10 മാസത്തിനിടെ കുവൈത്തില്‍നിന്ന് 22,000 വിദേശികളെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ 10 മാസത്തിനിടെ രാജ്യത്തുനിന്ന് നിയമലംഘനം നടത്തിയ 22,000 വിദേശികളെ നാടുകടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
വിവിധ കേസുകളില്‍ പ്രതികളായവര്‍, ഇഖാമ കാലാവധി തീര്‍ന്നവര്‍, സ്പോണ്‍സര്‍ മാറി ജോലി ചെയ്തവര്‍, സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവര്‍, മദ്യം, മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍, വഴിവാണിഭം, അനാശാസ്യം തുടങ്ങിയവയില്‍ പിടിയിലായവര്‍, അനധികൃത ഇന്‍റര്‍നെറ്റ് നടത്തിപ്പുകാര്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍ തുടങ്ങിയവരെല്ലാം നാടുകടത്തപ്പെട്ടവരില്‍പ്പെടും. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെ കാലയളവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തിയവരുടെ കണക്കാണിത്. ഇഖാമലംഘനമുള്‍പ്പെടെ നിയമ ലംഘനങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലുംപെട്ട് ജയിലില്‍ കഴിഞ്ഞ 10 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെയാണ് അവരവരുടെ നാടുകളിലേക്ക് കയറ്റിവിട്ടത്. വര്‍ഷത്തിന്‍െറ തുടക്കം ഒക്ടോബര്‍ വരെ നടന്ന റെയ്ഡുകളില്‍ കസ്റ്റഡിയിലായി ഡീപോര്‍ട്ടേഷന്‍ ജയിലില്‍ കഴിഞ്ഞുവന്നത് 29,000 പേരാണ്. ഇവരില്‍ 7000 വിദേശികള്‍ ഇപ്പോഴും നാടുകടത്തല്‍ കാത്ത് ജയിലില്‍ കഴിയുകയാണ്.
ഇഖാമ നിയമ ലംഘനത്തിന്‍െറ പേരില്‍ പിടിയിലായ നിരവധി പേര്‍ക്ക് ആഭ്യന്തര മന്ത്രാലയം പരമാവധി വിട്ടുവീഴ്ച നല്‍കിയ ശേഷമാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം നാടുകടത്തപ്പെട്ട രാജ്യങ്ങളിലെ പൗരന്മാരില്‍ കൂടുതല്‍ ബംഗ്ളാദേശുകാരാണ്. ഇത്യോപ്യ, ശ്രീലങ്ക, ഈജിപ്ത് എന്നിവയുടെ പിറകില്‍ അഞ്ചാമതാണ് നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരുടെ സ്ഥാനം. നാടുകടത്താന്‍ ഉത്തരവുള്ളവരെ താമസിപ്പിക്കുന്ന രാജ്യത്തെ ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ 800 പേരെ മാത്രം താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍, റെയ്ഡുകളിലും മറ്റും പിടിക്കപ്പെടുന്നവരെക്കൊണ്ട് പൊലീസ് സ്റ്റേഷനുകളിലെ സെല്ലുകളും മറ്റും നിറയുമ്പോള്‍ ഡീപോര്‍ട്ടേഷനിലേക്ക് വീണ്ടും മാറ്റുകയാണ് പതിവ്.
ഇങ്ങനെ മാറ്റപ്പെട്ട നാടുകടത്താന്‍ ഉത്തരവ് ഉള്ളവരെക്കൊണ്ട് ഡീപോര്‍ട്ടേഷന്‍ ജയില്‍ നിറഞ്ഞുകവിയുകയും പകര്‍ച്ചവ്യാധികള്‍ തടവുകാര്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്തപ്പോഴാണ് അധികൃതര്‍ നാടുകടത്തല്‍ നടപടിക്ക് വേഗംകൂട്ടിയത്. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായാലും നാടുകടത്തേണ്ടവരെ കയറ്റിവിടാനുള്ള
വിമാനങ്ങളുമായും ടിക്കറ്റുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിലും കാലതാമസം വരുന്നതുകൊണ്ടാണ് പലരുടെയും യാത്രക്ക് തടസ്സം നേരിടുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.