അറുപതിലെ ആധി അധികൃതർ കാണാതെ പോവരുത്
text_fields 60 വയസ്സ് കഴിഞ്ഞ ഉന്നത വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികളുടെ വിസ പുതുക്കേണ്ട എന്ന നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വരുമ്പോൾ നിരവധിപേർ ആധിയിലാണ്. അതിൽ ഭൂരിഭാഗവും 35ഉം 40ഉം അതിൽ കൂടുതലും വർഷം പ്രവാസജീവിതം നയിച്ചവരാണ്. യുവത്വത്തിൻെറ തുടക്കത്തിൽ നാടും വീടും വിട്ട് മരുഭൂമിയിൽ സുഖജീവിതം നഷ്ടപ്പെടുത്തുമ്പോഴും നാട്ടിലുള്ള ഉറ്റവർ സാമ്പത്തികഭദ്രതയോടെ സമാധാനമായി കഴിയുന്ന ചിത്രങ്ങൾ മനസ്സിലുള്ളതിനാൽ അവൻെറ ആയുസ്സിൻെറ ഭൂരിഭാഗവും എരിഞ്ഞുതീർന്നത് അറിയുന്നുണ്ടായിരുന്നില്ല. പ്രവാസം മനസ്സിനേൽപിച്ച പോലെ ശരീരത്തിനും ഏറെ ആഘാതമായി. പലരുടെയും സമ്പാദ്യം രോഗങ്ങളാണ്.
വീടുവെക്കാനും കുട്ടികളെ വളർത്താനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും നാട്ടിലെ സാംസ്കാരിക പൊതുപ്രവർത്തനങ്ങൾക്കും ബന്ധുക്കൾക്കും സഹായിച്ചതിൻെറ ഫലമായി പലരുടെയും ബാങ്ക് ബാലൻസ് നാട്ടിൽ ചെന്നാൽ രണ്ടു മാസം കഴിഞ്ഞുകൂടാൻ തികയില്ല. കൂടാതെ, ഭവന വായ്പയും മക്കൾക്കായെടുത്ത വിദ്യാഭ്യാസ വായ്പയുമൊക്കെയായി വലിയൊരു സംഖ്യ ബാധ്യതയുമുണ്ട്. വാർധക്യത്തിൽ എല്ലാം നിർത്തി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോൾ തൊഴിൽരഹിതൻെറ അവസ്ഥയാവും. ജനിച്ച നാട്ടിൽ തിരികെയെത്തുന്ന ഓരോ പ്രവാസിക്കും അന്യഥാബോധവും സാമൂഹികമായ അപരിചതത്വവുമാണ്.
വാർധക്യത്തിൽ വീടണയുന്ന പല പ്രവാസികൾക്കും സ്വന്തം മക്കളുടെ സ്നേഹസമീപനംപോലും ലഭിക്കില്ല. കാരണം, അമ്മയുടെ സ്നേഹവാത്സല്യങ്ങൾ മാത്രം അനുഭവിച്ചറിഞ്ഞ മക്കൾക്ക് അതിന് പകരം നിൽക്കാൻ വിഡിയോകോളിലൂടെ കഴിയില്ല. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ജീവിതം മരണംവരെ സാമ്പത്തികസുരക്ഷ നിറഞ്ഞതാണ്. നാടിനുകൂടി ഗുണമുണ്ടായ രീതിയിൽ അന്യനാട്ടിൽ ജീവിതം ഹോമിച്ച പ്രവാസിയുടെ പ്രയാസങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. എല്ലാവരെയും സഹായിച്ചു മാത്രം ശീലമുള്ള പ്രവാസിക്ക് മരുന്ന് വാങ്ങാനോ വട്ടച്ചെലവിനോ മക്കളുടെയോ മറ്റോ മുന്നിൽ കൈനീേട്ടണ്ടിവരുന്നു. വാർധക്യത്തിലേക്ക് കടക്കുന്ന അവരെ ഏറ്റെടുക്കാനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടത് അതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്. muhammad nasar മുഹമ്മദ് നാസർ കൊടുങ്ങല്ലൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.