മയക്കുമരുന്നുമായി 15 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാർക്കും ഇടനിലക്കാർക്കുമെതിരെ ശക്തമായ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 പേരെ പിടികൂടി. ഇവരിൽനിന്ന് ഹഷീഷ്, മരിജുവാന, രാസവസ്തുക്കൾ എന്നിവ അടക്കം 10.5 കിലോ വിവിധ തരത്തിലുള്ള മയക്കുമരുന്ന് പദാർഥങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8130 ലഹരി ഗുളിഗകളും പിടികൂടി.
മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ വസ്തുക്കൾ കള്ളക്കടത്തും ദുരുപയോഗവും ലക്ഷ്യമിട്ട് എത്തിച്ചവയാണെന്ന് ചോദ്യം ചെയ്യലിലിൽ പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
മയക്കുമരുന്ന് വ്യാപാരികൾക്കും പ്രമോട്ടർമാർക്കുമെതിരായ നടപടി തുടരുകയാണെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ലഹരി ഉപയോഗത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനും അപകടകരമായ പ്രവർത്തികൾ തടയാനും തങ്ങൾ ശ്രദ്ധാലുക്കളാണെന്നും അറിയിച്ചു.
മയക്കുമരുന്ന് കച്ചവടക്കാർ, പ്രൊമോട്ടർമാർ, ഇടപാടുകൾ എന്നിവരെ കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി നമ്പർ (112), മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്ലൈൻ (1884141) എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.