ഹിപ്പോകൾക്ക് തുണയായി അൽഐൻ മൃഗശാലയുണ്ട്
text_fieldsലോകത്ത് വംശനാശഭീഷണി നേരിടുന്ന ഹിപ്പോപ്പൊട്ടാമസുകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന് വൈവിധ്യമാർന്ന മൃഗക്ഷേമ പരിപാടികളാണ് അൽഐൻ മൃഗശാല ഒരുക്കിയിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് ഉന്നതവും ആഗോള നിലവാരത്തിലുള്ളതുമായ പദ്ധതികളാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. മൃഗശാലയിൽ ആകെ ഒമ്പത് ഹിപ്പോപ്പൊട്ടാമസുകളാണ് ഉള്ളത്.
ഇതിൽ മൂന്നെണ്ണത്തിനെ പൊതുജനങ്ങൾക്ക് കാണാം. എന്നാൽ, ആറ് എണ്ണത്തിനെ പ്രചനനത്തിനുമായി പ്രത്യേക സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്രമായ പരിചരണമാണ് നൽകുന്നത്. ആരോഗ്യകരവും വൈവിധ്യമാർന്നതുമായ ഭക്ഷണം, സ്വാഭാവിക വാസസ്ഥലത്തോട് കിടപിടിക്കുന്ന കൃത്രിമമായതും വിശാലമായതുമായ വാസസ്ഥലം എന്നിവ ഒരുക്കിയിരിക്കുന്നു. വിദഗ്ധ മൃഗഡോക്ടർമാരുടെ സംഘം നൽകുന്ന ആരോഗ്യപരിരക്ഷയും ഇവക്ക് ലഭിക്കുന്നു.
740 ക്യുബിക് മീറ്റർ (ഏകദേശം 195,000 ഗാലൻ വെള്ളം) ഉൾകൊള്ളുന്ന അത്യാധുനിക ശുചീകരണ സംവിധാനമുള്ള ജല സംഭരണി ഉൾക്കൊള്ളുന്നതാണ് ഹിപ്പോപ്പൊട്ടാമസുകളുടെ പ്രദർശന സ്ഥലം. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ പ്രദർശനമാണിത്. ഇവയുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. വംശനാശഭീഷണി നേരിടുന്ന ഇത്തരം ജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ.
ഹിപ്പോപ്പൊട്ടാമസ് ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളെ സംരക്ഷിക്കുന്നതിൽ അൽ ഐൻ മൃഗശാല പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുനരവതരിപ്പിക്കുന്നതിനും സംരക്ഷണം, പ്രജനനം, അവയുടെ വിതരണം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും അൽഐൻ മൃഗശാല നിരവധി സുപ്രധാന പരിപാടികൾ സംഭാവന നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.