വിമാന വിലക്ക് : കുവൈത്തിന് നഷ്ടം 100 ദശലക്ഷം ദീനാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് മൂലം കുവൈത്തിനുണ്ടായ വരുമാന നഷ്ടം 100 ദശലക്ഷം ദീനാർ കവിയുമെന്ന് റിപ്പോർട്ട്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കുവൈത്തിലേക്ക് വരാൻ അനുമതി നൽകുന്നുണ്ട്. ഇതുമൂലം ആ രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥക്ക് മെച്ചമുണ്ടായി. അവിടങ്ങളിലെ ഹോട്ടൽ, ട്രാവൽസ് മേഖല ഗുണഫലം അനുഭവിച്ചു. യു.എ.ഇയാണ് ഏറ്റവും വലിയ ഗുണഭോക്താക്കൾ. തുർക്കി, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങൾക്കും പ്രയോജനപ്പെട്ടു. കുവൈത്തിലെ ഫെഡറേഷൻ ഒാഫ് ടൂറിസം ആൻഡ് ട്രാവൽ ഒാഫിസ് അംഗം അബ്ദുൽ റഹ്മാൻ അൽ ഖറാഫിയാണ് കുവൈത്തിനുണ്ടായ നഷ്ടത്തിെൻറ ഏകദേശ കണക്ക് വ്യക്തമാക്കിയത്.
കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവദിച്ച് ഇവിടെ സ്വന്തം ചെലവിൽ ക്വാറൻറീനിൽ ഇരുത്തണമെന്ന നിർദേശം പലരും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, സർക്കാർ ഇത് അംഗീകരിച്ചില്ല. കോവിഡ് പ്രതിരോധം ഉറപ്പിക്കാൻ സാമ്പത്തിക നഷ്ടത്തെ അവഗണിക്കുകയായിരുന്നു രാജ്യം. നേരിട്ട് വരാൻ അനുവദിച്ചാൽ പ്രവാസികൾക്കും എളുപ്പമുണ്ടായിരുന്നു. പൊതുവിൽ ട്രാവൽ ആൻഡ് ടൂറിസം മേഖല കനത്ത മാന്ദ്യവും സാമ്പത്തിക നഷ്ടവും അനുഭവിക്കുകയാണ്. ഹോട്ടലുകൾ വലിയൊരു വിഭാഗം ജോലിക്കാരെ പിരിച്ചുവിട്ടു.
വരുമാനത്തേക്കാൾ ചെലവ് അധികരിച്ച നിലവിലെ അവസ്ഥയിൽ ഏറെക്കാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഹോട്ടൽ മേഖല വ്യക്തമാക്കുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് നിബന്ധനകളോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേസും ജസീറ എയർവേസും കർമപദ്ധതി സമർപ്പിച്ചിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിന് ശേഷം നടന്ന മന്ത്രിസഭ യോഗത്തിലും തീരുമാനമൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.