കെ.എം.സി.സി വിഭാഗീയത മറനീക്കി പുറത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ചെയര്‍മാന്‍ സ്വന്തംനിലക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതോടെ കുവൈത്ത് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍ററില്‍ (കെ.എം.സി.സി) ഉടലെടുത്ത വിഭാഗീയത മറനീക്കി പുറത്തേക്ക്. ചെയര്‍മാന്‍ നാസര്‍ മശ്ഹൂര്‍ തങ്ങളാണ് നേതൃത്വത്തിന്‍െറ അനുമതിയില്ലാതെ ഇന്ന് വൈകീട്ട് ഏഴിന് അബ്ബാസിയ ഹൈഡേന്‍ ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. അതേസമയം, ഇതിന് കെ.എം.സി.സിയുമായി ഒരു ബന്ധവുമില്ളെന്നും പ്രവര്‍ത്തകരാരും ഇതുമായി സഹകരിക്കില്ളെന്നും പ്രസിഡന്‍റ് ശറഫുദ്ദീന്‍ കണ്ണേത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കണ്‍വെന്‍ഷനുമായി മുന്നോട്ടുപോകാന്‍ ചെയര്‍മാന്‍ തീരുമാനിച്ചതോടെ ഭിന്നിപ്പ് പ്രകടമായ തലത്തിലേക്ക് നീങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പങ്കെടുത്ത കെ.എം.സി.സിയുടെ ‘കാരുണ്യം 2015’ സമ്മേളനത്തില്‍നിന്ന് ചെയര്‍മാനെ മാറ്റിനിര്‍ത്തിയിരുന്നു. കെ.എം.സി.സിയുടെ ചെയര്‍മാനായ തന്നോട് നേതൃത്വം പരിപാടി സംബന്ധിച്ച് ഒരുകാര്യവും വ്യക്തമാക്കിയില്ളെന്നും പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി തന്നെ നിശ്ചയിച്ചതുപോലും പിന്നീടാണ് അറിഞ്ഞതെന്നും നാസര്‍ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നിലവിലെ സംഘടനാ നേതൃത്വം യഥാര്‍ഥ മുസ്ലിം ലീഗുകാരെയും പ്രതിസന്ധിഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചക്കായി പ്രയത്നിച്ച പല പ്രവര്‍ത്തകരെയും അവഗണിക്കുകയും അന്യായമായി പുറത്താക്കുന്ന നടപടി സ്വീകരിക്കുകയും ചെയ്തത് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലും കൂടിയായിരുന്നു സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായതെന്ന് നാസര്‍ തങ്ങള്‍ വ്യക്തമാക്കി. സംഘടനയുടെ ചെയര്‍മാനായ എന്നെ സമ്മേളനം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഘട്ടത്തിലും അതുസംബന്ധിച്ച് അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. സ്വാഗതസംഘം ചെയര്‍മാനായി എന്നെ തീരുമാനിച്ചിരുന്നു എന്നത് സമ്മേളനാനന്തരം മാത്രമാണ് മനസ്സിലാവുന്നത്. ചെയര്‍മാന്‍ എല്ലാ ഘട്ടങ്ങളിലും പരിപാടിയുമായി സഹകരിക്കുകയും കാര്യങ്ങള്‍ സമയാസമയങ്ങളില്‍ അറിയിക്കുകയും ചെയ്തു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്.
പല ഘട്ടങ്ങളിലും സഹവര്‍ത്തിത്വത്തിന്‍െറയും സമന്വയത്തിന്‍െറയും പാതയിലൂടെ എല്ലാ പ്രവര്‍ത്തകരെയും കമ്മിറ്റിയുമായി അടുപ്പിക്കാന്‍ ചെയര്‍മാന്‍ എന്ന നിലക്ക് ശ്രമിക്കുമ്പോള്‍ അവ അവഗണിച്ചുകൊണ്ട് നേതൃത്വം അത്തരക്കാരെ സംഘടനാ ഘടകങ്ങളില്‍നിന്ന് പുറത്താക്കുന്ന തീരുമാനങ്ങളാണ് എടുത്തത്. ഇത്തരം ഏകാധിപത്യ പ്രവണതകള്‍ സംഘടനയുടെ കെട്ടുറപ്പിനെയും ചടുലമായ പ്രവര്‍ത്തനങ്ങളെയും ബാധിക്കും എന്ന നിലക്ക് അവയൊക്കെ സംഘടനയെ സ്നേഹിക്കുന്ന യഥാര്‍ഥ ലീഗണികള്‍ക്കിടയില്‍ തെര്യപ്പെടുത്തുക എന്നത് ബാധ്യതയായി മനസ്സിലാക്കുന്നതിനാലാണ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ വിളിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ നാസര്‍ തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.