50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സന്ദര്‍ശകവിസ നിര്‍ത്തുന്നു
text_fieldsകുവൈത്ത് സിറ്റി: 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സന്ദര്‍ശകവിസ അനുവദിക്കുന്നത് നിര്‍ത്തലാക്കാന്‍ ആഭ്യന്തര മന്ത്രാലയം നീക്കം. ഇതുസംബന്ധിച്ച് പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, പ്രത്യേക ജോലി മേഖലകളില്‍ സന്ദര്‍ശകവിസയിലത്തെുന്നവര്‍ക്ക് നിയന്ത്രണം ബാധകമാവില്ല.
സന്ദര്‍ശകവിസയില്‍ രാജ്യത്തത്തെുന്ന വിദേശികള്‍ രാജ്യത്തെ സൗജന്യ വൈദ്യസേവനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിബന്ധന കൊണ്ടുവരുന്നതെന്നാണ് സൂചന. അറബ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇത്തരക്കാരില്‍ കൂടുതല്‍. സന്ദര്‍ശകവിസയുമായി ബന്ധപ്പെട്ട് അടുത്തിടെ നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാര്യക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശകവിസ പരമാവധി മൂന്നു മാസത്തേക്കും മറ്റു ബന്ധുക്കള്‍ക്ക് ഒരു മാസത്തേക്കും മാത്രമാണ് അനുവദിക്കുന്നത്. കാലാവധി നീട്ടിനല്‍കുന്നുമില്ല. നേരത്തേ എല്ലാ വിഭാഗങ്ങള്‍ക്കും മൂന്നു മാസം നല്‍കുകയും ആവശ്യമെങ്കില്‍ നീട്ടിനില്‍കുകയും ചെയ്തിരുന്നു. അതോടൊപ്പം, അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തില്‍ എത്തിയില്ളെങ്കില്‍ വിസ റദ്ദാവുകയും ചെയ്യും.
നേരത്തേ, ഇതിന് മൂന്നു മാസം വരെ സമയമുണ്ടായിരുന്നു. വിദേശികള്‍ ബന്ധുക്കളെ സ്ഥിരം കുടുംബ (ആശ്രിത) വിസയില്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലും സമീപകാലത്ത് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഭാര്യയെയും മക്കളെയും മാത്രമേ സ്ഥിരം കുടുംബ വിസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദം നല്‍കുന്നുള്ളൂ. നേരത്തേ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കളെ കൊണ്ടുവരാന്‍ അനുവദിച്ചിരുന്നു. കുറച്ചുകാലമായി ഭാര്യയും മക്കളുമല്ലാത്തവരെ സ്ഥിരം കുടുംബ വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് അനൗദ്യോഗികമായി നിലനില്‍ക്കുന്നുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കുടുംബ വിസ അനുവദിക്കാന്‍ അപേക്ഷ നല്‍കിയാലും ലഭിക്കാറില്ല. അപൂര്‍വം ചിലര്‍ക്ക് ശിപാര്‍ശയിലൂടെ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
എന്നാല്‍, അടുത്തിടെ നിയന്ത്രണം കര്‍ശനമാക്കിയതോടെ ഇത് പൂര്‍ണമായും നിലച്ചു. ആശ്രിത, സന്ദര്‍ശകവിസ നിരക്ക് വര്‍ധനയും പ്രവാസികള്‍ക്ക് ഇരുട്ടടിയായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന് ആഭ്യന്തരമന്ത്രി അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കുന്ന ശിപാര്‍ശയില്‍ ആശ്രിതവിസക്കും സന്ദര്‍ശകവിസക്കുമുള്ള നിരക്കുകളില്‍ വന്‍ വര്‍ധനയാണുള്ളത്. സന്ദര്‍ശകവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. ആശ്രിത വിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് വര്‍ധന. ഇവയെല്ലാം നടപ്പായാല്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ ഏതുവിസയില്‍ കൊണ്ടുവരാനും ഏറെ പ്രയാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.