക്ക് കൂടി ടിക്കറ്റ് എടുക്കുന്നവർക്ക് പ്രവേശനമുണ്ടാകും. 2015 ലാണ് മെച്ചപ്പെട്ട ലോകത്തിലേക്കും ഭാവിയിലേക്കും കാഴ്ചകളെ നയിക്കുന്ന മ്യൂസിയം എന്ന ആശയം ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം നിർമാണം പൂർത്തിയായി. മൂന്ന് നിലകളിലുള്ള മ്യൂസിയത്തിൽ ഭാവിയെ കുറിച്ച വിവിധ പ്രദർശനങ്ങളുണ്ടാകും. ഇന്നോവേഷൻ, നിർമിത ബുദ്ധി, റോബോട്ടിക്സ് തുടങ്ങിയവക്ക് ഊന്നൽ നൽകുന്നതാകും പ്രദർശനങ്ങൾ. നിർമിതിയുടെ വ്യത്യസ്തകൊണ്ട് നിരവധി അംഗീകാരങ്ങൾ ഇതിനകം ഫ്യൂച്ചർ മ്യൂസിയത്തിന് ലഭിച്ചിട്ടുണ്ട്. ദുബൈ ഭരണാധികാരിയുടെ കവിത ആലേഖനം ചെയ്ത കലിഗ്രഫി പുറം ചട്ടയും മനോഹരമാണ്. കെട്ടിടത്തിന്റെ പുറംഭാഗം പൂർണമായും മനോഹരമായ കലിഗ്രാഫി ചിത്രങ്ങളാലാണ് അലങ്കരിച്ചത്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കലിഗ്രഫിയുടെ ഉള്ളടക്കം. 'വരുംകാലത്തെ സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അ ത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്' എന്ന അർഥമാണ് എഴുത്തിലെ വരികൾക്കുള്ളത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിട്ടുള്ളത്. ലോകത്തെ തന്നെ പ്രശസ്തരായ ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.