1243 വിഡിയോ ക്ലാസുകൾ തയാറാക്കി –വിദ്യാഭ്യാസ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിനും ഒാൺലൈൻ ക്ലാസുകൾ നടത്തേണ്ടിവരുന്നത് മുൻകൂട്ടി കണ്ട് 1243 ഒാൺലൈൻ ക്ലാസുകൾ തയാറാക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി പറഞ്ഞു. 2019 -2020 അക്കാദമിക വർഷം ഒാൺലൈൻ സമ്പ്രദായത്തിലൂടെ വിജയകരമായി പൂർത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് 10,929 അധ്യാപകർക്ക് പരിശീലനം നൽകി. വിദ്യാർഥികൾക്കായി 4,57,222 ഒാൺലൈൻ അക്കൗണ്ടുകൾ തയാറാക്കി.
അധ്യാപകർക്കായി 73,721 അക്കൗണ്ടുകളും മുതിർന്ന സ്കൂൾ ജീവനക്കാർക്കായി 29,902 അക്കൗണ്ടുകളും തുറന്നു. സ്കൂളുകളെ മന്ത്രാലയവുമായി ബന്ധിപ്പിച്ച് ഒാൺലൈൻ ക്ലാസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തി. അസാധാരണമായ സാഹചര്യത്തിലൂടെ ലോകം കടന്നുപോയപ്പോൾ കുവൈത്തിനും അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടിവന്നു.
ഇതിൽ രാജ്യത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ എന്ന് മന്ത്രി സൗദ് അൽ ഹർബി പറഞ്ഞു. അടുത്ത അധ്യയന വർഷത്തിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ വിധേയമായാൽ ഘട്ടം ഘട്ടമായി നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറും.വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ വൈറസ് നിയന്ത്രണ വിധേയമാവാതെ നേരിട്ട് ക്ലാസുകൾ ആരംഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.