Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചതിയില്‍ മയക്കുമരുന്ന്...

ചതിയില്‍ മയക്കുമരുന്ന് കടത്ത് : വ്യാപക ബോധവത്കരണത്തിന് ജനകീയസമിതി

text_fields
bookmark_border
ചതിയില്‍ മയക്കുമരുന്ന് കടത്ത് : വ്യാപക ബോധവത്കരണത്തിന് ജനകീയസമിതി
cancel

കുവൈത്ത് സിറ്റി: ചതിയില്‍പെട്ട് പാര്‍സല്‍വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തി മലയാളികള്‍ പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് വ്യാപക ബോധവത്കരണം നടത്താന്‍ ജനകീയസമിതി തീരുമാനം. 
ഇത്തരത്തില്‍ പിടിയിലായി അഞ്ചുവര്‍ഷം തടവും 5000 ദീനാര്‍ പിഴയും ശിക്ഷ ലഭിച്ച കാസര്‍കോട് കാഞ്ഞങ്ങാട് മീനാപ്പീസില്‍ ചേലക്കാടത്ത് റാഷിദിന്‍െറ മോചനത്തിനായുള്ള ശ്രമം നടത്തുന്നതിനുവേണ്ടി രൂപവത്കരിച്ച ജനകീയസമിതിയാണ് സമാനസംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലും നാട്ടിലും ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്. 2014 ജൂണ്‍ 25നാണ് അവധി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന റാഷിദിന്‍െറ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്നടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന് റാഷിദ് കുറ്റക്കാരനാണെന്ന് വിലയിരുത്തിയ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞദിവസം അപ്പീല്‍ കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. താന്‍ നിരപരാധിയാണെന്നും സുഹൃത്ത് കുടുക്കിയതാണെന്നും റാഷിദ് പറഞ്ഞിരുന്നു. 
ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് കുവൈത്തിലെ സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് മോചനത്തിനുള്ള ശ്രമം നടത്തുന്നതിനായി ജനകീയസമിതി രൂപവത്കരിച്ചത്. ഈ സമിതി ഏര്‍പ്പാടാക്കിയ അഭിഭാഷകനാണ് റാഷിദിനായി കേസ് വാദിച്ചിരുന്നത്. എന്നാല്‍, അപ്പീല്‍ കോടതിയും വിധി ശരിവെച്ചതോടെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജനകീയസമിതി. ഇതിനായി കുറച്ചുകൂടി പ്രമുഖനായ മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ ശ്രമിക്കാന്‍ ജനകീയസമിതി യോഗം തീരുമാനിച്ചു. റാഷിദിനെ ജാമ്യത്തിലിറക്കാനും അഭിഭാഷകന് ഫീസ് നല്‍കാനുമായി 2500 ദീനാര്‍ സമിതിക്ക് ചെലവായിരുന്നു. സുപ്രീംകോടതിയില്‍ പുതിയ അഭിഭാഷകനെ വെച്ച് കേസ് നടത്താനും ഇതിലുംവലിയ തുക ചെലവാക്കേണ്ടിയും വരും. 
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ജനകീയസമിതി പ്രതിനിധികള്‍ പറഞ്ഞു. റാഷിദിന്‍െറ കേസുമായി ബന്ധപ്പെട്ടാണ് ജനകീയസമിതി രൂപവത്കരിച്ചതെങ്കിലും അതിനുശേഷം വീണ്ടും സമാന സംഭവങ്ങളുണ്ടായതായി അറിഞ്ഞു. മാധ്യമങ്ങളും ഇന്ത്യന്‍ എംബസിയും ഇതുസംബന്ധിച്ച ബോധവത്കരണത്തിനായി ശ്രമിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് കുവൈത്തിലും നാട്ടിലും വ്യാപകമായ ബോധവത്കരണം ആവശ്യമുണ്ടെന്ന് മനസ്സിലാവുന്നു. അതിനാണ് ജനകീയസമിതിയുടെ ശ്രമം. ഇതിനുവേണ്ട പരിപാടികളെ ആലോചിക്കുന്നതിനുവേണ്ടി എല്ലാ സംഘടനാപ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിക്കാനുദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബ്ബാസിയ എമ്പയര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അപ്സര മഹ്മൂദ്, സത്താര്‍ കുന്നില്‍, അന്‍വര്‍ സഈദ്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ശറഫുദ്ദീന്‍ കണ്ണേത്ത്, അസീസ് തിക്കോടി, ശരീഫ് താമരശ്ശേരി, ഇബ്രാഹീം കുന്നില്‍, റഫീഖ് ഉദുമ, മുഹമ്മദ് റിയാസ്, ഖാദര്‍, ഹമീദ് മധൂര്‍, ഹാഷിം, സി.എച്ച്. മുഹമ്മദ് കുഞ്ഞി, എം.ടി. മുഹമ്മദ്, സിദ്ദീഖ് മദനി, ടി.പി. അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത സംഘടനാപ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
Next Story