ആറുമാസത്തിനിടെ 10,000 വിദേശികളെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. താമസനിയമ ലംഘകരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. പരിശോധന കാമ്പയിൻ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ 10,800 വിദേശികളെയാണ് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ജലീബ് അൽ ശുയൂഖ്, മഹ്ബൂല, ശുവൈഖ്, ബിനീദ് അൽ ഗാർ, ഖൈത്താൻ എന്നീ വിദേശി ഭൂരിപക്ഷ മേഖലകളിലും വഫറ, അബ്ദലി കാർഷിക മേഖലകളിലും കഴിഞ്ഞ മാസങ്ങളിൽ നടന്ന സുരക്ഷ പരിശോധനകളിൽ നിരവധി താമസ നിയമ ലംഘകർ പിടിയിലായിരുന്നു. അനധികൃത താമസക്കാരെ പിടികൂടാനുള്ള സുരക്ഷ കാമ്പയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസരേഖകൾ ഇല്ലാത്ത വിദേശികളുടെ ഫയലുകൾ ആഭ്യന്തര മന്ത്രി ശൈഖ് അഹഖ്മദ് അൽ നവാഫ് അസ്സബാഹും അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസും നേരിട്ട് പരിശോധിക്കുന്നുണ്ട്. ജലീബ് അൽ ശുയൂഖിൽ പ്രത്യേകം ക്യാമ്പ് ചെയ്താണ് അവധി ദിവസങ്ങളിൽ ഉൾപ്പെടെ സുരക്ഷ പരിശോധന നടത്തുന്നത്. പരിശോധനകളിൽ പിടിക്കപ്പെടുന്ന വിദേശികളിൽ താമസരേഖകൾ ഇല്ലാത്തവരെ നാടുകടത്തൽ കേന്ദ്രത്തിലേക്കാണ് നേരിട്ട് അയക്കുന്നത്. പ്രതിദിനം 200 പേർ എന്ന നിലയിലാണ് നിലവിൽ നാടുകടത്തൽ പുരോഗമിക്കുന്നത്.
രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ശക്തമായ സുരക്ഷ പരിശോധന ഭയന്ന് ജലീബ് അൽ ശുയൂഖിൽനിന്നും ആളുകൾ മറ്റു പ്രദേശങ്ങളിൽക്ക് താമസം മാറിപ്പോകുന്നതായ റിപ്പോർട്ടുകൾ അധികൃതർ നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.