ഫ്രെയിമിനുള്ളിൽ എന്താണ്
text_fieldsദുബൈ ഫ്രെയിമിന് മുന്നിലൂടെ ആഴ്ചയിൽ ഒരുവട്ടമെങ്കിലും കടന്നുപോകാത്ത ദുബൈക്കാർ കുറവായിരിക്കും. എന്നാൽ, ഇതിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയുന്നവർ എത്രപേരുണ്ട്?. ദുബൈ നഗരത്തിന് അഴകായി വെറുതെ ഒരുക്കിവെച്ചിരിക്കുന്ന ഒരു കവാടമല്ല ദുബൈ ഫ്രെയിം. മറിച്ച്, ദുബൈയുടെ ഭാവിയും ഭൂതവും വർത്തമാനവുമെല്ലാം നമുക്ക് പറഞ്ഞു തരുന്ന അറിവിന്റെ കേന്ദ്രം കൂടിയാണിത്. കുട്ടികളുമൊത്ത് കുടുംബ സമേതം അവധി ദിവസം ചെലവഴിക്കാൻ കഴിയുന്ന ഇടം. ലോകത്തിലെ ഏറ്റവും വലിയ ഫ്രെയിമിന് 150 മീറ്റർ ഉയരവും 95 മീറ്റർ വീതിയുമുണ്ട്. 48 നിലകളാണ് ഇതിനുള്ളത്. പഴയ ദുബൈ, നിലവിലെ ദുബൈ, ഭാവി ദുബൈ എന്നിവ ഒരേ സമയം കാണണമെങ്കിൽ ഇവിടെ എത്തിയാൽ മതി. ഫ്രെയിമിന്റെ ഒരു വശം പഴയ ദുബൈയും മറുവശം പുതിയ ദുബൈയുമാണ്.
ഉൾഭാഗത്തെ തീയറ്ററിൽ ഭാവി ദുബൈ എന്തായിരിക്കുമെന്ന് വിവരിക്കുന്ന ത്രി ഡി പ്രദർശനമുണ്ട്. ദുബൈയുടെ വരും നാളുകൾ എങ്ങിനെയാണെന്ന പ്രദർശനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഒരേസമയം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ, കോവിഡിന് മുൻപും അങ്ങിനെ തന്നെയായിരുന്നു. മുകളിലെത്തിയാൽ ദുബൈയുടെ പനോരമിക് കാഴ്ച കാണാൻ കഴിയും. ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ച ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നാണ്. ഫ്രെയിമിന്റെ ഒരു ഭാഗത്ത് നിന്ന് മറുവശത്തേക്ക് പോകാൻ ഏറ്റവും മുകളിലായി ഗ്ലാസ് നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. ഈ ഗ്ലാസിലൂടെ നടന്നാൽ കാൽ ചുവട്ടിൽ തന്നെ ദുബൈ ദർശിക്കാൻ കഴിയും.
അത്ര ധൈര്യമില്ലാത്തവർക്ക് നടക്കാനായി സാധാരണ പാതയുമുണ്ട്. ഉയരം കൂടുന്തോറും ചായയുടെ രുചിയും കൂടുമെന്ന് ലാലേട്ടൻ പറഞ്ഞത് സത്യമാണോ എന്നറിയാനും ഇവിടെ അവസരമുണ്ട്. 150 മീറ്റർ ഉയരത്തിൽ കോഫി കുടിക്കാനുള്ള സൗകര്യമാണ് ഏർപെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനവുമുണ്ട്. താഴ്ഭാഗത്തെ ഡാൻസിങ് വാട്ടർ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. അവിടെ ഷോപ്പിങിനും സൗകര്യമുണ്ട്. മുകളിലുള്ള ഡിസ്േപ്ലയിൽ ചിത്രമെടുക്കുന്നവർക്ക് താഴെയെത്തി അതിന്റെ പ്രിന്റെടുക്കാനും സൗകര്യമേർപെടുത്തിയിരിക്കുന്നു. പുതുവത്സരം ഉൾപെടെയുള്ള പ്രത്യേക ആഘോഷ സമയങ്ങളിൽ ഫ്രെയിമിന് സമീപം വെടിക്കെട്ട് നടക്കാറുണ്ട്.
വിസ്മയ നിർമാണം:
9900 ക്യൂബിക് മീറ്ററർ കോൺക്രീറ്റും 2000 ടൺ സ്റ്റീലും 2900 സ്ക്വയർ മീറ്റർ ലാമിനേറ്റഡ് ഗ്ലാസും ഉപയോഗിച്ചാണ് നിർമാണം. 15,000 ചതുരശ്ര മീറ്റർ ഗോൾഡ് നിറം പൂശിയ കവറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയരം കൂടുതലാണെങ്കിലും താഴെ നിന്ന് 75 സെക്കന്റ് കൊണ്ട് ലിഫ്റ്റിൽ മുകളിലെത്താം. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം സിനദൈൻ സിദാനും യു.എ.ഇ വനിത ദേശീയ ടീം താരം നൗഫ് അൽ അൻസിയും ഫ്രെയിമിന് മുന്നിൽ ഫുട്ബാൾ കളിക്കുന്ന വീഡിയോ വൈറലായിരുന്നു.
ടിക്കറ്റും സമയവും:
മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 20 ദിർഹമും മുതിർന്നവർക്ക് 50 ദിർഹമുമാണ് നിരക്ക്. മൂന്ന് വയസിൽ താഴെയുള്ളവർക്ക് സൗജന്യം. നിശ്ചയദാർഡ്യ വിഭാഗക്കാർക്കും ഇവരോടൊപ്പമുള്ള രണ്ട് പേർക്കും സൗജന്യമായി പ്രവേശിക്കാം. വെള്ളിയാഴ്ച ഉൾപെടെ എല്ലാദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.