അമീരി കാരുണ്യം: 100 തടവുകാർ മോചിതരായി
text_fieldsകുവൈത്ത് സിറ്റി: അമീരി കാരുണ്യത്തിന്റെ ആനുകൂല്യം പറ്റി കുവൈത്തിൽ 100 തടവുകാർ മോചിതരായി. ആകെ 595 തടവുകാർക്കാണ് ശിക്ഷയിളവ് ലഭിച്ചത്. ഇതിൽ 100 പേരെ ഉടൻ മോചിപ്പിച്ചു.
ബാക്കിയുള്ളവർക്ക് ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തു. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ പരിഗണിച്ചാണ് എല്ലാ വർഷത്തെയും പോലെ ഇത്തവണയും ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തടവുകാർക്ക് ശിക്ഷയിളവ് നൽകിയത്.
ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ വികാരനിർഭരമായ രംഗങ്ങൾക്കാണ് സുലൈബിയയിലെ സെൻട്രൽ ജയിലിന്റെ പ്രധാന ഗേറ്റ് സാക്ഷ്യം വഹിച്ചത്. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെ തന്നെ ഗേറ്റിനുമുന്നിൽ എത്തിയിരുന്നു. കൃത്യം പത്തിന് തടവുകാർ പുറത്തിറങ്ങി.
ആഹ്ലാദത്തോടെ ആശ്ലേഷിച്ചും ദൈവത്തിന് നന്ദി പറഞ്ഞും കുറച്ചുസമയം അവിടെ ചെലവഴിച്ചശേഷം തടവുകാരും ബന്ധുക്കളും വീടുകളിലേക്ക് പോയി.
ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. തുടർന്ന് അമീരി ദീവാൻ അംഗീകാരം നൽകി.
അതിനുശേഷം പബ്ലിക് പ്രോസിക്യൂഷൻ പട്ടിക പരിശോധിച്ച് ഇളവ് ലഭിച്ചവർ വ്യവസ്ഥകൾക്കുള്ളിൽ വരുന്നുണ്ടെന്ന് ഉറപ്പാക്കി. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്. കഴിഞ്ഞ വർഷം അമീരി കാരുണ്യപ്രകാരം 459 തടവുകാർക്ക് മോചനം ലഭിച്ചു. നിരവധി പേർക്ക് ശിക്ഷയിളവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.