റോഡപകടം : കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് 429 ജീവന്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 2015ല്‍ റോഡപകടങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങളുടെ എണ്ണത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനത്തിന്‍െറ കുറവുണ്ടായതായി വെളിപ്പെടുത്തല്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആകെയുണ്ടായ റോഡപകടങ്ങളുടെ എണ്ണം 1,10,892 ആണ്. ഇതില്‍ 429 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറവ് മരണ സംഖ്യയാണിത്. ട്രാഫിക് വിഭാഗം കൈക്കൊണ്ട ശക്തമായ നടപടികളും പദ്ധതികളുമാണ് രാജ്യത്തെ റോഡപകടങ്ങളും അതുവഴിയുള്ള മരണവും നേരിയ തോതിലെങ്കിലും കുറക്കാന്‍ ഇടയാക്കിയതെന്ന് മുഹന്ന അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനമോടിക്കുന്നവരില്‍നിന്ന് പിഴ ഇനത്തില്‍ 70,43,005 ദീനാര്‍ വസൂലാക്കിയിട്ടുണ്ട്.
അതിനിടെ, തിരക്കേറിയ സമയങ്ങളില്‍ രാജ്യത്തെ പ്രധാന റോഡുകളില്‍ 45 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കാതിരിക്കാന്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നതോടൊപ്പം തിരക്കേറിയ നേരങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.