കുവൈത്ത് വിമാനത്താവളത്തിൽ 14,065 സ്വാബ് പരിശോധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് പുനരാരംഭിച്ചശേഷം രണ്ടു മാസത്തിനിടെ 14,065 യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തി. ആഗസ്റ്റ് ഒന്നുമുതലാണ് വിമാന സർവിസ് ആരംഭിച്ചത്. 1008 വിമാനങ്ങളിലായി 69,329 പേരാണ് കുവൈത്തിലെത്തിയത്.ഒാരോ വിമാനത്തിലെയും 10 ശതമാനം യാത്രക്കാരെ റാൻഡം അടിസ്ഥാനത്തിൽ കോവിഡ് പരിശോധനക്കു വിധേയമാക്കുന്നുണ്ട്.
തെർമൽ കാമറയിൽ 35 ഡിഗ്രിയിൽ കൂടുതൽ താപനില കാണിക്കുന്നവരെയും പരിശോധിക്കുന്നുണ്ട്. റാൻഡം പരിശോധനയിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് മുമ്പ് 96 മണിക്കൂർ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മാത്രമേ കുവൈത്തിലേക്ക് വരാൻ അനുവദിക്കുന്നുള്ളൂ.
എന്നിട്ടും റാൻഡം പരിശോധനയിൽ കോവിഡ് കണ്ടെത്തുന്നത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കുവൈത്തിലെത്തുന്ന യാത്രക്കാർ മൊബൈൽ ഫോണിൽ 'ശ്ലോനിക്' ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചാണ് പുറത്തുവിടുന്നത്.ക്വാറൻറീൻ പാലിക്കുന്നുവെന്ന് ട്രാക്ക് ചെയ്ത് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയത്തിന് ഇതുവഴി കഴിയും. വ്യോമയാന വകുപ്പിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ ടീംവർക്കാണ് വിമാനത്താവളത്തിൽ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.